ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ ഹിറ്റ്‌ലറുടെ സഹായം തേടി സയണിസ്റ്റ് മിലീഷ്യ; ഇസ്രഈല്‍ ആര്‍ക്കെവ്‌സില്‍ നിന്നുള്ള രേഖകള്‍ പുറത്ത് വിട്ട് ഹാരെറ്റ്‌സ് പത്രം
Trending
ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ ഹിറ്റ്‌ലറുടെ സഹായം തേടി സയണിസ്റ്റ് മിലീഷ്യ; ഇസ്രഈല്‍ ആര്‍ക്കെവ്‌സില്‍ നിന്നുള്ള രേഖകള്‍ പുറത്ത് വിട്ട് ഹാരെറ്റ്‌സ് പത്രം
നിഷാന. വി.വി
Friday, 17th April 2026, 9:31 am

ടെല്‍അവീവ്: സയണിസ്റ്റ് മിലീഷ്യകള്‍ നാസി ജര്‍മനിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇസ്രഈലി ആര്‍കൈവ് രേഖകള്‍.

ഇസ്രഈല്‍ രാഷ്ട്രം രൂപികരിക്കുന്നതിന് മുമ്പ് അവ്രഹാം സ്റ്റേണും അദ്ദേഹത്തിന്റെ സ്റ്റേണ്‍ ഗാങ്ങിലെ മറ്റ് അംഗങ്ങളും നാസി ജര്‍മനിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീനില്‍ അന്ന് ഭരണം നടത്തിയിരുന്നത് ബ്രീട്ടിഷുകാരായിരുന്നു. അത് അവസാനിപ്പിച്ച് ഇസ്രഈല്‍ രാഷ്ട്രം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയാണ് നാസികളുമായി സഹകരിക്കാന്‍ തയ്യാറായത്.

1930കളുടെ അവസാനത്തിലും 1940 കളുടെ തുടക്കത്തിലും ഫലസ്തീന്‍ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ സയണിസ്റ്റ് ഗ്രൂപ്പുകള്‍ വിവിധ മാര്‍ഗങ്ങള്‍ തേടിയിരുന്നു.

അവ്രഹാം സ്‌റ്റേണ്‍ നയിച്ചിരുന്ന ലെഹി ഗ്രൂപ്പ് അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി ഭരണകൂടവുമായി സൈനിക കരാറില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചു.

1951 ല്‍ എഴുതിയ രേഖയില്‍ സ്‌റ്റേണ്‍ അംഗമായ നഫ്താലി ലുബൈന്‍ചിക് ജര്‍മന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി പറയുന്നു.

നാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ ജര്‍മനിയെ സഹായിക്കാമെന്നും പകരമായി ഫലസ്തീനിലേക്ക് ജൂതന്മാരുടെ കുടിയേറ്റത്തിന് സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1941 മെയ് മാസത്തില്‍ മാന്‍ഡറ്ററി ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സയണിസ്റ്റ് അര്‍ധ സൈനിക വിഭാഗമായ ഹഗാനയുടെ പ്രമുഖ നേതാവിന്റെ പരാമര്‍ശങ്ങളും രേഖയിലുണ്ട്.

‘ശത്രുക്കളുമായി ബന്ധമുള്ള ജൂതന്മാരെക്കുറിച്ച് എനിക്ക് വിവരമുണ്ട്. ജര്‍മനിയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

നാസികള്‍ ജൂതന്മാരെ കൊന്നൊടുക്കയല്ല മറിച്ച് യൂറോപ്പില്‍ നിന്ന് പുറത്താക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിശ്വാസം അക്കാലത്ത് ചില സയണിസ്റ്റ് നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

നാസി അധീനതയിലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് 40,000 ജൂത യുവാക്കളെ സംഘടിപ്പിച്ച് ഒരു സൈന്യം രൂപീകരിക്കാന്‍ അബ്രഹാം സ്റ്റേണ്‍ പദ്ധതിയിട്ടു. ഈ സൈന്യത്തെ ഉപയോഗിച്ച് ബ്രിട്ടീഷുകാരില്‍ നിന്ന് ഫലസ്തീന്‍ പിടിച്ചെടുക്കാനായിരുന്നു ലക്ഷ്യം.

ഇതിനായി ജര്‍മ്മനിയുടെ ആയുധ സഹായവും പരിശീലനവും അദ്ദേഹം പ്രതീക്ഷിച്ചു.

നാസികള്‍ക്ക് ജൂതന്മാരോടുള്ള വിദ്വേഷം അവരെ യൂറോപ്പില്‍ നിന്ന് പുറത്താക്കാനാണെന്നും, അതിനാല്‍ ഫലസ്തീനില്‍ ഒരു രാഷ്ട്രം രൂപീകരിക്കുന്നതില്‍ ജര്‍മനിക്ക് എതിര്‍പ്പുണ്ടാകില്ലെന്നും ലെഹി നേതാവായ നഫ്താലി ലുബെന്‍ചിക് വിശ്വസിച്ചിരുന്നു.

വംശഹത്യയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടും, നാസികള്‍ തങ്ങളുടെ മിത്രങ്ങളാകാന്‍ സാധ്യതയുണ്ടെന്ന് 1943 വരെ ചില ലെഹി നേതാക്കള്‍ കരുതിയിരുന്നു.

ഈ വിവരങ്ങളെല്ലാം ‘ആക്‌സിസ് ശക്തികളുമായുള്ള ബന്ധം’ തലക്കെട്ടിലുള്ള ഫയലുകളിലാണ് ഇസ്രഈല്‍ സൂക്ഷിച്ചിരുന്നത്.

ബ്രിട്ടീഷുകാരെ പുറത്താക്കാന്‍ ഏത് ചെകുത്താനുമായും കൈകോര്‍ക്കാന്‍ തയ്യാറാണെന്നതായിരുന്നു ലെഹിയുടെ അന്നത്തെ നിലപാട്.

എന്നാല്‍ അവ്രഹാം സ്റ്റേണിന്റെ നാസികളുമായി ചേര്‍ന്നുള്ള ഇടപാടുകള്‍ യൂറോപ്പിലെ ജൂതന്മാരെ രക്ഷിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് മകന്‍ യെയര്‍ വാദിച്ചതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

തന്റെ പിതാാവിന്റെ മരണത്തിന് തൊട്ടുമുമ്പ് മാത്രാമാണ് യൂറോപ്പിലെ ജൂതന്മാരെ കൂട്ടകൊല ചെയ്തതായി ജര്‍മനി പ്രഖ്യാപിച്ചതെന്നും അതിനാല്‍ അദ്ദേഹത്തിന് ഇതില്‍ പങ്കില്ലെന്നും യെയര്‍ വാദിച്ചു.

1942 ല്‍ ബ്രിട്ടനായിരുന്നു സ്‌റ്റേണിനെ പിടികൂടി കൊലപ്പെടുത്തിയത്. നാസികളോട് സഹകരിക്കാന്‍ ശ്രമിച്ചുവെന്ന സ്‌റ്റേണ്‍ സംഘാംഗങ്ങളുടെ കുറ്റസമ്മതം യെയര്‍ തള്ളിക്കളഞ്ഞു.

Content Highlight: Zionist militia sought Hitler’s help to establish a Jewish state in Palestine; Israel Archives releases documents

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.