ഫൈനലില്‍ ചെന്നൈ ഞങ്ങളെ തോല്‍പിച്ചാലും എനിക്ക് ഇതേ സന്തോഷമുണ്ടായാനേ; തുറന്നടിച്ച് സഞ്ജുവിന്റെ വലംകൈ
IPL
ഫൈനലില്‍ ചെന്നൈ ഞങ്ങളെ തോല്‍പിച്ചാലും എനിക്ക് ഇതേ സന്തോഷമുണ്ടായാനേ; തുറന്നടിച്ച് സഞ്ജുവിന്റെ വലംകൈ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th June 2023, 8:25 am

ഐ.പി.എല്‍ 2023ന്റെ ഫൈനലില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇടനെഞ്ചില്‍ അഞ്ചാം നക്ഷത്രവും തുന്നിച്ചേര്‍ത്തിരുന്നു. ഇതോടെ ഐ.പി.എല്ലിലെ ഏറ്റവും സക്‌സസ്ഫുള്ളായ ക്യാപ്റ്റനായി മാറാനും എം.എസ്. ധോണിക്ക് സാധിച്ചിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കിരീടനേട്ടവും വിജയ റണ്‍ നേടിയ ജഡേജയെ എടുത്തുയര്‍ത്തിയുള്ള ധോണിയുടെ വിജയാഘോഷവും ക്രിക്കറ്റ് ലോകം ഇരുകയ്യും നീട്ടി ഏറ്റെടുത്തിരുന്നു. ധോണി ആരാധകരെ സംബന്ധിച്ച് അതൊരു വൈകാരിക നിമിഷവുമായിരുന്നു.

എന്നാല്‍ അത് തന്നെ സംബന്ധിച്ചും ഏറെ വൈകാരികമായിരുന്നുവെന്ന് പറയുകയാണ് രാജസ്ഥാന്‍ റോയല്‍സ് താരവും ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നറുമായ യൂസ്വേന്ദ്ര ചഹല്‍. ധോണിയുടെ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഫൈനലില്‍ തങ്ങളെ തോല്‍പിച്ചാണ് ചെന്നൈ കിരീടമുയര്‍ത്തിയിരുന്നതെങ്കിലും തനിക്ക് ഇതേ സന്തോഷമുണ്ടാകുമായിരുന്നുവെന്നും ചഹല്‍ പറഞ്ഞു.

 

ന്യൂസ് 18ന് നല്‍കിയ അഭമുഖത്തിലാണ് ചഹല്‍ ഇക്കാര്യം പറഞ്ഞത്.

‘അതൊരു വൈകാരിക മുഹൂര്‍ത്തമായിരുന്നു. എനിക്ക് മാത്രമല്ല, മൊത്തം ഇന്ത്യയും ധോണിയുടെ വിജയത്തിനായി കൊതിച്ചിരുന്നു. അത് കാണാന്‍ സാധിച്ചതില്‍ എനിക്കേറെ സന്തോഷമുണ്ട്.

അദ്ദേഹമൊരു ഇതിഹാസ താരമാണ്. ഫൈനലില്‍ ഞങ്ങളെ (രാജസ്ഥാന്‍ റോയല്‍സ്) തോല്‍പിച്ചാണ് അദ്ദേഹം കിരീടമുയര്‍ത്തുന്നതെങ്കിലും ഞാന്‍ അദ്ദേഹത്തെ ഓര്‍ത്ത് ഇതേ രീതിയില്‍ തന്നെ സന്തോഷിച്ചേനേ,’ ചഹല്‍ പറഞ്ഞു.

 

 

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലേക്ക് നയിച്ച രവീന്ദ്ര ജഡേജയെ കുറിച്ചും ചഹല്‍ അഭിമുഖത്തില്‍ സംസാരിച്ചു.

‘ജഡേജയാണ് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍. അദ്ദേഹം തിരിച്ചുവരവ് നടത്തിയ രീതി ഏറെ മികച്ചതാണ്. ജഡേജക്ക് പരിക്കേറ്റിരുന്നു, എന്നാല്‍ അദ്ദേഹം മടങ്ങി വന്നു. ജഡ്ഡുവാണ് ഏറ്റവും മികച്ച ഫീല്‍ഡര്‍. ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുകയും മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്യുന്നു. അദ്ദേഹമൊരു കംപ്ലീറ്റ് ഓള്‍ റൗണ്ടറാണ്,’ ചഹല്‍ കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് തവണ ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സുമേറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും വിജയം സഞ്ജുവിനും സംഘത്തിനുമൊപ്പമായിരുന്നു.

ഏപ്രില്‍ 12ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിന് രാജസ്ഥാന്‍ വിജയമാഘോഷിച്ചപ്പോള്‍, 15 ദിവസങ്ങള്‍ക്കപ്പറും രാജസ്ഥാന്റെ കളിത്തട്ടകമായ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിന്റെ കൂറ്റന്‍ ജയമായിരുന്നു സഞ്ജുവും സംഘവും സ്വന്തമാക്കിയത്.

 

Content highlight: Yuzvendra Chahal said he would be happy even if Chennai Super Kings beat Rajasthan in the final and win the title