ധോണിക്ക് ക്യാപ്റ്റന്‍സി വിട്ട് വേണമെങ്കില്‍ ഇംപാക്ട് പ്ലെയറാകാം; തുറന്നുപറഞ്ഞ് പത്താന്‍
IPL
ധോണിക്ക് ക്യാപ്റ്റന്‍സി വിട്ട് വേണമെങ്കില്‍ ഇംപാക്ട് പ്ലെയറാകാം; തുറന്നുപറഞ്ഞ് പത്താന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th May 2023, 8:53 pm

 

അടുത്ത അഞ്ച് വര്‍ഷം ഇംപാക്ട് പ്ലെയറിന്റെ റോളില്‍ എം.എസ്. ധോണിക്ക് ഐ.പി.എല്‍ കളിക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം യൂസുഫ് പത്താന്‍. ഈ സീസണോടെ ധോണി ഐ.പി.എല്ലില്‍ നിന്ന് വിരമിച്ചേക്കും എന്ന് അഭ്യൂഹങ്ങളുയരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് പത്താന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍ രണ്ടാം ക്വാളിഫയറിന് മുമ്പായുള്ള ചര്‍ച്ചയില്‍ ബെസ്റ്റ് ഇലവനെ കുറിച്ച് സംസാരിക്കവെയാണ് ഇംപാക്ട് പ്ലെയറായി ധോണിക്ക് ഇനിയും അഞ്ച് വര്‍ഷം കളിക്കാന്‍ സാധിക്കുമെന്ന് പത്താന്‍ അഭിപ്രായപ്പെട്ടത്.

ധോണി ഈ സീസണോടെ വിരമിച്ചേക്കുമെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായങ്ങളുയരവെയാണ് ധോണിയുടെ കരിയറിന് വിരാമമായിട്ടില്ലെന്ന് പത്താന്‍ ഉറപ്പിച്ചുപറയുന്നത്. ഐ.പി.എല്ലില്‍ ഈ സീസണ്‍ മുതല്‍ അവതരിപ്പിച്ച ഇംപാക്ട് പ്ലെയര്‍ നിയമം അദ്ദേഹത്തിന്റെ കരിയര്‍ നീട്ടാന്‍ അനുവദിക്കുമെന്നും ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയാലും അദ്ദേഹത്തിന് ഐ.പി.എല്‍ കളിക്കാന്‍ സാധിക്കുമെന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.

 

ധോണിയുടെ ബാറ്റിങ് കാണാന്‍ ആരാധകര്‍ക്ക് ഇനിയും അവസരമുണ്ടാകുമെന്നും അദ്ദേഹത്തിന്റെ മെന്റര്‍ഷിപ്പ് ഡ്രസ്സിങ് റൂമില്‍ സ്വാധീനം ചെലുത്തുമെന്നും പത്താന്‍ പറഞ്ഞു.

അതേസമയം, ഐ.പി.എല്‍ 2023ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ റെയ്‌നിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ചെന്നൈ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

ചെന്നൈയുടെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ചെന്നൈ ഹര്‍ദിക്കിനെയും സംഘത്തെയും തകര്‍ത്തുവിട്ടത്.

 

രണ്ടാം ക്വാളിഫയര്‍ മത്സരത്തിലെ വിജയികളെയാണ് ചെന്നൈക്ക് ഫൈനലില്‍ നേരിടാനുള്ളത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍സിലെ വിജയികളാണ് ഫൈനലില്‍ പ്രവേശിക്കുക.

 

Content Highlight: Yusuf Pathan says MS Dhoni can play IPL for 5 more year as Impact Player