രോഹിത് അസാധാരണ താരം, അവനെ അഞ്ച് വര്‍ഷം കൂടെ ഇന്ത്യയ്ക്ക് വേണം: യോഗ്‌രാജ്‌ സിങ്
Sports News
രോഹിത് അസാധാരണ താരം, അവനെ അഞ്ച് വര്‍ഷം കൂടെ ഇന്ത്യയ്ക്ക് വേണം: യോഗ്‌രാജ്‌ സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th August 2025, 12:57 pm

ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം യോഗ്‌രാജ്‌ സിങ്. രോഹിത് സമാനതകളില്ലാത്ത ഒരു അസാധാരണ കളിക്കാരനാണെന്നും അഞ്ച് വര്‍ഷം കൂടെ ഇന്ത്യയ്ക്കായി കളിക്കണമെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെ ഇന്നിങ്സ് മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിത്തചേര്‍ത്തു. ന്യൂസ് 18ന്റെ ക്രിക്കറ്റ് നെക്സ്റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗ്‌രാജ്‌ സിങ്.

‘ആളുകള്‍ രോഹിത്തിനെ കുറ്റം പറയുകയാണ്. പക്ഷേ, ഞാന്‍ എന്നും അവന്റെ ആളായിരിക്കും. അവന്റെ ബാറ്റിങ് മറ്റുള്ള താരങ്ങളില്‍ നിന്ന് അസാധാരണമാണ്. അതാണ് അവന്റെ ക്ലാസ്. രോഹിത് ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്. നിങ്ങള്‍ അഞ്ച് വര്‍ഷം കൂടെ കളിക്കണം. അതിനാല്‍ ദയവായി നിങ്ങളുടെ രാജ്യത്തിനായി കൂടുതല്‍ ചെയ്യുക,’ യോഗ്‌രാജ്‌ സിങ് പറഞ്ഞു.

രോഹിത് തന്റെ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി ദിവസവും അവനെക്കൊണ്ട് പത്ത് കിലോമീറ്റര്‍ ഓടാന്‍ പ്രേരിപ്പിക്കണം. അവന് 45 വയസ് വരെ കളിക്കാനുള്ള കഴിവുണ്ട്. രോഹിത് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നും കൂടുതല്‍ മത്സരം കളിക്കുന്നത് ഫിറ്റായിരിക്കാന്‍ സഹായിക്കുമെന്നും യോഗ്‌രാജ്‌ സിങ് കൂട്ടിച്ചേര്‍ത്തു.

‘ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ആര്‍ക്കാണ് മാന്‍ ഓഫ് ദി മാച്ച് ലഭിച്ചത്? രോഹിത് ശര്‍മ. അതിനാല്‍ നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാവൂ. അവന്റെ കളിയെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചും സംസാരിക്കണമെങ്കില്‍, നിങ്ങള്‍ ഏതെങ്കിലും തലത്തില്‍ കളിച്ചിട്ടുണ്ടെങ്കില്‍ മാത്രം അത് ചെയ്യുക. ഇങ്ങനെ സംസാരിക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?,’ രോഹിത്തിന്റെ വിമര്‍ശകരെ ലക്ഷ്യമിട്ട് യോഗ്‌രാജ്‌ ചോദിച്ചു.

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രോഹിതിനെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. ടി – 20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചതിനാലും മാസങ്ങളോളം മറ്റൊരു ക്രിക്കറ്റും കളിക്കാത്തതിനാലും ഏകദിനത്തില്‍ കളിക്കാന്‍ താരത്തിന് ഫിറ്റ്‌നസ് ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പലരുടെയും വിമര്‍ശനം. അടുത്തിടെ കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ താരത്തിന്റെ പ്രകടനം ഉന്നയിച്ച് ഇര്‍ഫാന്‍ പത്താനും വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Content Highlight: Yograj Singh says that Rohit Sharma has the class to play 5 more years