ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വാര്‍ത്തകളില്‍ ഇടം നേടുന്നതില്‍ ഒന്നാണ് ചാരവൃത്തിയില്‍ ഏര്‍പ്പെടുന്ന യൂട്യൂബര്‍മാര്‍. വിനോദത്തിനായോ അറിവിനായോ മാത്രം നമ്മള്‍ കാണുന്ന യൂട്യൂബ് ചാനലുകളില്‍ ചിലത് രാജ്യത്തിന്റെ പരമാധികാരത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായും ഉപയോഗിക്കുന്നു എന്നറിയുന്നത് നടുക്കുന്നതാണ്.
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായവരില്‍ പ്രധാനിയായിരുന്നു ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര. 33 കാരിയായ ജ്യോതി കൊവിഡ് സമയത്താണ് ട്രാവല്‍ വിത്ത് ജോ എന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ട്രാവല്‍ വ്‌ലോഗുകളാണ് നാല് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്സുള്ള ചാനലിലെ വിഡീയോയില്‍ ഏറിയ പങ്കും.
പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മുഖേന പാക് ചാരസംഘടനയില്‍പ്പെട്ടവര്‍ക്ക് ജ്യോതി പല വിവരങ്ങളും കൈമാറിയെന്നും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. വാട്സാപ്പ്, ടെലിഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ജ്യോതി പങ്കുവെച്ചു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ദല്‍ഹിയിലും പാക് ഹൈക്കമ്മീഷനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലും യുവതി പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോയും ജ്യോതി തന്റെ യൂട്യൂബ് ചാനലായ ‘ട്രാവല്‍ വിത്ത് ജോ’യിലൂടെ പങ്കുവെച്ചിരുന്നു.
പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷ് മുഖേന പാക് ചാരസംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് ജ്യോതിയെ അറസ്റ്റ് ചെയ്തത്. മൂന്നു തവണ യുവതി പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായും പാക് ചാരസംഘടനയില്‍പ്പെട്ടവരുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ പാകിസ്ഥാനെക്കുറിച്ച് നല്ലത് പറയുക എന്ന ചുമതലയും പാക് ഏജന്‍സികള്‍ ജ്യോതിയെ ഏല്‍പ്പിച്ചുവെന്നാണ് സൂചനകള്‍. അവരുടെ ചാനലില്‍ കൂടുതല്‍ വ്യൂസ് ലഭിച്ച വീഡിയോകളില്‍ പകുതിയിലേറെയും പാകിസ്ഥാന്‍ സന്ദര്‍ശനത്തെ കുറിച്ചുള്ളവതന്നെയാണ്.
2023ല്‍ ദല്‍ഹിയില്‍ വച്ചാണ് ജ്യോതി പാക് ഹൈക്കമ്മീഷനിലെ ഡാനിഷിനെ പരിചയപ്പെടുന്നത്. ഡാനിഷുമായി സംസാരിക്കുന്നതിന്റെയും സൗഹൃദം പങ്കിടുന്നതിന്റെയും വീഡിയോ ജ്യോതി പങ്കുവച്ചിട്ടുണ്ട്. ഇയാളെയും ഭാര്യയെയും യുവതി വീട്ടിലേക്ക് ക്ഷണിക്കുന്നതും വീഡിയോയില്‍ കാണാം. ചാരവൃത്തി നടത്തിയതിന് ഇന്ത്യയില്‍ നിന്ന് പുറത്താക്കിയ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനാണ് ഇഹ്സാനു റഹീം എന്ന ഡാനിഷ്.
ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന മെയ് ഏഴിന് തന്നെയാണ് ജ്യോതിയെ ചോദ്യം ചെയ്യാനായി എന്‍.ഐ.എ വിളിപ്പിക്കുന്നത്. മെയ് 13ന് അവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പാകിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്ത കേസില്‍ കുറഞ്ഞ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ജ്യോതിയുമായി അടുത്ത ബന്ധമുള്ള ‘ജാന്‍ മഹല്‍’ എന്ന യൂട്യൂബ് ചാനല്‍ ഉടമയായ പഞ്ചാബ് സ്വദേശി ജസ്ബിര്‍ സിങ്ങിനെയും ചാരപ്രവര്‍ത്തി ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്ത് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്സാണ് ജാന്‍ മഹലിനുള്ളത്.
വിവരശേഖരണത്തിനായാണ് പാക് ചാരസംഘടനകള്‍ പൊതുവെ യൂട്യൂബേര്‍സിനെ ഉപയോഗിക്കുന്നത്. പലപ്പോഴും വ്‌ലോഗേഴ്‌സ്, എത്തിപ്പെടാന്‍ പോലും ബുദ്ധിമുട്ടായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടെയുള്ള ലോക്കല്‍സുമായി സംസാരിക്കുകയുമൊക്കെ ചെയ്യും. ഇത്തരത്തിലുള്ള ചില വിവരങ്ങള്‍ അവര്‍ അറിഞ്ഞോ അറിയാതെയോ രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളായി മാറിയേക്കാം.
അതായത് ഒരു യൂട്യൂബര്‍ സെന്‍സിറ്റീവ് ഏരിയകളായ സൈനിക താവളങ്ങള്‍, വിമാനത്താവളങ്ങള്‍, അല്ലെങ്കില്‍ മറ്റ് തന്ത്രപ്രധാനമായ കെട്ടിടങ്ങള്‍ എന്നിവയുടെ വീഡിയോസ് എടുക്കുകയാണെങ്കില്‍ ശത്രുരാജ്യത്തിന് ഉപയോഗപ്രദമായ വിവരങ്ങളായി മാറിയേക്കാം.
പ്രോപഗണ്ട ടൂള്‍ ആയും യൂട്യൂബേര്‍സ് പ്രവര്‍ത്തിക്കാറുണ്ട്. കാഴ്ചക്കാരുടെ ഇടയില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുന്നവരാണ് യൂട്യൂബേര്‍സ്. ചില രാജ്യങ്ങളോ സംഘടനകളോ യൂട്യൂബര്‍മാരെ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനും ഉപയോഗിച്ചേക്കാം. ഇത് ഒരുതരം ‘സോഫ്റ്റ് സ്‌പൈയിങ്’ ആയി കണക്കാക്കാം. കാരണം ഇത് നേരിട്ട് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നില്ലെങ്കിലും, ഒരു രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുകൂലമായി ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്.
യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന പൊതുവായ വിവരങ്ങള്‍ ഉപയോഗിച്ച് ചാരപ്രവര്‍ത്തനം നടത്തുന്നത് ഇന്ന് സര്‍വസാധാരണമാണ്. അതിനെ ഓപ്പണ്‍-സോഴ്സ് ഇന്റലിജന്‍സ് എന്നാണ് പറയുന്നത്. ഒരു യൂട്യൂബര്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകളിലെ സ്ഥലങ്ങള്‍, വ്യക്തികള്‍, വസ്തുക്കള്‍, സംഭാഷണങ്ങള്‍ എന്നിവയെല്ലാം ഒരു ചാരന് വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ചേക്കാം. അതായത് ഒരു യൂട്യൂബറുടെ വീഡിയോയില്‍ സൈനിക വാഹനത്തിന്റെ ചിത്രം വ്യക്തമായി പതിഞ്ഞാല്‍ അത് ആ വാഹനത്തിന്റെ തരം, സ്ഥാനം എന്നിവ മനസിലാക്കാന്‍ സഹായിക്കും.
ചിലപ്പോള്‍ ചാരസംഘടനകള്‍ വലിയ ഫോളോവേര്‍സ് ഉള്ള യൂട്യൂബര്‍മാരെ നേരിട്ടോ അല്ലാതെയോ തങ്ങളുടെ ഏജന്റുമാരെ റിക്രൂട്ട് ചെയ്യാന്‍ ഉപയോഗിച്ചേക്കാം. ഒരു യൂട്യൂബര്‍ ഒരു പ്രത്യേക ആശയത്തെക്കുറിച്ച് നിരന്തരം സംസാരിക്കുകയാണെങ്കില്‍, അതില്‍ അട്രാക്ട് ആകുന്നവരെ ചാരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ എളുപ്പമാണ്.
കോഡുകളോ രഹസ്യ സന്ദേശങ്ങളോ ഉള്‍പ്പെടുത്താന്‍ ചില യൂട്യൂബേര്‍സ് അവരുടെ വീഡിയോ ഉപയോഗിക്കാറുണ്ട്.
പാക്സ്ഥാന്റെ ഐ.എസ്.ഐ ഏറെ കാലമായി നോട്ടമിട്ടിരിക്കുന്നത് ഇന്ത്യയിലെ സാധാരണക്കാരെയാണ്. അവരെ ഉപകരണമാക്കുകയാണ് ഐ.എസ്.ഐയുടെ ലക്ഷ്യം. കശ്മീരിലെ ക്രോസ് ബോര്‍ഡര്‍ പ്രവര്‍ത്തകര്‍ വഴി 1990കളില്‍ അവരത് നടത്തിയെടുത്തു. ഡബിള്‍ ഏജന്റ്‌സ് വഴി 2000ങ്ങളിലും നടത്തി. 2010ല്‍ മാധുരി ഗുപ്ത എന്ന ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഓഫീസറെ വെച്ചും ചാരപ്രവര്‍ത്തനം നടത്തിയിരുന്നു. 2013 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ 46 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ വളരെ സാധാരണക്കാരിലേക്ക് ഐ.എസ്.ഐ ഫോക്കസ് ചെയ്യുന്നുണ്ടെന്നുള്ളതാണ് യൂട്യൂബേര്‍സിന്റെ അറസ്റ്റിലൂടെ വ്യക്തമാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതെല്ലാം യൂട്യൂബര്‍മാര്‍ക്ക് ചാരപ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുണ്ടാകാനുള്ള സാധ്യതകളാണ്. എല്ലാ യൂട്യൂബേര്‍സും ചരന്മാരാണെന്ന് അര്‍ത്ഥമില്ല. മിക്ക യൂട്യൂബേര്‍സും അവരുടെ ഉള്ളടക്കത്തില്‍ നന്നായി ശ്രദ്ധിക്കുന്നവരാണ്. എന്നിരുന്നാലും, ഡിജിറ്റല്‍ ലോകത്ത് വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് എല്ലാവരും ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമാണ്.