സാമ്പത്തിക ബാധ്യത; ദല്‍ഹിയില്‍ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി 26കാരൻ
India
സാമ്പത്തിക ബാധ്യത; ദല്‍ഹിയില്‍ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി 26കാരൻ
രാഗേന്ദു. പി.ആര്‍
Monday, 5th January 2026, 10:50 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അമ്മയെയും സഹോദരങ്ങളെയുമാണ് യുവാവ് കൊലപ്പെടുത്തിയത്. ദല്‍ഹിയിലെ ലക്ഷ്മി നഗറിലാണ് സംഭവം.


കവിത (46), മേഘ്‌ന (24), മുകുള്‍ (14) എന്നിവരാണ് മരിച്ചത്. വിഷം കൊടുത്താണ് മൂവരെയും കൊലപ്പെടുത്തിയത്. വിഷം ചേര്‍ത്ത ലഡ്ഡു കഴിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. ലഡ്ഡു കഴിച്ച് ബോധരഹിതരായ മൂന്ന് പേരെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ ലക്ഷ്മി നഗറിലെ സുഭാഷ് ചൗക്കില്‍ താമസിക്കുന്ന യഷ്ബീര്‍ സിങ് (26)നെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷനില്‍ കീഴടങ്ങിയതിന് പിന്നാലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതകള്‍ കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം.


ആറ് മാസങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ ഉപേക്ഷിച്ച് പോയെന്നും കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

യമുന ബാങ്ക് മെട്രോ സ്റ്റേഷന് സമീപപത്തുള്ള കടയിൽ നിന്നാണ് ലഡ്ഡു തയ്യാറാക്കാനുള്ള സാധനങ്ങള്‍ വാങ്ങിയതെന്നും മൊഴിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Content Highlight: Young man kills three members of his family in Delhi

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.