ഇറാനില്‍ നിന്നുള്ള മിസൈലുകളെ പ്രതിരോധിക്കാന്‍ സഹായിക്കാം; പകരം ഡീസല്‍ വേണം; ഗള്‍ഫ് രാജ്യങ്ങളോട് സെലന്‍സ്‌കി
World
ഇറാനില്‍ നിന്നുള്ള മിസൈലുകളെ പ്രതിരോധിക്കാന്‍ സഹായിക്കാം; പകരം ഡീസല്‍ വേണം; ഗള്‍ഫ് രാജ്യങ്ങളോട് സെലന്‍സ്‌കി
നിഷാന. വി.വി
Saturday, 28th March 2026, 2:07 pm

കീവ്: ഇറാനില്‍ നിന്നുള്ള ഷാഹെദ് മിസൈലുകളെ പ്രതിരോധിക്കാന്‍ സഹായിക്കാമെന്നും പകരം മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ഡീസല്‍ വിതരണത്തില്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി.

മിഡില്‍ ഈസ്റ്റിലെ പല രാജ്യങ്ങളിലും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളുണ്ടെങ്കിലും ഇറാനിയന്‍ ഡ്രോണുകള്‍ ഇപ്പോഴും വലിയ ഭീഷണിയാണെന്ന് സെലന്‍സ്‌കി ചൂണ്ടിക്കാട്ടി.

ഇത് പരിഹിരിക്കുന്നതിനായി ഡ്രോണുകളെ തകര്‍ക്കാന്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് ഉക്രൈന്‍ വൈദഗ്ധ്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉക്രൈന്‍ ആസ്ഥാനമായ ഐ.സി.ടി.വി ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശന വേളയില്‍ രണ്ട് പ്രധാന കൂടിക്കാഴ്ചകള്‍ നടത്തിയെന്നും അത് ഉക്രൈന് പോസിറ്റീവാണെന്നും സെലന്‍സ്‌കി പറഞ്ഞു.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി താന്‍ ചര്‍ച്ച നടത്തിയെന്നും ഇന്ധന വിതരണത്തെക്കുറിച്ചും പ്രതിരോധ സഹകരണത്തെക്കുറിച്ചും ഇരുവരും സംസാരിക്കുകയും സുപ്രാധാനമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

ഡ്രോണ്‍ പ്രതിരോധത്തിന് സഹായിക്കുന്നതിനായി ഉക്രൈന്‍ നിന്നുള്ള സൈനിക വിദഗ്ധരുടെ ഒരു സംഘം ഇതിനകം തന്നെ മിഡില്‍ ഈസ്റ്റില്‍ എത്തിയിട്ടുണ്ടെന്നും ഈ സംഘവുമായി ചര്‍ച്ച നടത്തിയതായും സെലന്‍സ്‌കി പ്രസ്താവിച്ചു.

ഇറാനിയന്‍ ഡ്രോണുകളെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഹായം അഭ്യര്‍ത്ഥിച്ചിരുന്നതായി സെലന്‍സ്‌കി നേരത്തെ പറഞ്ഞിരുന്നു.

സഹായം നല്‍കാന്‍ തയ്യാറാണെന്നും ഇതിന് പകരമായി പേട്രിയേറ്റ് മിസൈലുകള്‍ നല്‍കണമെന്നും വെടിനിര്‍ത്തലിനായി മധ്യേഷ്യന്‍ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.

ഏത് രാജ്യത്തിന്റെയും സഹായം സ്വീകരിക്കാന്‍ തയ്യാറാണെന്നായിരുന്നു വിഷയത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

Content Highlight: Zelensky tells Gulf countries to help defend against missiles from Iran; instead, they need diesel

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.