ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച എട്ട് ടീമുകള്‍ കിരീടത്തിനായി പോരാടുമ്പോള്‍ ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെയുള്ള രണ്ടാഴ്ചക്കാലം ആരാധകര്‍ക്ക് വിരുന്ന് തന്നെയായിരിക്കും.
2023 ഏകദിന ലോകകപ്പ് പോയിന്റ് ടേബിളില്‍ ആദ്യ എട്ടില്‍ സ്ഥാനം പിടിച്ച ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം.
ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയും ന്യൂസിലാന്‍ഡും സെമിയിലെത്തുമ്പോള്‍ ഗ്രൂപ്പ് ബി-യില്‍ നിന്നും ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയുമാണ് മുന്നോട്ട് കുതിക്കുക എന്നാണ് സഹീര്‍ ഖാന്‍ അഭിപ്രായപ്പെടുന്നത്.
‘ഇന്ത്യ സെമി ഫൈനല്‍ കളിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയയും സെമിയിലുണ്ടാകും. ഈ ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡ് എല്ലായ്‌പ്പോഴും മികച്ച പ്രകടനമാണ് പുറത്തെടുക്കാറുള്ളത്. ഞാന്‍ തെരഞ്ഞെടുക്കുന്ന നാലാമത് ടീം സൗത്ത് ആഫ്രിക്കയാണ്,’ മീഡിയ ഇന്ററാക്ഷനിടെ സഹീര്‍ ഖാന്‍ പറഞ്ഞു.
പാകിസ്ഥാന്റെ പ്രകടനങ്ങളെ കുറിച്ചും സഹീര്‍ ഖാന്‍ സംസാരിച്ചു. പാകിസ്ഥാന്‍ ഒട്ടും സ്ഥിരതയോടെയല്ല കളിക്കുന്നത് എന്നാണ് സഹീര്‍ അഭിപ്രാപ്പെട്ടത്.