ഇ.ഡബ്ല്യൂ.എസ് വിധി: ഇന്ത്യന്‍ ഭരണഘടന അതിന്റെ ആത്മാവിനെ കൈവിടുമോ ?
DISCOURSE
ഇ.ഡബ്ല്യൂ.എസ് വിധി: ഇന്ത്യന്‍ ഭരണഘടന അതിന്റെ ആത്മാവിനെ കൈവിടുമോ ?
യാസിര്‍ എ.എം
Sunday, 13th November 2022, 5:26 pm
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സംരക്ഷിക്കാനുളള വിധിയാണിതെന്ന് രണ്ട് വിഭാഗങ്ങളാണ് കരുതിവരുന്നത്. ഒന്ന് ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. രണ്ടാമത്തേത് മനുവാദികളാണ്. ഇന്ത്യന്‍ സമൂഹത്തെ ജാതിയാല്‍ വിഭജിച്ചപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നല്‍കിയ സംവരണം നഷ്ടപ്പെടുത്തുക വഴി ഭാവിയില്‍ അടിമകളായി കീഴാള ജാതിക്കാരെ തങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുമെന്നാണ് മനുവാദികളുടെ ഉളളിലിരിപ്പ്.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന മഹാത്മാ ഗാന്ധിയുടെ സങ്കല്‍പത്തോട് ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അമ്പേദ്കറിന് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. ഇന്ത്യന്‍ ഗ്രാമങ്ങള്‍ എന്നും അംബേദ്കറിന്റെ ഉറക്കംകെടുത്തിയിരുന്നു.

നമ്മുടെ ഗ്രാമങ്ങള്‍ ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വിവിധ ജാതികളായി വിഭജിച്ചിട്ടുണ്ടെന്നതായിരുന്നു ബാബാ സാഹേബ് അംബേദ്കറിനെ അസ്വസ്ഥനാക്കിയത്. അവിടങ്ങളിലെ മനുഷ്യാത്മാക്കള്‍ ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഇന്ത്യയുടെ ആത്മാവിനെങ്ങനെ ശാന്തി ലഭിക്കുമെന്നായിരുന്നു അംബേദ്കറിന്റെ മുഖ്യചോദ്യങ്ങളില്‍ ഒന്ന്.

അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഭരണഘടന സമത്വത്തിനും തുല്യതക്കും പ്രാധാന്യം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യനീതി യാഥാര്‍ത്ഥ്യമാക്കുന്നതിന് സംവരണനയം രൂപപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ‘സാമ്പത്തിക പിന്നാക്ക സംവരണം അംഗീകരിക്കുക വഴി നമ്മുടെ ഭരണഘടനയുടെ സമത്വമെന്ന ആശയം അട്ടിമറിക്കപ്പെടുകയാണോ’യെന്ന അലോചനകള്‍ ശക്തമായിട്ടുണ്ട്. ഈ ഭേദഗതി ഇന്ത്യയുടെ അടിസ്ഥാനവിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രതികരണങ്ങളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.

സ്വാതന്ത്ര്യസമര പ്രസ്ഥാനം എന്ന നിലയ്ക്കാണ് കോണ്‍ഗ്രസ് 1885 ഡിസംബര്‍ 28ന് രൂപപ്പെട്ടതെങ്കിലും അതിന് ശേഷം ഇന്ത്യയില്‍ രൂപംകൊണ്ട രാഷ്ട്രീയ- സാമൂഹ്യപ്രസ്ഥാനങ്ങളിലധികവും സാമൂഹ്യനീതിക്കും സോഷ്യലിസത്തിനും വേണ്ടിയുളളതായിരുന്നു. തമിഴ്നാട്ടില്‍ സ്വതന്ത്ര്യത്തിന് മുന്നേതന്നെ തന്തൈപെരിയാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജാതിവിരുദ്ധ പോരാട്ടം, ഇന്ത്യയുടെ ഹൃദയഭൂമിയില്‍ കാന്‍ഷി റാം, റാം മനോഹര്‍ ലോഹ്യ, ഡോ. അണ്ണാദുരെ, ജയപ്രകാശ് നാരായണ്‍ തുടങ്ങിയ മഹാത്മാക്കള്‍ രൂപപ്പെടുത്തിയ പ്രസ്ഥാനങ്ങള്‍ എന്നിവയത്രയും സാമൂഹ്യനീതിക്ക് വേണ്ടിയുളള പോരാട്ടങ്ങള്‍ക്ക് വെളിച്ചം പകരുന്നതിനുളളതായിരുന്നു.

അതിനു മുമ്പ് മഹാരാഷ്ട്രയില്‍ ജ്യോതിറാവ് ഫുലെ തുടങ്ങിയവരും ജാതിപരമായ അസുന്തലിതാവസ്ഥ നീക്കം ചെയ്യുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചു. അതിന്റെ പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു അംബേദ്കര്‍ രംഗത്തുവന്നത്. ചുരക്കത്തില്‍ സ്വാതന്ത്ര്യ സമരപോരാട്ടം കഴിഞ്ഞാല്‍ ഇന്ത്യയില്‍ രൂപപ്പെട്ട വിപ്ലവസംഭവങ്ങള്‍ തന്നെയായിരുന്നു സമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ രണ്ട് രാഷ്ട്രീയ സംഭവങ്ങളില്‍ ഒന്ന് വി.പി. സിങ് പ്രധാനമന്ത്രിയായപ്പോള്‍ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുളള മണ്ടല്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതാണ്.

                                              വി.പി. സിങ്

ഇപ്പോള്‍ തന്നെ സുപ്രീംകോടതി വിധിക്കെതിരെ മുകളില്‍ പറഞ്ഞ പ്രസ്ഥാനങ്ങളുടെ പിന്‍ഗാമികള്‍ ശ്രദ്ധേയമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ ഡി.എം.കെ സര്‍വകക്ഷിയോഗം വിളിച്ചു. പി.എം.കെയുടെ സ്ഥാപക നേതാവ് ഡോ. രാമദാസ്, വിടുതലൈ ചിരുതൈ കക്ഷി നേതാവ് തോല്‍ തിരുമാവളവന്‍ തുടങ്ങിയവര്‍ വിധിക്കെതിരെ രംഗത്തെത്തിയിരിക്കുന്നു. വൈകാതെ തന്നെ ബീഹാര്‍, യു.പി എന്നിവിടങ്ങളില്‍ നിന്ന് വിധിക്കെതിരായ കൊടുങ്കാറ്റ് വീശാനുളള സാധ്യതയും കാണുന്നുണ്ട്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സംരക്ഷിക്കാനുളള വിധിയാണിതെന്ന് രണ്ട് വിഭാഗങ്ങളാണ് കരുതിവരുന്നത്. ഒന്ന് ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. രണ്ടാമത്തേത് മനുവാദികളാണ്.

ഒന്നാമത്തേത് ഒരു വലിയ ആശയപ്രതിസന്ധിയാണ്. ഈ പ്രതിസന്ധിയെ എഴുത്തുകാരി അരുന്ധതി റോയ് അതിമനോഹരമായി തന്റെ പ്രഥമ നോവല്‍ ആയ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്സി’ല്‍ പ്രതിപാദിച്ചിട്ടുണ്ട്. പിന്നെയും എത്രയോ വിമര്‍ശനങ്ങള്‍ ഈ നിലപാടിനെതിരെ ഉയര്‍ന്നുവന്നിട്ടുണ്ട്. ജാതിയും വര്‍ഗവും എന്ന രണ്ട് സംജ്ഞകളെ പറ്റി നിലവിലെ സാമൂഹ്യസാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ പഠന വിധേയമാക്കാത്തതിന്റെ പ്രശ്നം ഇന്ത്യന്‍ ഇടതുപക്ഷത്തിനുണ്ട്.

1830ലും 1853ലും ഇന്റര്‍നാഷണല്‍ ട്രിബ്യൂണ്‍ പത്രത്തില്‍ യഥാക്രമം ഹെഗലും മാര്‍ക്സും എഴുതിയ ലേഖനങ്ങളില്‍ ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ജാതിയും അന്ധവിശ്വാസങ്ങളും ഇന്ത്യക്കാരെ പൈതൃകമില്ലാത്തവരാക്കിയെന്ന് ഇരുവരും നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ദൗത്യം അന്ധവിശ്വാസങ്ങള്‍ക്കും ജാതിവാദത്തിനും എതിരാകേണ്ടതുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ആ വഴിക്ക് അവര്‍ ചിന്തിച്ചുവരുന്നത് കാണാന്‍ പറ്റുന്നില്ല.

രണ്ടാമത്തെ വിഭാഗം മനുവാദികളാണ്. മനുവാദികളെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഭരണഘടന മനുധര്‍മം ആക്കിമാറ്റാനുളള ഭഗീരഥ പ്രയത്നത്തിലാണവര്‍. അതിനുളള എല്ലാ ഗൃഹപാഠങ്ങളും അവര്‍ നടത്തിയിട്ടുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഈ സുപ്രീം കോടതി വിധി വലിയ ആശ്വാസമാണ് നല്‍കുന്നത്. ജാതിസംവരണ ചട്ടം ഭേദഗതി ചെയ്യപ്പെട്ടതോടെ ഭരണഘടനയുടെ മുഖച്ഛായ തന്നെ മാറി.

ഇന്ത്യന്‍ സമൂഹത്തെ ജാതിയാല്‍ വിഭജിച്ചപ്പോള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നല്‍കിയ സംവരണം നഷ്ടപ്പെടുത്തുക വഴി ഭാവിയില്‍ അടിമകളായി കീഴാള ജാതിക്കാരെ തങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുമെന്നാണ് മനുവാദികളുടെ ഉളളിലിരിപ്പ്.

അതുകൊണ്ട് തന്നെ നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടില്‍ മാറ്റം വരുത്തുന്നതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാടുകളും ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് കാണാം. വരും ദിനങ്ങളില്‍ ഈ വിഷയത്തില്‍ വലിയ ചര്‍ച്ചകളും പോരാട്ടങ്ങളും ഉണ്ടാകുമെന്നുതന്നെ കരുതാം. ഇന്ത്യന്‍ ഭരണഘടന അതിന്റെ ആത്മാവിനെ കൈവിട്ടാല്‍ ശേഷം അചിന്ത്യമായിരിക്കുമെന്ന് ഇന്ത്യന്‍ പിന്നാക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇതിനകം മനസിലാക്കിയിട്ടുണ്ട്. ഭരണഘടനയെ സംമ്പന്ധിച്ചിടത്തോളം ഈ ഭേദഗതി നിര്‍ണായകമാണ്.

Content Highlight: Yasir AM write up on Economically Backward Class reservation, Supreme Court verdict and its impact on the Constitution