യൂനുസ് അധികാരക്കൊതിയുള്ള രാജ്യദ്രോഹി; ഇടക്കാല സര്‍ക്കാരിനെതിരെ ഷെയ്ഖ് ഹസീന
World
യൂനുസ് അധികാരക്കൊതിയുള്ള രാജ്യദ്രോഹി; ഇടക്കാല സര്‍ക്കാരിനെതിരെ ഷെയ്ഖ് ഹസീന
നിഷാന. വി.വി
Saturday, 24th January 2026, 10:11 am

ധാക്ക: നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് മുഖ്യ ഉപദേഷ്ടാവായ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

യൂനുസ് അധികാരക്കൊതിയുള്ള രാജ്യദ്രോഹിയാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ ഈ സര്‍ക്കാരിന് കഴിയില്ലെന്നും ഹസീന പറഞ്ഞു.

യൂനുസ് നിയമവിരുദ്ധവും അക്രമാസക്തമാവുമായ ഭരണം നടത്തി രാജ്യത്തെ ഭീകരതയിലേക്കും നിയമരാഹിത്യത്തിലേക്കും തള്ളിവിടുകയാണെന്നും അവര്‍ ആരോപിച്ചു.

ദല്‍ഹിയിലെ ഫോറിന്‍ കറസ്‌പോണ്ടന്റെ്‌സ് ക്ലബില്‍ ‘സേവ് ഡെമോക്രസി ഇന്‍ ബംഗ്ലാദേശ്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഓഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു ഹസീന.

മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ടതിന് ശേഷമുള്ള ഹസീനയുടെ ആദ്യ പൊതുപ്രസംഗമാണിത്.

ബംഗ്ലാദേശ് ഇന്ന് അഗാധ ഗര്‍ത്തത്തിന്റെ വക്കിലാണെന്നും തകര്‍ന്ന് ചോരയൊലിക്കുന്ന രാഷ്ട്രമായി മാറിയെന്നും ജനാധിപത്യം നാടുകടത്തപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

‘യൂനുസ് വീഴ്ത്തിയ നിഴല്‍ ബംഗ്ലാദേശ് ജനതയില്‍ നിന്ന് മാറുന്നത് വരെ ബംഗ്ലാദേശിന് നീതിയുക്തമായ തെരഞ്ഞെടുപ്പ് അനുഭവിക്കാന്‍ കഴിയില്ല,’ ഹസീന പറഞ്ഞു.

പ്രസംഗത്തിലുടനീളം യൂനുസിനെ കൊലപാതകിയായ ഫാസിസ്റ്റ്, കൊള്ളക്കാരന്‍, അഴിമതിക്കാരന്‍ എന്നിങ്ങനെയാണ് ഹസീന വിശേഷിപ്പിച്ചത്.

യൂനുസ് രാജ്യത്തിന്റെ അടിത്തറ തകര്‍ത്തുവെന്ന് ആരോപിച്ച അവര്‍ ഇടക്കാല സര്‍ക്കാരിനെ തകര്‍ക്കാന്‍ ജനം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

തന്നെ ഗൂഢാലോചനയിലൂടെ പുറത്താക്കുകയായിരുന്നുവെന്ന് ഹസീന ആവര്‍ത്തിച്ചു.

ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സാഹചര്യത്തിലാണ് പരാമര്‍ശങ്ങള്‍. രാജ്യത്ത് ഫെബ്രുവരി 12 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15 വര്‍ഷത്തെ ഭരണത്തിന് ശേഷമായിരുന്നു ഷെയ്ഖ് ഹസീന സര്‍ക്കാറിന്റെ പതനം. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇടക്കാല സര്‍ക്കാര്‍ വിലക്കിയുരുന്നു.

2024 ഓഗസ്റ്റില്‍ നഹിദ് ഇസ്‌ലാമിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലൂടെ പുറത്താക്കിയത്. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രതിഷേധത്തിനിടെ 1,400 പേര്‍ വരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതോടെ 76കാരിയായ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.

ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്തിയ കേസില്‍ ഹസീനയ്ക്ക് ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. കൊലപാതകം, ഉന്മൂലനം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ തുടങ്ങി 5 കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് വിചാരണ നടന്നത്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ മൂന്നംഗ ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്.

‘ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍, മാരകായുധങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ ഉത്തരവിട്ടതിലൂടെ പ്രധാനമന്ത്രി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തു’ എന്നും ജസ്റ്റിസ് ഗോലം മോര്‍ട്ടുസ മൊസുംദര്‍ വിധിയില്‍ പറഞ്ഞു.

Content Highlight: Yunus is a power-hungry traitor; Sheikh Hasina calls for interim government

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.