മെസി കളിക്കുന്നത് വെറും പ്രതിമകള്‍ക്കൊപ്പം! മറ്റേതെങ്കിലും ടീമിലെങ്കില്‍ സിംഹത്തെ തന്നെ കാണാനാവുമായിരുന്നു; മയാമിയുടെ തോല്‍വിയില്‍ സ്ലാട്ടന്‍
Sports News
മെസി കളിക്കുന്നത് വെറും പ്രതിമകള്‍ക്കൊപ്പം! മറ്റേതെങ്കിലും ടീമിലെങ്കില്‍ സിംഹത്തെ തന്നെ കാണാനാവുമായിരുന്നു; മയാമിയുടെ തോല്‍വിയില്‍ സ്ലാട്ടന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th June 2025, 2:23 pm

ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി പുറത്തായിരിക്കുകയാണ്. ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയോടായിരുന്നു ടീമിന്റെ പരാജയം. മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാര്‍ മയാമിയെ തകര്‍ത്തുവിട്ടത്.

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ജാവോ നെവസിന്റെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ അഷ്‌റഫ് ഹാക്കിമിയും പി.എസ്.ജിക്കായി ഗോള്‍ കണ്ടെത്തി. തോമസ് അവിലസിന്റെ സെല്‍ഫ് ഗോളും പി.എസ്.ജിക്ക് തുണയായി.

ഇപ്പോള്‍ ഇന്റര്‍ മയാമിയുടെ തോല്‍വിയില്‍ പ്രതികരിക്കുകയാണ് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹമോവിച്ച്. ടീമിന്റെ ഭാഗത്ത് നിന്നും മെസിക്ക് ഒരു തരത്തിലുമുള്ള പിന്തുണയും ലഭിച്ചില്ലെന്നും പരാജയപ്പെട്ടത് മെസിയല്ല, ഇന്റര്‍ മയാമി ആണെന്നും ഇബ്രാഹമോവിച്ച് പറഞ്ഞു.

മെസി സഹതാരങ്ങള്‍ക്കൊപ്പമല്ല വെറും പ്രതിമകള്‍ക്കൊപ്പമാണ് കളിക്കുന്നതെന്നും ഇബ്രാഹമോവിച്ച് ആരോപിച്ചു.

‘മെസി ഒരിക്കലും പരാജയപ്പെട്ടിട്ടില്ല, പരാജയപ്പെട്ടത് ഇന്റര്‍ മയാമി മാത്രമാണ്. മെസി വെറും പ്രതിമകള്‍ക്കൊപ്പമാണ് കളിക്കുന്നത്, അല്ലാതെ സഹതാരങ്ങള്‍ക്കൊപ്പമല്ല. അവന്‍ ഒരു യഥാര്‍ത്ഥ ടീമിനൊപ്പമായിരുന്നെങ്കില്‍, പാരീസിലോ മാഞ്ചസ്റ്ററിലോ മറ്റേതെങ്കിലും മികച്ച ടീമിനൊപ്പമായിരുന്നെങ്കിലോ നിങ്ങള്‍ക്ക് യഥാര്‍ത്ഥ സിംഹത്തെ തന്നെ കാണാന്‍ സാധിക്കുമായിരുന്നു.

ഈ ഗെയ്മിനെ ഇഷ്ടപ്പെടുന്നു എന്നത് കൊണ്ട് മാത്രമാണ് മെസി കളിക്കുന്നത്. കാരണം 99 ശതമാനത്തോളം വരുന്ന താരങ്ങള്‍ക്ക് സാധിക്കാത്തതെന്തോ, അത് ഇപ്പോഴും ചെയ്തുകാട്ടാന്‍ മെസിക്ക് സാധിക്കും. എന്നാല്‍ സിമന്റ് ചാക്ക് ചുമക്കുന്നത് പോലെ ഓടുന്നവര്‍ക്കൊപ്പമാണ് അവന്‍ കളിക്കുന്നത്,’ സ്ലാട്ടന്‍ പറഞ്ഞു.

മെസിയെ വിമര്‍ശിക്കുന്നവരെയും സ്ലാട്ടന്‍ ചോദ്യം ചെയ്തു.

‘മികച്ച പരിശീലകരില്ല, താരങ്ങളില്ല, പന്ത് കൈവശമില്ലാത്തപ്പോള്‍ കളിക്കളത്തില്‍ എങ്ങനെ നീങ്ങണമെന്ന് അറിയുന്നവര്‍ പോലുമില്ല. നിങ്ങള്‍ക്ക് മെസിയെ കുറ്റപ്പെടുത്തണോ? അവന്‍ റൊണാള്‍ഡോ, എംബാപ്പെ, ഹാലണ്ട്, സ്ലാട്ടന്‍ എന്നിവര്‍ക്കൊപ്പം കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് മെസിയെ കുറ്റപ്പെടുത്താം. എന്നാല്‍ ഇന്ന് നിങ്ങള്‍ക്കതിന് സാധിക്കില്ല.

പക്ഷേ നിങ്ങള്‍ കരുതിയിരിക്കണം. അവന് ഒരു യഥാര്‍ത്ഥ ടീമിനെ ലഭിച്ചാല്‍, അവന്‍ ഒരിക്കല്‍ക്കൂടി സ്റ്റേഡിയം തന്നെ കത്തിക്കും. അതിനുള്ള കാരണമെന്തെന്നാല്‍ മെസി എല്ലായ്‌പ്പോഴും മെസി തന്നെയാണ്. എന്നാല്‍ ഇന്ന്? ഇത് മെസിയുടെ തോല്‍വിയല്ല, ഇന്റര്‍ മയാമിയുടെയും ഫുട്‌ബോളിന്റെയും തോല്‍വിയാണ്,’ അദ്ദേഹം പറഞ്ഞുനിര്‍ത്തി.

Content highlight: Zlatan Ibrahimović criticizes Inter Miami