ഇസ്രഈലിനെതിരെ രണ്ടാം ആക്രമണം പ്രഖ്യാപിച്ച് യമൻ ഹൂതികൾ
World
ഇസ്രഈലിനെതിരെ രണ്ടാം ആക്രമണം പ്രഖ്യാപിച്ച് യമൻ ഹൂതികൾ
മുഹമ്മദ് നബീല്‍
Sunday, 29th March 2026, 7:14 pm

സനാ: തെക്കൻ ഇസ്രഈലിനെ ലക്ഷ്യമിട്ട് തങ്ങൾ രണ്ടാമത്തെ സൈനിക നടപടികൾക്ക് ഒരുങ്ങി യെമനിലെ ഹൂതികൾ.

തങ്ങൾ ഇസ്രഈലിന്റെ തന്ത്രപ്രധാനമായ ഇടങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായും ഹൂതി സേനയുടെ വക്താവ് യഹിയ സാരി അറിയിച്ചു.

ഇറാനും ഹിസ്ബുള്ളയും നടത്തിയ സൈനിക നീക്കങ്ങൾക്കൊപ്പം തങ്ങളുടെ തിരിച്ചടിയെന്നും ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇതിന് സാധിച്ചെന്നും ഹൂതി വക്താവ് കൂട്ടിച്ചേർത്തു.

അമേരിക്കയുടെയും ഇസ്രഈലിന്റെയും ആക്രമണങ്ങൾ അവസാനിക്കുന്നതുവരെ പ്രത്യാക്രമണം തുടരുമെന്നും യഹിയ സാരി പറഞ്ഞു.

ഇറാനെതിരെയുള്ള ആക്രമണത്തിന് ശേഷം തെക്കൻ ഇസ്രായേലിനെതിരെ തങ്ങൾ നടത്തുന്ന ആദ്യ സൈനിക നീക്കമാണ് ഇന്നലെ (ശനി) നടത്തിയതെന്ന് ഹൂതി സംഘം അറിയിച്ചിരുന്നു.

ഇസ്രഈലിന് നേരെയുള്ള ആക്രമണത്തിൽ അവരുടെ സൈനിക കേന്ദ്രങ്ങളിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നും ഹൂതികൾ പറഞ്ഞു.

അതേസമയം ഹൂതികളും ആക്രമണം ആരംഭിച്ചതോടെ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.

ഇതിനോടകം തന്നെ 2500 ഓളം അമേരിക്കൻ നാവികർ പശ്ചിമേഷ്യയിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ മറൈൻ സേനയുടെ മുപ്പത്തിയൊന്നാം പര്യവേഷണ സേന യൂണിറ്റിലെ ട്രിപ്പോളി ആംഫിബിയസ് റെഡി ഗ്രുപ്പിന്റെ ഭാഗമായ 2500 പേരടങ്ങുന്ന നാവിക സേനയാണ് പശ്ചിമേഷ്യയിൽ എത്തിയിരിക്കുന്നതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി 28 ന് ഇറാനെതിരെ ഇസ്രഈലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണങ്ങളെത്തുടർന്നാണ് മേഖലയിൽ സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്നത്. അന്നത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെടെ 1,340 ലധികം ആളുകൾ ഇതുവരെ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Content Highlight: Yemen’s Houthis announce second attack on Israel

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം