'മോഡി സ്വേച്ഛാധിപതിയെ പോലെ പെരുമാറി'
DSport
'മോഡി സ്വേച്ഛാധിപതിയെ പോലെ പെരുമാറി'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th April 2010, 11:43 am

മുംബൈ: ഭരണസമിതിയെ ലളിത് മോഡി വിശ്വാസത്തിലെടുക്കുന്നില്ലെന്നും സമിതിയുടെ അംഗീകാരമില്ലാതെയാണ് പല സുപ്രധാന കരാറുകളിലും മോഡി ഒപ്പുവച്ചതെന്നും കാണിച്ച് ഐപിഎല്‍ മാധ്യമ വിഭാഗം തലവന്‍ രാജീവ് ശുക്ല ജനുവരിയില്‍ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിന് അയച്ച കത്ത് പുറത്തായി.മോഡിയുടെ നീക്കങ്ങള്‍ സ്വേച്ഛാപരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ലളിത് മോഡിയോട് ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ഐസിസിവൈസ് പ്രസിഡന്റും ക്രിക്കറ്റ് ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനവുമുള്ള കേന്ദ്രമന്ത്രി ശരദ് പവാര്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ശരത് പവാര്‍ ഉള്‍പ്പെടെയുള്ള എന്‍സിപി നേതാക്കള്‍ക്ക് ഐപിഎല്‍ വിവാദങ്ങളുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പവാര്‍ മോഡിയുടെ രാജി ആവശ്യപ്പെട്ടത് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു.മാധ്യമങ്ങള്‍ മോഡി നടത്തിയ ക്രമക്കേടുകള്‍ ദിനം പ്രതിയെന്നോണം ആഘോഷിക്കുന്ന സാഹചര്യത്തില്‍ ഇനിയും സംരക്ഷിയ്ക്കാനാവില്ലെന്നാണത്രേ പവാറിന്റെ നിലപാട്.

26 ന് ചേരാനിരിക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗം നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരുന്ന മോഡി കഴിഞ്ഞ ദിവസം തീരുമാനം മാറ്റുകയായിരുന്നു.എന്നാല്‍ 26 ലെ യോഗം നീട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തന്റെ ഭാഗം വിശദീകരിക്കാന്‍ മോഡി ബിസിസിഐയോട് അഞ്ചു ദിവസം സമയം ചോദിച്ചിരുന്നു. ഐപിഎല്‍ ഫൈനലിന് പിറ്റേന്നുള്ള യോഗത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടി തയ്യാറാക്കാന്‍ സമയം ലഭിക്കില്ലെന്നാണ് മോഡിയുടെ നിലപാട്. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിനെ ഐപിഎല്ലിന്റെ താല്‍ക്കാലിക ചെയര്‍മാനാക്കുമെന്നും ഐപിഎല്‍ ചെയര്‍മാനാകുന്നതിനു മുമ്പ് ബിസിസിഐ വൈസ് പ്രസിഡന്റായിരുന്ന മോഡിക്ക് അതേസ്ഥാനം തന്നെ നല്കിയേക്കുമെന്നും സൂചനകളുണ്ട്.