| Tuesday, 3rd June 2025, 8:48 pm

ഞാന്‍ ആവേശത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ആ നടന്‍, സോറി, ഞാനത് കണ്ടിട്ടില്ലെന്ന് മറുപടി നല്‍കി: യോഗലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് നിരൂപകരും പ്രേക്ഷകരും ഒരുപോലെ അഭിപ്രായപ്പെട്ട ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. നാവഗതനായ അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായി മാറി. രണ്ട് മണിക്കൂറില്‍ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചും ചിന്തിപ്പിച്ചും മികച്ച സിനിമാനുഭവമാണ് ടൂറിസ്റ്റ് ഫാമിലി സമ്മാനിച്ചത്.

ചിത്രത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രങ്ങളിലൊന്നായിരുന്നു യോഗലക്ഷ്മി അവതരിപ്പിച്ച കുറല്‍. ഹാര്‍ട്ട് ബീറ്റ് എന്ന വെബ് സീരീസിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടം നേടിയ യോഗലക്ഷ്മി തനിക്ക് ലഭിച്ച കഥാപാത്രം മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരുന്നു. ചിത്രത്തില്‍ മലയാളി താരം മിഥുന്‍ ജയ് ശങ്കറും ഭാഗമായിരുന്നു.

മിഥുനുമായുള്ള ഷൂട്ടിങ് അനുഭവം പങ്കുവെക്കുകയാണ് യോഗലക്ഷ്മി. ആവേശം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം മിഥുന്‍ അഭിനയിച്ചത് ടൂറിസ്റ്റ് ഫാമിലിയാണെന്നും സെറ്റിലുള്ള എല്ലാവരും ആ സിനിമയെക്കുറിച്ചായിരുന്നു സംസാരമെന്നും യോഗലക്ഷ്മി പറഞ്ഞു. തന്നോടും ആവേശത്തിലെ ആര്‍ട്ടിസ്റ്റ് എന്ന് പറഞ്ഞാണ് മിഥുന്‍ പരിചയപ്പെടാന്‍ വന്നതെന്നും എന്നാല്‍ താന്‍ ആ സിനിമ കണ്ടിട്ടില്ലെന്ന് മറുപടി പറഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു.

നല്ല സിനിമയാണ് ആവേശമെന്ന് എല്ലാവരും പറയുമായിരുന്നെന്നും എന്നാല്‍ തനിക്ക് അത് കാണാന്‍ സാധിച്ചില്ലായിരുന്നെന്നും യോഗലക്ഷ്മി പറഞ്ഞു. ഹാര്‍ട്ട് ബീറ്റ് എന്ന സീരീസില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് മിഥുനോട് പറഞ്ഞെന്നും എന്നാല്‍ അത് കണ്ടിട്ടില്ലെന്ന് മിഥുന്‍ തന്നോട് പറഞ്ഞെന്നും താരം കൂട്ടിച്ചേര്‍ത്തു. റെഡ് നൂലിനോട് സംസാരിക്കുകയായിരുന്നു യോഗലക്ഷ്മി.

‘ടൂറിസ്റ്റ് ഫാമിലിയില്‍ എല്ലാവരും മിഥുനോട് സംസാരിക്കുമ്പോള്‍ ആവേശം സിനിമയെപ്പറ്റിയായിരുന്നു കൂടുതലും ചോദിച്ചുകൊണ്ടിരുന്നത്. എന്നോട് മിഥുന്‍ പരിചയപ്പെടാന്‍ വന്നപ്പോള്‍ പോലും ആവേശത്തിലെ ആര്‍ട്ടിസ്റ്റാണ് എന്ന് പറഞ്ഞിരുന്നു. പക്ഷേ, ആ സിനിമ ഞാന്‍ കണ്ടിട്ടേയില്ല. ഇപ്പോഴും കണ്ടിട്ടില്ല. ‘സോറി, ഞാന്‍ ആ സിനിമ കണ്ടില്ല’ എന്നാണ് മിഥുനോട് പറഞ്ഞത്.

ടൂറിസ്റ്റ് ഫാമിലിക്ക് മുമ്പ് ഞാന്‍ ഹാര്‍ട്ട് ബീറ്റ് എന്നൊരു സീരീസില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നെന്ന് മിഥുനോട് പറഞ്ഞു. അവന്‍ ആ സീരീസ് കണ്ടിട്ടില്ലായിരുന്നു. പക്ഷേ, സെറ്റില്‍ നല്ല ജോളിയായിരുന്നു. മിഥുനും കമലേഷും ഞാനും എപ്പോഴും കമ്പനിയായിരുന്നു. സിമ്രന്‍ മാം, ശശി സാര്‍, അബിഷന്‍ എല്ലാവരുമായും നല്ല വൈബായിരുന്നു,’ യോഗലക്ഷ്മി പറഞ്ഞു.

Content Highlight: Yogalakshmi shares the shooting experience with Mithun Jai Shankar in Tourist Family movie

We use cookies to give you the best possible experience. Learn more