| Tuesday, 1st July 2025, 8:19 am

ഞാന്‍ ആ ക്രിക്കറ്ററുടെ വലിയ ഫാനാണെന്ന് ധോണിയോട് പറഞ്ഞു, അദ്ദേഹം ഒന്നും എന്നോട് പറഞ്ഞില്ല, അവര്‍ തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നുന്നു: യോഗി ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി റോളുകളിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് യോഗി ബാബു. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച യോഗി ബാബു കഴിഞ്ഞ കുറച്ചുകാലമായി തമിഴ് സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്ത മണ്ടേലയിലൂടെ നായകവേഷവും തനിക്ക് ചേരുമെന്ന് യോഗി ബാബു തെളിയിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണി ആദ്യമായി നിര്‍മിച്ച എല്‍.ജി.എം. എന്ന ചിത്രത്തില്‍ യോഗി ബാബുവും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ സമയത്ത് ധോണിയും യോഗി ബാബുവും ഒന്നിച്ചുള്ള വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ധോണിയെക്കുറിച്ച് സംസാരിക്കുകയാണ് യോഗി ബാബു.

എല്‍.ജി.എമ്മിന്റെ ഓഡിയോ ലോഞ്ചില്‍ ധോണിയോടൊപ്പം സാക്ഷിയും ഉണ്ടായിരുന്നെന്നും അദ്ദേഹം തന്നെ അടുത്തേക്ക് വിളിച്ച് ഇരുത്തിയെന്നും യോഗി ബാബു പറഞ്ഞു. ഒരുപാട് നേരം അദ്ദേഹം തന്നോട് ഇംഗ്ലീഷില്‍ സംസാരിച്ചെന്നും തനിക്ക് അതൊന്നും മനസിലായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. താന്‍ തമിഴിലായിരുന്നു ധോണിയോട് സംസാരിച്ചതെന്നും അത് അദ്ദേഹത്തിനും മനസിലായില്ലെന്നും യോഗി ബാബു പറയുന്നു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു താരം.

‘എല്‍.ജി.എമ്മിന്റെ പ്രൊമോഷനെല്ലാം പോയ സമയത്തായിരുന്നു ധോണിയെ ആദ്യമായി കാണുന്നത്. ആ പടത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്ക് ഞാന്‍ ഒരു സ്ഥലത്ത് മാറിയിരിക്കുകയായിരുന്നു. അത് കണ്ട് സാക്ഷി എന്നെ വിളിച്ചു. ധോണിയുടെ അടുത്ത് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോയി ഇരുന്നു. ഒരുപാട് നേരം സംസാരിച്ചു.

അദ്ദേഹം പറഞ്ഞ ഇംഗ്ലീഷ് എനിക്കും, ഞാന്‍ പറഞ്ഞ തമിഴ് അദ്ദേഹത്തിനും മനസിലായില്ല. എല്ലാം കഴിഞ്ഞ് പോകാന്‍ നേരം ഞാന്‍ അദ്ദേഹത്തോട് ‘സാര്‍, എനിക്ക് നിങ്ങള്‍ പറഞ്ഞ ഇംഗ്ലീഷൊന്നും മനസിലായില്ല’ എന്ന് പറഞ്ഞു. അത് കേട്ട് എന്റെ തോളില്‍ തട്ടിയിട്ട് ‘സാരമില്ല, നിങ്ങളും ഞാനും ഒരുപോലെയാണ്. നിങ്ങള്‍ പത്താം ക്ലാസിന് മേലെ പഠിച്ചില്ല, ഞാന്‍ പ്ലസ് ടുവിന് മേലെ പഠിച്ചില്ല, കരിയറില്‍ എവിടെയെത്തിയെന്ന് മാത്രം നോക്കുക’ എന്ന് പറഞ്ഞു.

അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണ്. ആരെയും താഴ്ത്തിക്കെട്ടാറില്ല. ക്രിക്കറ്റിനെക്കുറിച്ചൊക്കെ ഞങ്ങള്‍ സംസാരിച്ചു. ഞാന്‍ സെവാഗിന്റെ വലിയൊരു ഫാനാണ്. അത് ധോണിയോട് പറയുകയും ചെയ്തു. അവര്‍ രണ്ടുപേരും തമ്മില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടെന്ന് കേട്ടിട്ടുണ്ട്. എന്തായിരുന്നു പ്രശ്‌നമെന്ന് ചോദിക്കാന്‍ പേടിയായിരുന്നു,’ യോഗി ബാബു പറയുന്നു.

Content Highlight: Yogi Babu shares the experience with M S Dhoni during LGM movie promotion

We use cookies to give you the best possible experience. Learn more