Administrator
Administrator
മത മൈത്രിയുടെ സന്ദേശവുമായി ‘പി വത്സലയുടെ ഖിലാഫത്ത്’
Administrator
Friday 25th September 2009 4:00pm

നവീന്‍ ടി എം

khilaphathചരിത്ര സിനിമകള്‍, അതേത് ഭാഷയിലെടുത്താലും അതിന്റെ നിര്‍മ്മാതാവിന്റെ കൈ പൊള്ളുമെന്നുറപ്പാണ്. കാരണം, കടന്നു പോയ ഒരു കാലത്തെ ചിത്രത്തില്‍ യാതൊരു കുറവുമില്ലാതെ പുന:സൃഷ്ടിക്കേണ്ടി വരും എന്നതു തന്നെ. സെറ്റുകള്‍, നടീനടന്മാരുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ ഇങ്ങിനെ കാശു പോകാനുള്ള വഴികളേറെ. എന്നിട്ടും 30 കോടിയോളം മുടക്കി മലയാളത്തില്‍ പഴശ്ശിരാജയെത്തുന്നു, ഹിന്ദിയിലും ഇംഗ്ലീഷിലും മംഗള്‍ പാണ്‌ഡെയും ജോധാഅക്ബറും ക്വീന്‍ എലിസബത്തും ക്ലിയോപാട്രയുമെല്ലാം പുനര്‍ജനിക്കുന്നു. ചരിത്രകഥ പറയുന്ന ചിത്രം സംവിധായകന് ഒരു വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് അതേ ശ്രേണിയിലേക്ക് പുതിയൊരു ചിത്രമെത്തുന്നത്-‘പി വത്സലയുടെ ഖിലാഫത്ത്’.

മതേതരത്വത്തിന്റെ മുഖമുദ്രയുമായാണ് രണ്ടരക്കോടി ചിലവില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മറ്റ് ചരിത്ര സിനിമകളെപ്പോലെ സൂപ്പര്‍താരങ്ങള്‍ ഖിലാഫത്തിലില്ല. എന്നാല്‍ സ്റ്റണ്ടും പാട്ടുമെല്ലാമായി ഇതൊരു മുഴുനീള കൊമേഴ്‌സ്യല്‍ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ജഫ്രി ജലീല്‍ പറയുന്നു. മാപ്പിള ലഹളയുടെയും അതിലൂടെ ശക്തി പ്രാപിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും കഥയാണ് ‘പി വത്സലയുടെ ഖിലാഫത്ത്’. ‘നെല്ലി’നു ശേഷം പി വത്സലയുടെ കഥ ചലച്ചിത്രമാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ മതേതരത്വ സ്വഭാവം പേരിലും കാത്തു സൂക്ഷിക്കാനാണ് സംവിധായകന്‍ ‘ഖിലാഫത്തിനെ’ മാറ്റി ‘പി വത്സലയുടെ ഖിലാഫത്ത്’ആക്കിയത്. മാപ്പിള ലഹള എങ്ങിനെ സ്വാതന്ത്ര്യ സമരം എന്നതില്‍ നിന്നും മാറി സാമുദായികലഹളയായി തെറ്റിദ്ധരിക്കപ്പെട്ടു എന്നതാണ് ചിത്രത്തിന്റെ കഥ.

സ്വാതന്ത്ര്യസമരകകാലത്തെ മലബാറിലെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ കഥ ഇന്നത്തെ തലമുറയുടെ ഓര്‍മ്മകളിലൂടെയാണ് പറയുന്നത്. 1992ല്‍ബാബറി മസ്ജിദ് തകന്ന സമയത്ത് ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ഇരുവിഭാഗവും ഐക്യത്തോടെ കഴിഞ്ഞിരുന്ന മാപ്പിള ലഹളയുടെ കാലത്തെ ഓര്‍ത്തെടുക്കുന്ന ജനാര്‍ദ്ദനന്റെ കഥാപാത്രത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്.

മാപ്പിളലഹളയെ വര്‍ഗ്ഗീകരിച്ചത് ബ്രിട്ടീഷുകാരും അധിധാരമോഹികളായ ഒരു വിഭാഗം ജന്മിമാരുമാണെന്ന് ജഫ്രി ജലീല്‍ പറയുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് ചേര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടത്തിനും ജന്മിത്വത്തിനും എതിരെ നടത്തിയ പോരാട്ടമാണ്. ഖാന്‍ ബഹദൂര്‍ പട്ടം ലഭിക്കാന്‍ വേണ്ടി ചില മുസ്ലിങ്ങളും അധികാരക്കൊതി പിടിച്ച ചില ഹിന്ദു ജന്മികളുമാണ് മാപ്പിളലഹളയെ ബ്രിട്ടീഷുകാരുടെ നിര്‍ദ്ദേശ പ്രകാരം വര്‍ഗ്ഗീയവത്ക്കരിച്ചത്. എന്നാല്‍ ഗാന്ധിജിയുടെ ഇടപെടലിലൂടെ അന്ന് രൂപീകരിച്ച ഖിലാഫത്ത് പ്രസ്ഥാനത്തില്‍ നേതാക്കളില്‍ ഏറിയ പങ്കും ഹിന്ദുക്കളായിരുന്നു. അവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനും പ്രസംഗിക്കാനും അനുവാദമുണ്ടായിരുന്നു. കോണ്‍ഗ്രസിനു കീഴില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വളര്‍ച്ച കണ്ട് ഭയന്ന ഒരു കൂട്ടം ജന്മിമാരുടെ ഇടപെടലാണ് യഥാര്‍ഥത്തില്‍ പ്രശ്‌നങ്ങളുടെ മൂലകാരണമായത്.

ജഗതിശ്രീകുമാര്‍, സൈജുകുറുപ്പ്, മനോജ് കെ ജയന്‍, വിനുമോഹന്‍, സറീന വഹാബ്, കോഴിക്കോട് നാരായണന്‍ നായര്‍, മുക്ത, പ്രവീണ, ഭാമ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. ഹിന്ദുവൈദ്യനായ ജഗതിയുടെ മകനായ ഗംഗന്‍ വക്കീലായാണ് സൈജു കുറുപ്പ് എത്തുന്നത്. ഇയാളാണ് ഖിലാഫത്ത് പ്രസ്ഥാനം കെട്ടിപ്പടുക്കാനായി നാട്ടില്‍ അക്ഷീണം പ്രയത്‌നിച്ചത്. ഒപ്പം മനോജ് കെ ജയന്റെ കഥാപാത്രമായ ഹാജിയും. കറകളഞ്ഞ കോണ്‍ഗ്രസുകാരനും ഖിലാഫത്ത് അനുഭാവിയുമായാണ് മനോജ് ചിത്രത്തിലെത്തുന്നത്. മനോജിന്റെ ഭാര്യയായ തനി നാട്ടിന്‍ പുറത്തുകാരി ആമിനയായാണ് ഭാമ. തമ്പുരാട്ടിയായി മുക്തയായും മുസ്ലിം സമുദായത്തിലെ അജ്ഞതക്കെതിരെ ശബ്ദമുയര്‍ത്തുന്ന ചെറുപ്പക്കാരനായി ഖാദര്‍ എന്ന കഥാപാത്രത്തിലൂടെ വിനുമോഹനും ചിത്രത്തിലുണ്ട്. കലണ്ടറിനു ശേഷം സറീന വഹാബ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

ഏറനാടന്‍ സംസ്‌ക്കാരത്തിന്റെ തനിമയോടെയുള്ള അറബി സാഹിത്യത്തില്‍ നിന്നെടുത്ത വി എം കുട്ടി സംഗീതം പകര്‍ന്ന രണ്ട് മാപ്പിളപ്പാട്ടുകളായിരിക്കും ചിത്രത്തിന്റെ പ്രത്യേകത. ജ്യോതിഷ്‌കുമാര്‍ സംഗീതം നല്‍കിയ ഒരു ഹിന്ദിഗാനവും ബ്രിട്ടീഷ് രാജ്ഞിയെ പ്രകീര്‍ത്തിച്ച് റുഡോള്‍ഫ് രചിച്ച ഒരു ഇംഗ്ലീഷ് ഗാനവും ചിത്രത്തിലുണ്ട്. യുനുസ് സംഗീതം നല്‍കിയ മുരുകന്‍ കാട്ടാക്കടയുടെ ഒരു കവിതയും ചിത്രത്തിലുണ്ട്. മലബാറിലെ പ്രധാന ഭാഗങ്ങളിലും മുംബൈയിലുമായി ഒന്നരമാസത്തെ സമയമെടുത്തായിരുന്നു ചിത്രം തയ്യാറാക്കിയത്. ചിത്രീകരണാനന്തര പ്രവര്‍ത്തനങ്ങള്‍ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടന്നു വരികയാണ്. പി ആര്‍ ഹിലരി നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ബിജോയ്‌സാണ്. എഡിറ്റിംഗ് പി സി മോഹന്‍, സംഘട്ടനം-മാഫിയശശി. ഡിസംബറോടെ ചിത്രം തിയ്യേറ്ററുകളിലെത്തും.


Advertisement