| Monday, 27th January 2025, 2:44 pm

കൂടെ അഭിനയിച്ച ആ നടിയോട് ശരിക്കും പ്രണയം തോന്നിപോയി: യോഗി ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെല്‍സണ്‍ ദിലീപ്കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 2018ല്‍ പുറത്തിറങ്ങിയ കോലമാവ് കോകില. കോലമാവ് കോകിലയായി നയന്‍താരയാണ് ചിത്രത്തിലെത്തിയത്. യോഗി ബാബു, ശരണ്യ പൊന്‍വണ്ണന്‍, വിജെ ജാക്വലിന്‍, ആര്‍ എസ് ശിവജി, ചാള്‍സ് വിനോദ്, ഹരീഷ് പേരടി എന്നിവരാണ് കോലമാവ് കോകിലയിലെ മറ്റ് പ്രധാന താരങ്ങള്‍.

കോലമാവ് കോകിലയില്‍ നയന്‍താരയെ പ്രണയിക്കുന്ന ശേഖറായാണ് യോഗി ബാബു എത്തിയത്. ചിത്രത്തില്‍ നയന്‍താരയുടെ കൂടെ അഭിനയിച്ചത് മറക്കാന്‍ കഴിയാത്ത അനുഭവമാണെന്ന് യോഗി ബാബു പറയുന്നു. കോലമാവ് കോകിലയിലെ കല്യാണവയസ് എന്ന പാട്ട് തമിഴകത്തിന് പുറത്തും ഹിറ്റായിരുന്നുവെന്ന് യോഗി ബാബു പറഞ്ഞു. സിനിമയുടെ ഓരോ രംഗം ചിത്രീകരിക്കുമ്പോഴും നയന്‍താര തനിക്ക് മികച്ച പിന്തുണ നല്‍കിയെന്നും നയന്‍താരയോട് ശരിക്കും പ്രണയം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോലമാവ് കോകിലയില്‍ അഭിനയിക്കുന്നതിന് മുമ്പ് മറ്റൊരു മുന്‍നിര നായികയ്ക്കൊപ്പം അഭിനയിക്കുമ്പോള്‍ സിനിമയില്‍ കെട്ടിപ്പിടിക്കുന്ന രംഗമുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ ആ നായികയെ കെട്ടിപ്പിടിക്കരുതെന്ന് അവര്‍ പറഞ്ഞെന്നും യോഗി ബാബു പറഞ്ഞു. അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായ തനിക്ക് നയന്‍താരയ്ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആഹ്ലാദത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറയുന്നു.

‘കോലമാവ് കോകിലയെന്ന ചിത്രത്തില്‍ നയന്‍താരക്ക് ഒപ്പം അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമാണ്. കോലമാവ് കോകിലയിലെ കല്യാണവയസ് എന്ന പാട്ട് തമിഴകത്തിന് പുറത്തും ഹിറ്റായിരുന്നു. നയന്‍താരയുടെ കഥാപാത്രമായ കോകിലയുടെ ഹൃദയത്തിലിടം നേടാനായി എന്റെ വേഷം നടത്തുന്ന ശ്രമങ്ങളാണ് പാട്ടില്‍ ചിത്രീകരിച്ചത്.

ഓരോ രംഗം ചിത്രീകരിക്കുമ്പോഴും നയന്‍താര മികച്ച പിന്തുണ നല്‍കി. നയന്‍താരയോട് എനിക്ക് ശരിക്കും പ്രണയം തോന്നി.

മുമ്പ് തമിഴിലെ മറ്റൊരു മുന്‍നിര നായികയ്ക്കൊപ്പം അഭിനയിക്കുമ്പോള്‍ സിനിമയില്‍ അവരെന്നെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ടായിരുന്നു. പക്ഷേ, നടി വിസമ്മതിച്ചു. എന്നെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്ത് പറഞ്ഞു. സംവിധായകന്‍ കേണപേക്ഷിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല.

ഇത്തരം അനുഭവങ്ങള്‍ നേരിട്ട എനിക്ക് നയന്‍താരയ്ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആഹ്ലാദത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ,’ യോഗി ബാബു പറയുന്നു.

Content Highlight: Yogi Babu talks about Nayanthara

We use cookies to give you the best possible experience. Learn more