2026 ടി-20 ലോകകപ്പിന് യോഗ്യതയുറപ്പിച്ച് സിംബാബ്‌വേ. ലോകകപ്പിനുള്ള ആഫ്രിക്ക ക്വാളിഫയറിലെ രണ്ടാം സെമി ഫൈനല്‍ മത്സരം വിജയിച്ചതോടെയാണ് സിംബാബ്‌വേ ലോകകപ്പിന് ടിക്കറ്റെടുത്തത്. ഹരാരെയല്‍ നടന്ന മത്സരത്തില്‍ കെനിയയെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ ബെര്‍ത്തും ലോകകപ്പ് യോഗ്യതയും ഷെവ്‌റോണ്‍സ് ഉറപ്പിച്ചത്.
Zimbabwe are off to next year’s Men’s #T20WorldCup ✈️
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കെനിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് നേടി. രാകേപ് പട്ടേലിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് കെനിയ തകര്‍ച്ചയില്‍ നിന്നും കരയറിയത്. 47 പന്ത് നേരിട്ട താരം 65 റണ്‍സടിച്ച് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ 30 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. 25 പന്തില്‍ 51 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റാണ് ടീമിന്റെ വിജയശില്‍പി. 27 പന്തില്‍ 39 റണ്‍സടിച്ച താഡിവനാഷെ മരുമാനിയുടെ ഇന്നിങ്‌സും ഷെവ്‌റോണ്‍സ് നിരയില്‍ കരുത്തായി.
നേരത്തെ നടന്ന ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ടാന്‍സാനിയയെ പരാജയപ്പെടുത്തി നമീബിയ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. തുടര്‍ച്ചയായ നാലാം ലോകകപ്പിനാണ് നമീബിയ ഒരുങ്ങുന്നത്.
Namibia punch their ticket to the 2026 Men’s #T20WorldCup 🎫
അതേസമയം, 17 ടീമുകളാണ് ഇതിനോടകം 2026 ലോകകപ്പിന് യോഗ്യത നേടിയത്. 2024 ലോകകപ്പിലെ പ്രകടനവും ഐ.സി.സി റാങ്കിങ്ങും വിവിധ ക്വാളിഫയേഴ്‌സ് വിജയിച്ചുമാണ് ഇവര്‍ ലോകകപ്പിനെത്തുന്നത്.
2026 ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍
ആതിഥേയര്‍ – 2 ടീം
ഇന്ത്യ, ശ്രീലങ്ക
2024 ടി-20 ലോകകപ്പില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ – 7 ടീം
അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, യു.എസ്.എ, വെസ്റ്റ് ഇന്‍ഡീസ്
ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ – 3 ടീം
അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍
അമേരിക്കാസ് ക്വാളിഫയര്‍ – 1 ടീം
കാനഡ
യൂറോപ്പ് ക്വാളിഫയര്‍ – 2 ടീം
ഇറ്റലി, നെതര്‍ലന്‍ഡ്സ്
ആഫ്രിക്ക ക്വാളിഫയര്‍ – 2 ടീം
നമീബിയ, സിംബാബ്‌വേ
ഏഷ്യ – ഈസ്റ്റ് ഏഷ്യ പസഫിക് ക്വാളിഫയര്‍ – 3 ടീം
TBD, TBD, TBD
ജപ്പാന്‍, കുവൈറ്റ്, മലേഷ്യ, ഒമാന്‍, പപ്പുവ ന്യൂ ഗിനി, ഖത്തര്‍, സമോവ, യു.എ.ഇ എന്നിവരാണ് ഏഷ്യാ-ഈസ്റ്റ് ഏഷ്യാ പസഫിക്കില്‍ നിന്നുള്ള ടീമുകള്‍.
Content Highlight: Zimbabwe qualified for 2026 T20 World Cup