മലയാള സിനിമാനടിയും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് സീനത്ത്. തൊണ്ണൂറുകളിൽ മലയാള സിനിമകളിലെ ശ്രദ്ധേയമായ സഹനടിയായിരുന്നു അവർ. നാടകത്തിൽ നിന്നുമാണ് സീനത്ത് സിനിമയിലേക്ക് എത്തുന്നത്.
സിബി മലയിൽ സംവിധാനം ചെയ്ത ധനം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങൾ സീനത്തിന് ലഭിച്ചു. 2007ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് കലാകാരിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സീനത്ത് സ്വന്തമാക്കി. ഇപ്പോൾ സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെപ്പറ്റി സംസാരിക്കുകയാണ് സീനത്ത്.
കഴിവ് ഉണ്ടായിട്ടും എന്തുകൊണ്ട് അവസരങ്ങള്‍ കിട്ടുന്നില്ല എന്നുള്ള ഒരു ചോദ്യം എപ്പോഴും ഉണ്ടാകാറുണ്ടെന്നും ആരെയും വിളിക്കാൻ പോകാത്തതുകൊണ്ടാണെന്നും സീനത്ത് പറയുന്നു.
ഇപ്പോൾ സിനിമയിൽ റോളുകളും കുറവാണെന്നും കഥാപാത്രത്തിന് പറ്റിയ ആളുകളെ സെലക്ട് ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും സീനത്ത് പറഞ്ഞു. ഇപ്പോഴത്തെ സിനിമയില്‍ അമ്മ, അച്ഛന്‍, ചേച്ചി എന്ന കഥാപാത്രങ്ങളൊക്കെ വളരെ കുറവാണെന്നും നടി കൂട്ടിച്ചേർത്തു. കാൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.
‘നമുക്ക് കഴിവ് ഉണ്ടായിട്ടും എന്തുകൊണ്ട് അവസരങ്ങള്‍ കിട്ടുന്നില്ല എന്നുള്ള ഒരു ചോദ്യം എപ്പോഴും ഉണ്ടാകാറുണ്ട്. ഒരു നല്ല റോള്‍ വന്നുകഴിഞ്ഞാല്‍ പിന്നെ കുറെ കാലത്തേക്ക് ഒന്നും ഉണ്ടാകാറില്ല. അങ്ങനെ സംഭവിക്കാറുണ്ട്. അപ്പോള്‍ എന്താണെന്ന് അറിയില്ല. എനിക്ക് തോന്നുന്നു നമ്മള്‍ ചിലപ്പോള്‍ ആരെയും വിളിക്കാന്‍ പോകാത്തതുകൊണ്ടായിരിക്കും.
അങ്ങനെ വിളിക്കാന്‍ പോകാത്തതുകൊണ്ട് മറന്ന് പോകുമല്ലോ. ഈ സൗഹൃദങ്ങള്‍ നിലനിര്‍ത്തി പോകുമ്പോഴല്ലേ ഓര്‍മ ഉണ്ടാവുകയുള്ളു. അത് എന്റെ കുഴപ്പം തന്നെയായിരിക്കും. എനിക്ക് സിനിമ വരാത്തത് ചിലപ്പോള്‍ എന്റെ കുഴപ്പം കൊണ്ടായിരിക്കും. അല്ലാതെ ഇത് മറ്റൊരാളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇപ്പോള്‍ സിനിമയില്‍ അങ്ങനെയുള്ള റോളുകളും കുറവാണല്ലോ. ഇപ്പോള്‍ സിനിമയില്‍ ആര്‍ട്ടിസ്റ്റിനെ അല്ല നോക്കുന്നത്, ഒരു കഥാപാത്രം വന്നുകഴിഞ്ഞാല്‍ ആ കഥാപാത്രത്തിന് പറ്റിയ ആളുകളെ സെലക്ട് ചെയ്യുക എന്നതാണ് ഇപ്പോള്‍ ചെയ്യുന്നത്.
അതുകൊണ്ട് തന്നെ അങ്ങനെയുള്ള ആളുകളെ കണ്ടെത്തുന്നു എന്നുള്ളതാണ് കൂടുതലും. പക്ഷെ അവരൊന്നും അടുത്ത സിനിമയില്‍ കാണുന്നത് പോലുമില്ല. നിലനില്‍പ്പും കുറവാണ്. ഇപ്പോഴത്തെ സിനിമയില്‍ അമ്മ, അച്ഛന്‍, ചേച്ചി ഇതൊക്കെ വളരെ കുറവാണ്. കാരണം ഇന്നത്തെ സാഹചര്യം അങ്ങനെയാണ്,’ സീനത്ത് പറയുന്നു.
Content Highlight: Zeenath Talking about His Film Career