ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളും തന്റെ ഉയര്‍ച്ചയും പ്രതിപക്ഷത്തിന് ദഹിക്കുന്നില്ലെന്നും മോദി പറഞ്ഞു. രാജ്യസഭയില്‍ നന്ദി പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടിക്കണക്കിന് ഇന്ത്യക്കാരുടെ അനുഗ്രഹമാണ് തന്റെ സംരക്ഷക കവചമെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും മുദ്രാവാക്യം വിളിക്കാം. കോടിക്കണക്കിനാളുകളുടേയും അമ്മമാരുടേയും സഹോദരിമാരുടേയും അനുഗ്രഹമാണ് എന്റെ സംരക്ഷണ കവചം,’ മോദി പറഞ്ഞു.
തന്നെപ്പോലുള്ള ഒരു ദരിദ്രന്‍ എങ്ങനെയാണ് ഉന്നത സ്ഥാനത്തെത്തിയതെന്നും ആ സ്ഥാനത്ത് തുടരുന്നതെന്നും അവര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് തന്നെ ദിവസവും അധിക്ഷേപിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അക്രമവും ഭീകരതയും അവസാനിപ്പിച്ചതും ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാകിസ്ഥാനെയും അതിന്റെ ഭീകരരേയും ആക്രമിച്ചതും ഉള്‍പ്പെടെയുള്ള വലിയ നേട്ടങ്ങള്‍ കാരണം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തന്റെ ശവക്കുഴി തോണ്ടാന്‍ ആഗ്രഹിക്കുകയാണന്നും മോദി പറഞ്ഞു.
രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുന്നതിനിടെ, തടസം സൃഷ്ടിച്ച പ്രതിപക്ഷത്തിന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച മോദി രാഷ്ട്രപതിയെ മാത്രമല്ല ഭരണഘടനയെകൂടിയാണ് അവര്‍ അപമാനിച്ചതെന്നും പറഞ്ഞു.
ഗാന്ധികുടുംബത്തെ പതിവുകള്ളന്മാര്‍ എന്ന് വിമര്‍ശിച്ച മോദി ആ പതിവ് കള്ളന്മാര്‍ മഹാത്മാ ഗാന്ധിയുടെ പേര് മോഷ്ടിച്ചതായും പരിഹസിച്ചു.
‘കോണ്‍ഗ്രസിന്റെ ആദ്യ കുടുംബത്തിന് പതിറ്റാണ്ടുകളായി രാജ്യം അവസരം നല്‍കി. പക്ഷേ അവര്‍ ‘ഗരീബി ഹഠാവോ’ പോലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ആളുകളെ തെറ്റിദ്ധരിപ്പിച്ചു,’ മോദി പറഞ്ഞു.
കോണ്‍ഗ്രസിന് അസമിലെ ജനതയോട് വെറുപ്പാണെന്നും മോദി ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നു. എസ്.ഐ.ആര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ മോദി പരിഹസിക്കുകയും ചെയ്തു. കോടതി ഇപ്പോള്‍ വലിയ സമ്മര്‍ദത്തിലാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
അതേസമയം, പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പ്രതിപക്ഷം തളര്‍ന്ന് ഒളിച്ചോടിയെന്ന് മോദി പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തു.
Content Highlight: You can shout any slogan, but you can’t dig my grave: PM Narendra Modi against Congress
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.