| Tuesday, 14th April 2026, 10:32 am

നാല് തവണ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത നിങ്ങളില്‍ നിന്ന് എനിക്ക് നീതി ലഭിക്കുമോ?; ജഡ്ജിയോട് നേരിട്ട് വാദിച്ച് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ കേസില്‍ തന്നെ കുറ്റമുക്തനാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മ പിന്മാറണമെന്ന ആം ആദ്മി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി വിധി പറയാന്‍ മാറ്റി.

കെജ്‌രിവാളിന് പുറമെ മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള 23 പ്രതികളും ഇതേ ആവശ്യം ഉന്നയിച്ച് അപേക്ഷ നല്‍കിയിരുന്നു.

ആര്‍.എസ്.എസുമായി ബന്ധമുള്ള അഭിഭാഷക സംഘടനയായ ‘അഖില ഭാരതീയ അധിവക്ത പരിഷത്ത്’ സംഘടിപ്പിച്ച പരിപാടികളില്‍ ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മ നാല് തവണ പങ്കെടുത്തതായി കെജ്‌രിവാള്‍ ആരോപിച്ചു. അങ്ങനെയൊരാളില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും കെജ്‌രിവാള്‍ ജഡ്ജിയോട് പറഞ്ഞു.

‘യുവര്‍ ഓണര്‍, നിങ്ങള്‍ ആ സംഘടനയുടെ പരിപാടികളില്‍ നാല് തവണ പങ്കെടുത്തിട്ടുണ്ട്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയശാസ്ത്ര സംഘടനയാണത്. അവര്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. രാഷ്ട്രീയ പ്രേരിതമായ ഈ കേസില്‍, അത്തരം ആഭിമുഖ്യമുള്ളവര്‍ കേസ് പരിഗണിക്കുന്നത് എനിക്ക് നീതി ലഭിക്കുമോ എന്ന കാര്യത്തില്‍ ഗൗരവമേറിയതും ന്യായയുക്തവുമായ ആശങ്കയുണ്ടാക്കുന്നതാണ്’,കെജ്‌രിവാള്‍ കോടതിയില്‍ പറഞ്ഞു.

ജഡ്ജിക്ക് പക്ഷപാതമുണ്ടോ എന്നതല്ല, മറിച്ച് നീതി തേടിയെത്തുന്നയാള്‍ക്ക് അത്തരമൊരു ആശങ്കയുണ്ടോ എന്നതാണ് പ്രധാനമെന്ന മുന്‍ സുപ്രീം കോടതി വിധിയും അദ്ദേഹം വാദത്തിനിടെ ഉയര്‍ത്തിക്കാട്ടി. അന്വേഷണ ഏജന്‍സികള്‍ സ്വതന്ത്രമായിരിക്കണമെന്നും രാഷ്ട്രീയ പക്ഷപാതത്തിന്റെ നിഴല്‍ പോലും ജുഡീഷ്യറിയില്‍ ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യനയ കേസില്‍ തെളിവുകള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 27-ന് വിചാരണ കോടതി കെജ്‌രിവാളിനെയും സിസോദിയയെയും കുറ്റമുക്തരാക്കിയിരുന്നു. മൂന്ന് മാസത്തോളം വാദം കേട്ട ശേഷമായിരുന്നു വിചാരണ കോടതിയുടെ ഈ വിധി.

എന്നാല്‍ സി.ബി.ഐയുടെ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ബെഞ്ച്, വെറും അഞ്ച് മിനിറ്റ് മാത്രം വാദം കേട്ട് വിചാരണ കോടതിയുടെ കണ്ടെത്തലുകള്‍ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് നിരീക്ഷിക്കുകയായിരുന്നു. ഈ നടപടിയേയും കെജ്‌രിവാള്‍ ചോദ്യം ചെയ്തു.

പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളില്‍ കോടതി അസാധാരണമായ വേഗത കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ ഹൃദയം തകര്‍ത്ത നടപടിയായിരുന്നു മാര്‍ച്ച് 9-ലെ കോടതി ഉത്തരവെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു.

‘നമ്മളെ അഴിമതിക്കാരായി പ്രഖ്യാപിക്കുക മാത്രമല്ല, അങ്ങേയറ്റം അഴിമതിക്കാരായി മുദ്രകുത്തുന്ന രീതിയിലായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍,’ കെജ്‌രിവാള്‍ പറഞ്ഞു.

കെജ്‌രിവാളിന്റെ വാദങ്ങളെ സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായി എതിര്‍ത്തു. അധിവക്ത പരിഷത്ത് കേവലം ഒരു അഭിഭാഷക സംഘടനയാണെന്നും നിയമപരമായ വിഷയങ്ങളില്‍ സംസാരിക്കാന്‍ ജഡ്ജിമാര്‍ അത്തരം വേദികളില്‍ പോകാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. നേരത്തെ കെജ്‌രിവാളിന്റെ അറസ്റ്റ് ശരിവെച്ച ഇതേ ബെഞ്ചിന്റെ നടപടി സുപ്രീം കോടതി അംഗീകരിച്ചതാണെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.

എന്നാല്‍ ജീവിതത്തില്‍ ആദ്യമായാണ് ഒരാള്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് തന്നോട് നേരിട്ട് ആവശ്യപ്പെടുന്നതെന്നായിരുന്നു ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ പ്രതികരണം. ‘ഞാന്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ക്ക് അനുകൂലമായ നിലപാടെടുക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്നും ജഡ്ജി കെജ്‌രിവാളിനോട് ചോദിച്ചു.

വാദങ്ങള്‍ക്കൊടുവില്‍ കെജ്‌രിവാളിനെ ജഡ്ജി പ്രശംസിക്കുകയും ചെയ്തു. ‘നിങ്ങള്‍ വളരെ നന്നായി വാദിച്ചു, നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു അഭിഭാഷകനാകാം,’ എന്നായിരുന്നു ജഡ്ജിയുടെ മറുപടി. എന്നാല്‍, ‘ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ (രാഷ്ട്രീയം) സന്തോഷവാനാണ്’ എന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി.

Content Highlight: You attended RSS-linked events 4 times: Arvind Kejriwal to judge in court

We use cookies to give you the best possible experience. Learn more