ലോകകപ്പില്‍ അവസരമില്ലാത്തവന്റെ ആറാട്ട്; രോഹിത്തും വിരാടുമെല്ലാം ഇനി ഇവന് പിന്നില്‍!
Sports News
ലോകകപ്പില്‍ അവസരമില്ലാത്തവന്റെ ആറാട്ട്; രോഹിത്തും വിരാടുമെല്ലാം ഇനി ഇവന് പിന്നില്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th July 2024, 6:38 pm

ഇന്ത്യ – സിംബാബ്‌വേ പരമ്പരയിലെ മൂന്നാമത്തെ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യക്ക് വേണ്ടി യശസ്വി ജെയ്‌സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമായിരുന്നു ഓപ്പണിങ് ഇറങ്ങിയത്.
ആദ്യ ഓവറില്‍ തന്നെ മിന്നും പ്രകടനമാണ് ജെയ്സ്വാള്‍ കാഴ്ചവച്ചത്. മത്സരത്തില്‍ 27 പന്തില്‍ 36 റണ്‍സ് നേടിയാണ് താരം പുറത്തായത്. സിക്കന്ദര്‍ റാസിയുടെ പന്തില്‍ ബ്രയാനാണ് താരത്തിന്റെ ക്യാച്ച് നേടിയത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്. 2024ല്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍ നാഷണല്‍ റണ്‍സ് നേടുന്ന താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്. ഈ ലിസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തിനെയും അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സദ്രാനെയുമാണ് യുവ ഓപ്പണര്‍ പിന്നിലാക്കിയത്. ലിസ്റ്റില്‍ വിരാട് കോഹ്‌ലി ജെയ്‌സ്വാളിനേക്കാള്‍ എത്രയോ പുറകിലാണ്.

2024ല്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍ നാഷണല്‍ റണ്‍സ് നേടുന്ന താരം, രാജ്യം, റണ്‍സ്

യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – 845

ഇബ്രാഹിം സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍ – 844

രോഹിത് ശര്‍മ – ഇന്ത്യ – 833

എട്ടു പന്തില്‍ പത്ത് റണ്‍സ് നേടിയ അഭിഷേക് ശര്‍മയെയും സിക്കന്ദര്‍ റാസ തുടര്‍ന്ന് പുറത്താക്കി.
തുടര്‍ന്ന് ബ്ലെസിങ് മുസരബാനിയുടെ പന്തിലാണ് ഇന്ത്യയുടെ യുവ ക്യാപ്റ്റന്‍ ഗില്‍ പുറത്തായത്. 49 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറും അടക്കം 66 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ഗില്ലിന് പുറമെ റിതുരാജ് ഗെയ്ക്വാദ് 28 പന്തില്‍ 49 റണ്‍സ് നേടിയാണ് പുറത്താത്. മൂന്ന് സിക്‌സും നാല് ഫോറും താരം നേടിയിരുന്നു. ശേഷം ഇറങ്ങിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ 7 പന്തില്‍ രണ്ട് ഫോര്‍ അടക്കം 12 റണ്‍സ് നേടിയപ്പോള്‍ റിങ്കു ഒരു റണ്‍സും നേടി.

 

Content Highlight: Yashasvi Jaiswal In Record Achievement