| Wednesday, 24th September 2025, 12:31 pm

എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം യേശുദാസിന്; ശ്വേത മോഹന്‍, സായ് പല്ലവി, എസ്.ജെ സൂര്യ എന്നിവര്‍ക്ക് കലൈമാമണി പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: എം.എസ് സുബ്ബലക്ഷ്മി, കലൈ മാമണി പുരസ്‌കാരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2021, 2022, 2023 വര്‍ഷങ്ങള്‍ക്കുള്ള കലൈമാമണി പുരസ്‌കാരങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചത്. എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് കെ.ജെ യേശുദാസ് അര്‍ഹനായി.

സംഗീത മേഖലക്ക് യേശുദാസ് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. 1986ല്‍ കലൈമാമണി പുരസ്‌കാരവും യേശുദാസിനെ തേടിയെത്തിയിരുന്നു.

ഗായിക ശ്വേത മോഹന്‍, നടി സായ് പല്ലവി എന്നിവര്‍ കലൈമാമണി പുരസ്‌കാരത്തിനും അര്‍ഹരായി.

2021 ലെ കലൈമാമണി പുരസ്‌കാരം അഭിനേതാക്കളായ എസ്. ജെ സൂര്യ, സംവിധായകന്‍ ലിംഗുസാമി, സെറ്റ് ഡിസൈനര്‍ എം. ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍, ടെലിവിഷന്‍ താരം പി. കെ കമലേഷിനും സമ്മാനിക്കും.

2022 ലെ കലൈമാമണി പുരസ്‌കാരം നടന്‍ വിക്രം പ്രഭു, ജയ വി.സി ഗുഹനാഥന്‍, ഗാനരചയിതാവ് വിവേക, പി.ആര്‍.ഒ ഡയമണ്ട് ബാബു, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലക്ഷ്മികാന്തന്‍, ടെലിവിഷന്‍ താരം മേട്ടി ഒലി ഗായത്രി എന്നിവര്‍ക്കും ലഭിച്ചു.

2023ലെ കലൈമാമണി പുരസ്‌കാരത്തിന് നടന്‍ മണികണ്ന്‍, ജോര്‍ജ് മാര്യര്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, ഗായിക ശ്വേത മോഹന്‍, കോറിയോഗ്രോഫര്‍ സാന്‍ഡി മാസ്റ്റര്‍, പി.ആര്‍.ഒ നിഖില്‍ മുരുകന്‍ എന്നിവര്‍ക്കും ലഭിച്ചു.

ടെലിവിഷനില്‍ നിന്നും എന്‍.പി ഉമാശങ്കര്‍ ബാബവും അഴകന്‍ തമിഴ്മണിയും പുരസ്‌കാരത്തിന് അര്‍ഹരായി.

തമിഴ്നാട് സര്‍ക്കാരിന്റെ കലാ സാംസ്‌കാരിക ഡയക്ടറേറ്റിന്റെ യൂണിറ്റായ തമിഴ്നാട് ഇയല്‍ ഇസൈ നാടക മന്ദ്രമാണ് പുരസ്‌കാരം നല്‍കുന്നത്.

അടുത്ത മാസം ചെന്നൈയില്‍ നടക്കുന്ന ഔദ്യോഗിക പരിപാടിയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Content Highlight:Yesudas receives MS Subbalakshmi Award

We use cookies to give you the best possible experience. Learn more