| Wednesday, 18th March 2026, 10:57 pm

എന്റെ കരിയറില്‍ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവ്; സഞ്ജുവിന്റെ ലോകകപ്പ് പ്രകടനത്തെ കുറിച്ച് ചഹല്‍

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പിലെ സഞ്ജു സാംസണിന്റെ പ്രകടനങ്ങളെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചഹല്‍. തന്റെ കരിയറില്‍ ഇതുവരെ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവാണ് സഞ്ജുവിന്റേത് എന്ന് താരം പറഞ്ഞു.

മികച്ച പ്രകടങ്ങള്‍ നടത്തി ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങള്‍ സഞ്ജു ഏകപക്ഷീയമാക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു. എ.ബി. ഡി വില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചഹല്‍.

യുസ്വേന്ദ്ര ചഹല്‍. Photo: Akash/x.com

‘ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പര സഞ്ജുവിന് അത്ര മികച്ചതല്ലായിരുന്നു. അതിനാല്‍ അവന്‍ വളരെ സമ്മര്‍ദത്തിലായിരുന്നു. പിന്നീട് അവന്‍ നടത്തിയ തിരിച്ചുവരവ് എന്റെ ക്രിക്കറ്റ് കരിയറില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ചതായിരുന്നു.

അത് ഏഷ്യ കപ്പിലോ ദ്വിരാഷ്ട്ര പരമ്പരകളിലോ അല്ലിത്, ലോകകപ്പിലാണ്. ഇംഗ്ലണ്ടിനെതിരെ ഒഴികെ ബാക്കി അവസാന മൂന്ന് മത്സരങ്ങള്‍ അവന്‍ മികച്ച ബാറ്റിങ്ങുമായി ഏകപക്ഷീയമാക്കി മാറ്റി,’ ചഹല്‍ പറഞ്ഞു.

2026 ടി – 20 ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. അത് ടീമിലെ സ്ഥാനം നഷ്ടമാവുന്നതിലേക്കും നയിച്ചു. രണ്ടാം മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്ക് അസുഖം ബാധിച്ചപ്പോള്‍ താരത്തിന് അവസരം ലഭിച്ചെങ്കിലും 31കാരന്‍ മറ്റൊരു മത്സരത്തില്‍ കളിക്കില്ലെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാല്‍ അഭിഷേക് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതും ഓപ്പണിങ് കൂട്ടുകെട്ടില്‍ പ്രശനങ്ങള്‍ ഉടലെടുക്കുകയും ചെയ്തതോടെ താരത്തിന് വീണ്ടും അവസരം ലഭിച്ചു.

സഞ്ജു സാംസൺ. Photo: BCCI/x.com

പിന്നീടങ്ങോട്ട് കണ്ടത് സഞ്ജുവിന്റെ താണ്ഡവമായിരുന്നു. സൂപ്പര്‍ 8ല്‍ സിംബാബ്വെക്കെതിരെ ഇറങ്ങി താരം 15 പന്തില്‍ 24 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം നല്‍കി മടങ്ങി. പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സെടുത്ത് വിക്കറ്റ് കീപ്പര്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ചു. സെമി ഫൈനലിലും ഫൈനലിലും 89 റണ്‍സ് വീതമെടുത്ത് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

ലോകകപ്പില്‍ വെറും അഞ്ച് ഇന്നിങ്‌സില്‍ കളിച്ച് സഞ്ജു 321 റണ്‍സെടുത്തിരുന്നു. ഇന്ത്യയുടെ ടോപ് സ്‌കോററും ലോകകപ്പിലെ മൂന്നാമത്തെ റണ്‍ഗെറ്ററുമായി താരം മാറി. കൂടാതെ ലോകകപ്പ് താരമെന്ന പട്ടവും മലയാളി താരം സ്വന്തമാക്കി.

Content Highlight: Yuzvendra Chahal says that Sanju Samson’s performance in T20 World Cup 2026 is best ever comeback he has seen

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more