എന്തിന് മുഖം മറച്ച പുസ്തക കവര്‍; സൈനുല്‍ ആബിദ് സംസാരിക്കുന്നു
Interview
എന്തിന് മുഖം മറച്ച പുസ്തക കവര്‍; സൈനുല്‍ ആബിദ് സംസാരിക്കുന്നു
മനില സി. മോഹൻ
Thursday, 6th June 2019, 11:59 am

ആയിരത്തൊന്ന് മലബാര്‍ രാവുകളുടെ കവര്‍, മുസ്ലീം സ്ത്രീകളുടെ മുഖാവരണം സംബന്ധിച്ച സമകാലിക രാഷ്ട്രീയ ചര്‍ച്ചകളെ വിമര്‍ശനാത്മകമായി പ്രതിഫലിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് കവര്‍ ഇങ്ങനെ ഡിസൈന്‍ ചെയ്യാന്‍ ആലോചിച്ചത്?

ആയിരത്തൊന്ന് മലബാര്‍ രാവുകളുടെ കവര്‍ ഡിസൈന്‍ ചെയ്യുന്നതിന് കുറച്ച് ദിവസം മുമ്പ് ഞാനും താഹാ മാടായിയും കണ്ണൂര്‍ സിറ്റിയിലുള്ള ഇഫ്താര്‍ സായാഹ്നം സന്ദര്‍ശിക്കാന്‍ പോയിരുന്നു. ഒരു പക്ഷെ അങ്ങനെയൊന്ന് കേരളത്തിലെവിടെയും ഉണ്ടാവാന്‍ സാധ്യതയില്ല. പുലരുവോളം തുറന്ന് വച്ചിരിക്കുന്ന ഒരു തെരുവ്. സദാ പുകഞ്ഞുകൊണ്ടിരിക്കുന്ന വിവിധ തരം ഭക്ഷണ കേന്ദ്രങ്ങള്‍, അത്തര്‍ വില്‍പ്പനക്കാര്‍, ഊദിന്റെ മണം, ബൈത്ത് പാട്ടുകള്‍ ഒക്കെ ചേര്‍ന്ന് ഏതോ പുരാതന ബാഗ്ദാദ് രാത്രി തെരുവ് ഓര്‍മ്മിപ്പിച്ചു അവിടം. മുസ്‌ലിങ്ങള്‍, മുസ്‌ലിങ്ങളല്ലാത്തവര്‍, സ്ത്രീകള്‍, കുട്ടികള്‍ ഇവരെല്ലാം ഇടകലര്‍ന്ന് ജീവിക്കുന്നതിന്റെ സൗന്ദര്യം നന്നായി ആസ്വദിച്ചു.

യഥാര്‍ത്ഥത്തില്‍ ഇത്തരം ഇടകലരലിലൂടെയായിരുന്നു ഇവിടെ ഇസ്‌ലാം വളര്‍ന്നു വന്നത്. ആ തെരുവിന്റെ അങ്ങേത്തലയ്ക്കലാണ് അറയ്ക്കല്‍ കൊട്ടാരം. അറക്കല്‍ ബീവിമാര്‍ മതപരമായി തന്നെ ജീവിച്ചവരായിരുന്നു. അവരാരും നിഖാബ് ധരിച്ചവരായിരുന്നില്ല. കണ്ടെടുത്തോളവും അറിഞ്ഞേടത്തോളവും അന്നത്തെക്കാലത്തെ മുസ്‌ലിം വനിതകള്‍ ആരും നിഖാബ് ധരിച്ചവരല്ലായിരുന്നു. തട്ടമിട്ട എന്നാല്‍ മുഖാവരണം ഇടാത്ത അവര്‍ ആത്മീയ/ മതകീയ ജീവിത മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു തന്നെ ജീവിച്ചു.

ജനാധിപത്യവും ആധുനികതയും നമുക്ക് തന്ന കുറെ സ്വച്ഛതകളുണ്ട്. മതവും തന്നിട്ടുണ്ട്. മതം പക്ഷെ അതില്‍ ചില യാഥാസ്തിതികള്‍ മാത്രം പറിച്ചെടുത്ത് അത് ചില ചിഹ്നങ്ങളിലേക്ക് ചുരുക്കി. നിഖാബ് അത്തരം ഒരു ചിഹ്നമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ശരീരത്തെക്കുറിച്ചുള്ള ഭയങ്ങളില്‍ നിന്നുമാണ് ഇത്തരം വസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. ഒരു മൂടുപടത്തിന്റെ ബലത്തിലാണോ സ്ത്രീകള്‍ നിര്‍ഭയരായിരിക്കേണ്ടത്?

എനിക്ക് തോന്നുന്നത്, ഇവിടെ ആധുനികതയുടെ എല്ലാ ഉണര്‍വുകളിലൂടെയും കേരളത്തിലെ മുസ്‌ലിം സമൂഹം സഞ്ചരിച്ചിട്ടുണ്ട്. മുസ്‌ലീം സ്ത്രീകളുമങ്ങനെത്തന്നെ. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലൊക്കെ അവര്‍ മുന്നോട്ട് പോയി. പക്ഷെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നവ പൗരോഹിത്യത്തിന്റെ പിന്നോട്ടേക്കുള്ള പിടിച്ചുവലി കാണാതിരുന്നു കൂടാ.

ആധുനികതയുടെ സൗകര്യങ്ങള്‍ ഇസ്‌ലാമില്‍ പുരുഷനാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഈയിടെ നടന്ന നിഖാബിനായുള്ള മുറവിളികള്‍ മുഴുവനും ഒരു കാലത്ത് നിഷിദ്ധമായിരുന്ന സോഷ്യല്‍ മീഡിയയില്‍ കൂടിയായിരുന്നു എന്നത് ഐറണിയാണ്. സോഷ്യല്‍ മീഡിയയില്‍ കൂടി എല്ലാ ഉദ്‌ബോധനങ്ങളും മതപ്രഭാഷണങ്ങളും മതാവിഷ്‌ക്കാരങ്ങളും ആധുനികമായ വേഷങ്ങളില്‍ കൂടി ‘അവന്‍’ നടത്തുമ്പോള്‍ അന്യനാട്ടില്‍ നിന്നും ഈയിടെ മാത്രം ഇറക്കുമതി ചെയ്യപ്പെട്ട മതാത്മകമായ കറുപ്പിനാല്‍ ‘അവള്‍’ മറച്ചു വെക്കപ്പെടുന്നു. ഒരേ സമയം ഏക സിവില്‍ കോഡിനെ എതിര്‍ക്കുകയും പര്‍ദ്ദയെന്ന ഏക ഡ്രസ് കോഡിനെ തെരഞ്ഞെടുക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം ശ്രദ്ധിച്ചു നോക്കൂ.

നോവലില്‍ താഹ നിഖാബിനെ രസകരമായി പുനരാഖ്യാനം ചെയ്യുന്നുണ്ട്. പൗരോഹിത്യത്തിന്റെ ബലിമൃഗങ്ങളാണ് ഓരോ നിഖാബിട്ട വനിതയും. അല്ലെങ്കില്‍ മുസ്‌ലിം സ്ത്രീ ശരീരങ്ങളില്‍ പൗരോഹിത്യം അടിച്ചേല്‍പ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥകളാണ് നിഖാബ്.

ആനുകാലികങ്ങളുടെ കവറുകള്‍ കാലത്തിന്റെ, കാലിക രാഷ്ട്രീയത്തിന്റെ ചരിത്ര രേഖകള്‍ കൂടിയാണ് എന്ന് വ്യാഖ്യാനങ്ങളുണ്ട്. പക്ഷേ സാഹിത്യ കൃതികളുടെ കവറുകള്‍ ആ രീതിയില്‍ പൊതുവേ പരിഗണിക്കപ്പെടാറില്ല. എന്നാല്‍ ആബിദ് ഡിസൈന്‍ ചെയ്യുന്ന കവറുകള്‍ കൃത്യമായി രാഷ്ട്രീയം പറയാറുണ്ട്. വിശദമാക്കാമോ?

എല്ലാ കലകളിലും രാഷ്ട്രീയമുണ്ട്. രൂപകല്‍പ്പനയുടെ കലാകാരനാണ് ഡിസൈനര്‍. കാലത്തിന്റെ ഒരു രൂപം നമ്മുടെ സാഹിത്യങ്ങളില്‍ രൂപപ്പെടുന്നത് പോലെ അത് പുസ്തകമാകുമ്പോള്‍ അതിന്റെ കവറുകളിലും രൂപപ്പെടണമല്ലോ. അല്ലാത്തവയൊക്കെ കേവലം ഡെക്കറേഷനുകള്‍ മാത്രമാണ്. പിന്നെ പുസ്തകങ്ങളിലെ ആശയങ്ങളുടെ പ്രകോപനപരത അതിന്റെ പുറംചട്ടയിലും റിഫ്‌ലക്ട് ചെയ്യണം. ചില പുസ്തകങ്ങളുടെ കവര്‍ചിത്രങ്ങളുടെ ആശയങ്ങള്‍ direct B¡n flat ആക്കി മനപൂര്‍വ്വം ചെയ്യുന്നതാണ്. ഒറ്റ നോട്ടത്തില്‍ വിനിമയം ചെയ്യപ്പെടുന്ന ലെയറുകള്‍ മാത്രമേ അതിനുണ്ടാവാന്‍ പാടുള്ളൂ. Loud ആയി പറയേണ്ടത് വെറും പിറുപിറുക്കലായി പോകരുത്. കവിത മാത്രമല്ല ചിലപ്പോള്‍ മുദ്രാവാക്യങ്ങളും കല തന്നെയാണ്.

‘മീശ’യുടെ കവര്‍ ചിത്രം അത്തരത്തിലൊന്നാണ്. യഥാര്‍ത്ഥത്തില്‍ ‘മീശ’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നായിരുന്നു അതിന്റെ കവര്‍. ആ പുസ്തകം ആ സമയത്ത് സൃഷ്ടിച്ച അലയൊലികളുടെ ഒരു രാഷ്ട്രീയ പകര്‍ത്തെഴുത്ത് മാത്രമായിരുന്നു അതിന്റെ ഡിസൈന്‍. ആ ഒരു നിലവിളിയില്‍ കൂടിയും പുസ്തക റാക്കുകളില്‍ നിന്ന് അത് വായനക്കാരന്റെ കൈകളിലേക്ക് എത്തിപ്പെടണം. നന്നായി ശ്രദ്ധിക്കപ്പെട്ട ഒരുസൃഷ്ടിയായിരുന്നു ‘മീശ’യുടെ കവര്‍. പുസ്തകം പോപ്പുലര്‍ ആയതില്‍ ആ കവര്‍ ഡിസൈനും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ‘മീശ’യുടെ കവര്‍ പിന്നീട് മാറ്റി. പുതിയത് പൂര്‍ണ്ണമായും പുസ്തകത്തിന്റെ റെപ്രസന്റേഷനാണ്.

അത് പോലെ ജോസഫ് മാഷിന്റെ കൈവെട്ടിയതിന്റെ പശ്ചാത്തലത്തില്‍ കാരശ്ശേരി മാഷ് എഴുതിയ ‘ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുമ്പോള്‍’, ടി.പി വധം പശ്ചാത്തലമായി വരുന്ന മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ’51വെട്ടിന്റെ രാഷ്ട്രീയം’ തുടങ്ങിയവയൊക്കെ അത്തരത്തില്‍ പെടുത്താവുന്ന ചില ‘പ്രകോപന പ്രയോഗങ്ങളാണ്’.

നോവലിന്റെ രചയിതാവ് താഹ മാടായിയും കവര്‍ ഡിസൈന്‍ ചെയ്ത സൈനുല്‍ ആബിദും മുസ്‌ലീമാണ്. മത/ പൗരോഹിത്യ വിമര്‍ശനം എന്നതിനേക്കാള്‍ സ്വന്തം ജീവിത പരിസരങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കൂടി ഈ ആവിഷ്‌കാരത്തിന് പിന്നിലുണ്ടാവും. മുസ്‌ലീം ജീവിതാനുഭവങ്ങള്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ എന്താണ് എന്ന് പറയാമോ?

ഞാനും താഹാ മാടായിയും ഒരേ നാട്ടുകാര്‍, അതായത് കണ്ണൂരുകാരാണ്. കലാകാരന്മാരാണ്. ഒരു പക്ഷെ ഇതൊന്നുമല്ലാത്ത ഒന്ന്, ‘മലയാളി മുസ്‌ലിങ്ങള്‍ ‘ എന്ന ഒരു പ്രതിനിധാനമായിരിക്കണം ഞങ്ങളില്‍ ഇരുവരിലും ഒരു പോലെ പങ്കുവയ്ക്കപ്പെടാവുന്ന സാദൃശ്യത.

‘മലയാളി മുസ്ലിം ‘ എന്ന് ഊന്നിപ്പറഞ്ഞത് ബാഗ്ദാദിലെ മുസ്ലിമും കാബൂളിലെ മുസ്ലിമും മക്കയിലെ മുസ്ലിമും ഇസ്താംബൂളിലെ മുസ്ലിമും ഒന്നിനൊന്ന് വിഭിന്നമാണ്. അതേസമയം എല്ലാ മുസ്‌ലിങ്ങളും പൊതുവായി പങ്കുവെക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒന്നു പോലെയുമാണ്. അതിന്റെ ഉപാഖ്യാനങ്ങള്‍ പലപ്പോഴും പ്രാദേശികമാണ്. ഉസ്താദുമാര്‍ അറബി സാരോപദേശ കഥകള്‍ പറയുമ്പോള്‍ അത് മലയാളത്തില്‍ വിഷ്വലൈസ് ചെയ്യാന്‍ പറ്റിയിരുന്നു. മലയാളികള്‍ക്ക് മാത്രമായുള്ള മുസ്ലിം പഴഞ്ചൊല്ലുകള്‍ ധാരാളമുണ്ടല്ലോ. നമ്പൂരി ഫലിതങ്ങള്‍ പോലെ മാപ്പിള ഫലിതങ്ങളുമുണ്ട്. ഇതിലെല്ലാം കേരളീയമായ ഒരു പ്രാദേശിക സ്വത്വം പങ്കുവയ്ക്കപ്പെടുന്നുണ്ട്. ആ വൈവിധ്യങ്ങളെയാണ് ഇന്ന് ഓരോന്നോരോന്നായി താലിബാന്‍ ബുദ്ധപ്രതിമകളെ തച്ചുടച്ചത് പോലെ ഇല്ലാതാക്കിക്കളയുന്നത്.

സത്യത്തില്‍ അനുഷ്ഠാനങ്ങളെക്കുറിച്ച് മതം കുറച്ചേ പറയുന്നുള്ളൂ. അതിലും വളരെ കൂടുതല്‍ ഇസ്‌ലാം സ്‌നേഹത്തെക്കുറിച്ച് പറയുന്നുണ്ട്. പക്ഷെ പൗരോഹിത്യം ഇന്ന് അനുഷ്ഠാനങ്ങളുടെ ആലയിലേക്ക് മതത്തെ മാറ്റികെട്ടിക്കഴിഞ്ഞു. ഇസ്‌ലാമിന്റെ ആദിമ കാലത്താണ് ആയിരത്തൊന്ന് രാവുകള്‍ ഉണ്ടായിട്ടുള്ളത്. ജലാലുദ്ദീന്‍ റൂമി ടാഗോറിനെ പോലും സ്വാധീനിച്ചിട്ടുണ്ട്. ഇന്ന് സര്‍ഗ്ഗാത്മകമായി ഇസ്‌ലാമില്‍ ഒന്നും സംഭവിക്കുന്നില്ല. സംഗീതം ഹറാമാക്കുന്നിടത്ത് മനുഷ്യന് താമസിക്കാന്‍ പറ്റാതെയാവുന്നു, കൂട്ടപ്പാലായനങ്ങളുണ്ടാകുന്നു. സര്‍ഗ്ഗാത്മകത കുറഞ്ഞ് വരുന്നിടത്തേ നിഖാബ് വരികയുള്ളൂ. നിഖാബെന്നാല്‍ കേള്‍ക്കരുത് കാണരു പറയരുത് എന്നതിന്റെ നാനാര്‍ഥമാണ്. എല്ലാ മൂല്യങ്ങളുടെയും നിരാകരണവുമാണത്.

താഹ മാടായിയുടെ നോവലിന്റെ പ്രമേയത്തിലേക്ക് വന്നാല്‍ കഥകളിലൂടെയും ഉപ കഥകളിലൂടെയും മലബാറിലെ മുസ്ലിം വംശ സ്മൃതികളിലേക്കു നോവല്‍ കടന്നു പോകുന്നുണ്ട്. പ്രണയവും മിസ്റ്റിക് ഇസ്ലാമും പ്രകൃതിയും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒപ്പം മുസ്ലിം സ്ത്രീകളില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ ധരിക്കുന്ന നിഖാബും പര്‍ദ്ദയും ഇതില്‍ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. പുതിയതും പ്രാചീനവുമായ ഇസ്ലാം കാഴ്ചപ്പാടുകള്‍ ഇതിലുണ്ട്. കാലം ഇസ്ലാമില്‍ എന്ത് തരം മാറ്റമാണ് വരുത്തിയത് എന്നാണ് കരുതുന്നത്? കേരളത്തിന്റെ, മലബാറിന്റെ പശ്ചാത്തലത്തില്‍?

കാലം മുസ്ലിങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കേരളത്തിലെങ്കിലും മുസ്ലിം സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്നു വന്നിട്ടുണ്ട്. ആദ്യമേ പറഞ്ഞത് പോലെ പൊതുവെ വിദ്യാഭ്യാസപരമായ ഉണര്‍വ്വ് എവിടെയും കാണാം. സ്ത്രീകള്‍ക്കുണ്ടായ ഈ ഉണര്‍വ്വ് പുരുഷന്മാരില്‍ അപകര്‍ഷത ഉണ്ടാക്കുന്നോ എന്നും സംശയമുണ്ട്. സ്ത്രീകളെ ഉപദേശിച്ചു മൂലക്കിരുത്തുക എന്ന സംഭവമുണ്ടല്ലോ. അത് നവ പൗരോഹിത്യം ചെയ്യുന്നുണ്ട്…

താഹയുടെ നോവലിനെക്കുറിച്ചു പറയുകയാണെങ്കില്‍, നോമ്പ് കാല രാത്രിയിലാണ് ‘ആയിരത്തൊന്ന് മലബാര്‍ രാത്രികള്‍’ വായിച്ചത്. നോമ്പ് ഇരുപത്തേഴാം രാവില്‍ ആണ് , ആയിരം രാത്രികളിലെ പുണ്യം ഒരുമിച്ചിറങ്ങുന്ന ‘ലൈലത്തുല്‍ ഖദ്‌റി’ന്റെ രാത്രിയായി മുസ്ലിംകള്‍ സാധ്യതകല്‍പ്പിക്കപ്പെടുന്ന അന്നാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. നോവലിന്റെ വായന രസകരമായ ഒരനുഭവമായിരുന്നു. ഫിക്ഷനുകളുടെ ഫിക്ഷന്‍ എന്നാണ് എന്‍.ശശിധരന്‍ പുസ്തകത്തെ ആമുഖത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍, മുസ്ലിം സ്ത്രീകള്‍ എന്ന് മാത്രം ഉദ്ദേശിച്ചിട്ടല്ല പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.

സമുദായത്തിനകത്ത് മാത്രമല്ല ഈ സമുദായത്തിനകത്തുള്ളയാള്‍ എന്ന നിലയ്ക്ക് പുറത്തെ രാഷ്ട്രീയ അന്തരീക്ഷങ്ങളൊക്കെ പേടിപ്പെടുത്തുന്നവ തന്നെയാണ്. അതൊക്കെ കലാകാരന്‍ എന്ന നിലയ്ക്ക് ബാധിക്കുന്നുമുണ്ട്. ലോകം കൂടുതല്‍ റിജിഡ് ആയി മാറുകയാണല്ലോ. വളരെ വിശാലമായ ആത്മീയ സ്‌പേസ് ഉള്ള ചിന്തകളുടെ പിന്‍തലമുറ എങ്ങനെയാണ്, എന്ന് മുതലാണ് ഇങ്ങനെ ചുരുങ്ങിയ മനുഷ്യരായി മാറിയത് ? പുരുഷന്മാരടങ്ങുന്ന സമൂഹം ഒന്നടങ്കം ഇക്കാലത്ത് പലതരം നിഖാബുകളിലേക്ക് ചുരുങ്ങുകയാണ്. കവര്‍ ഈ കാലത്തെക്കുറിച്ചുള്ള എന്റെ സ്വതന്ത്രമായ ഒരു ആശയമാണ്. അല്ലെങ്കില്‍ ഇങ്ങനെ പറയാം, കവര്‍ ഡിസൈനര്‍ എഴുതുന്ന ഫിക്ഷന്‍ ആണ്.

എഴുത്തുകാരെപ്പോലെ ഒരുപാടു പേജുകള്‍ ഡിസൈനര്‍ക്ക് കിട്ടുന്നില്ല. ചെറിയ സ്‌പേസില്‍ ,ചെറിയ സമയത്തിനുള്ളില്‍ രൂപകല്‍പന ചെയ്യേണ്ടതുണ്ട്. ഓരോ കവര്‍ ചെയ്യുമ്പോഴും സൂക്ഷ്മമായ ആലോചന നടക്കുന്നുണ്ട്. അത് എങ്ങനെയെങ്കിലും ആയിത്തീരുകയല്ല, ആലോചിച്ചു തന്നെ ആയിത്തീരുകയാണ്.

 

മനില സി. മോഹൻ
ഡൂള്‍ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍, മാതൃഭൂമി ആഴ്ചപതിപ്പ്, കൈരളി ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം