2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ വിജയിച്ചുകയറിയത്. 83 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിന് സാധിച്ചു.
ഫൈനലില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഒരു റണ്‍സിന് പുറത്തായെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരായ സെഞ്ച്വറിയടക്കം മിന്നും പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല വിജയത്തിന് ശേഷം രോഹിത് അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
ഇപ്പോള്‍ താരങ്ങളുടെ വിരമിക്കലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. രോഹിത്തിനോടും വിരാടിനോടും വിരമിക്കാന്‍ പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും എന്നാല്‍ 2027ലെ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ശേഷം ഇരുവരും വിരമിക്കണമെന്നുമാണ് യോഗ്‌രാജ് സിങ് പറഞ്ഞത്.
‘രോഹിത് ശര്‍മ വിരമിക്കുന്നില്ലെന്ന് പറഞ്ഞു, അത് ഇന്ത്യന്‍ ക്രിക്കറ്റിന് നല്ലതാണ്. രോഹിത്തിനോടും വിരാടിനോടും വിരമിക്കണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ 2027ലെ ഏകദിന ലോകകപ്പ് നേടിയ ശേഷം അവര്‍ വിരമിക്കണം. കഴിഞ്ഞ ലോകകപ്പ് സീസണില്‍ ഞാന്‍ ഇത് പറഞ്ഞിരുന്നു,’ യോഗ്‌രാജ് എ.എന്‍.ഐയോട് പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിക്കിടെ രോഹിത് ശര്‍മയെ ബോഡി ഷെയിം ചെയ്ത കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെയും യോഗ്‌രാജ് സംസാരിച്ചിരുന്നു. മറ്റുള്ളവരുടെ ഫിറ്റ്‌നസിനെക്കുറിച്ച് സംസാരിക്കാതെ സ്വന്തം ഫിറ്റ്‌നസിനെക്കുറിച്ച് സംസാരിക്കാനാണ് മുന്‍ താരം പറഞ്ഞത്.
‘ചിലര്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസിനെ ചോദ്യം ചെയ്തു. അവരുടെ ഫിറ്റ്‌നസിനെക്കുറിച്ച് ഞാന്‍ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല,’ യോഗ്‌രാജ് പറഞ്ഞു.
Content Highlight: Yograj Singh Talking About Retirement Of Virat Kohli And Rohit Sharma