| Monday, 30th June 2025, 10:47 am

എന്റെ ഹെയര്‍സ്‌റ്റൈല്‍ ഇങ്ങനെ മാറ്റിയത് ആ സംവിധായകന്റെ നിര്‍ദേശപ്രകാരം, ഒരുപാട് അവസരങ്ങള്‍ പിന്നീട് എനിക്ക് ലഭിച്ചു: യോഗി ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി റോളുകളിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് യോഗി ബാബു. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച യോഗി ബാബു കഴിഞ്ഞ കുറച്ചുകാലമായി തമിഴ് സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്ത മണ്ടേലയിലൂടെ നായകവേഷവും തനിക്ക് ചേരുമെന്ന് യോഗി ബാബു തെളിയിച്ചു.

മറ്റ് നടന്മാരില്‍ നിന്ന് താരത്തെ വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിന്റെ ഹെയര്‍സ്‌റ്റൈലാണ്. കരിയറിന്റെ തുടക്കത്തില്‍ സാധാരണരീതിയില്‍ പ്രത്യക്ഷപ്പെട്ട യോഗി ബാബു പിന്നീട് ഈ സ്റ്റൈലിലേക്ക് മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണ്. ഒരുപാട് സിനിമകളില്‍ പഴയ ഹെയര്‍സ്റ്റൈലിലായിരുന്നു താന്‍ അഭിനയിച്ചതെന്ന് യോഗി ബാബു പറഞ്ഞു.

ആ സമയത്താണ് ആണ്ടവന്‍ കട്ടളൈ എന്ന ചിത്രത്തില്‍ തനിക്ക് അവസരം ലഭിച്ചതെന്നും അതിന്റെ സംവിധായകനായ മണികണ്ഠന്‍ പറഞ്ഞിട്ടാണ് മുടി ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് മാറ്റിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. പിന്നീട് അത് തന്റെ ഐഡന്റിറ്റിയായി മാറിയെന്നും ആണ്ടവന്‍ കട്ടളൈക്ക് ശേഷം വന്ന സിനിമകളില്‍ അത് സ്ഥിരമായെന്നും അദ്ദേഹം പറയുന്നു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു യോഗി ബോബു.

‘സിനിമയില്‍ വന്ന സമയത്ത് എന്റെ ഹെയര്‍സ്‌റ്റൈല്‍ ഇങ്ങനെയായിരുന്നില്ല. സാധാരണ പോലെയായിരുന്നു. യോഗിയിലും അതിന് ശേഷം ചെയ്ത പല പടങ്ങളിലും ഞാന്‍ അങ്ങനെ അഭിനയിച്ചു. എന്റെ മുഖത്തിന് ചേരുന്ന കോമഡി ക്യാരക്ടര്‍ ആദ്യമായി തന്നത് മണികണ്ഠനായിരുന്നു. കാക്ക മുട്ടൈയിലെ ചെറിയ റോളില്‍ എന്നെ വിളിച്ചു. കുറച്ച് സീനേ ഉള്ളൂവെങ്കിലും നല്ല ഇംപാക്ടുണ്ടാക്കിയ കഥാപാത്രമായിരുന്നു ആ സിനിമയില്‍.

അതിന് ശേഷം ആണ്ടവന്‍ കട്ടളൈയില്‍ എത്തിയപ്പോള്‍ ത്രൂ ഔട്ട് കഥാപാത്രമായിരുന്നു എന്റേത്. ആ സിനിമ മുതലാണ് എന്റെ മുഖം കോമഡിക്ക് നല്ല ചേര്‍ച്ചയുണ്ടെന്ന് പലരും മനസിലാക്കിയത്. പിന്നീട് എനിക്കൊരു ബ്രേക്ക് ത്രൂ തന്നത് പ്രദീപ് രംഗനാഥനാണ്. കോമാളിയിലും ലവ് ടുഡേയിലും നല്ല കഥാപാത്രങ്ങളായിരുന്നു. പ്രദീപിന്റെ അടുത്ത പടത്തിലും എനിക്കൊരു റോളുണ്ട്,’ യോഗി ബാബു പറയുന്നു.

മണികണ്ഠന്‍ സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനായെത്തിയ ചിത്രമാണ് ആണ്ടവന്‍ കട്ടളൈ. സറ്റയര്‍ ഡ്രാമ ഴോണറിലെത്തിയ ചിത്രത്തില്‍ റിതിക സിങ്ങാണ് നായികയായി വേഷമിട്ടത്. നാസര്‍, പൂജ ദേവരിയ, ഹരീഷ് പേരടി, ജോര്‍ജ് മരിയന്‍ തുടങ്ങിയവര്‍ അണിനിരന്ന ചിത്രം വന്‍ വിജയം സ്വന്തമാക്കിയിരുന്നു.

Content Highlight: Yogi Babu about his hairstyle and appearance

Latest Stories

We use cookies to give you the best possible experience. Learn more