ഭാവി സേവാഗ് ആകാനുള്ള യാത്ര ഇവിടെ തുടങ്ങുന്നു; വീരുവിന്റെ പാത പിന്തുടര്‍ന്ന് ജെയ്‌സ്വാള്‍, ഒപ്പമെത്താന്‍ ഇനി വേണ്ടത് 13 ഫിഫ്റ്റി
Sports News
ഭാവി സേവാഗ് ആകാനുള്ള യാത്ര ഇവിടെ തുടങ്ങുന്നു; വീരുവിന്റെ പാത പിന്തുടര്‍ന്ന് ജെയ്‌സ്വാള്‍, ഒപ്പമെത്താന്‍ ഇനി വേണ്ടത് 13 ഫിഫ്റ്റി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th January 2024, 1:49 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിെല ആദ്യ മത്സരത്തില്‍ ഇന്ത്യ ലീഡ് നേടിയിരിക്കുകയാണ്. യശസ്വി ജെയ്‌സ്വാളിന്റെയും കെ.എല്‍. രാഹുലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ലീഡ് നേടിയിരിക്കുന്നത്. നിലവില്‍ 62 ഓവര്‍ പിന്നിടുമ്പോള്‍ 276ന് നാല് എന്ന നിലയിലാണ് ഇന്ത്യ.

ജെയ്‌സ്വാള്‍ 74 പന്തില്‍ 80 റണ്‍സ് നേടി പുറത്തായപ്പോള്‍ 113 പന്തില്‍ 85 റണ്‍സുമായി രാഹുല്‍ ബാറ്റിങ് തുടരുകയാണ്.

ജെയ്‌സ്വാള്‍ അടിത്തറയിട്ട ഇന്നിങ്‌സ് പിന്നാലെ വന്നവര്‍ കെട്ടിയുയര്‍ത്തുകയായിരുന്നു. നേരിട്ട ആദ്യ പന്ത് മുതല്‍ അറ്റാക് ചെയ്ത് കളിക്കാനാണ് തന്നെയാണ് തീരുമാനം എന്ന് വ്യക്തമാക്കുന്നതായിരുന്നു ജെയ്‌സ്വാളിന്റെ പ്രകടനം. ടെസ്റ്റില്‍ ഏകദിനമെന്ന പോലെയായിരുന്നു ജെയ്‌സ്വാള്‍ ബാറ്റ് വീശിയത്.

പ്രൈം വിരേന്ദര്‍ സേവാഗിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു താരത്തിന്റെ ആറ്റിറ്റിയൂഡ്. ബൗണ്ടറികളുമായി കളം നിറഞ്ഞ് കളിച്ച ജെയ്‌സ്വാള്‍ തന്നെയായിരുന്നു ആദ്യ ദിവസത്തെ പ്രധാന കാഴ്ച. എന്നാല്‍ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ചപ്പോള്‍ തന്നെ ബൗണ്ടറി നേടിയെങ്കിലും നാലം പന്തില്‍ ജെയ്‌സ്വാള്‍ പുറത്തായി.

ഇന്ത്യന്‍ മണ്ണിലെ തന്റെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയെന്ന മോഹവുമായി ഇറങ്ങിയ ജെയ്‌സ്വാളിന് മുമ്പില്‍ വില്ലനായി ജോ റൂട്ട് അവതരിച്ചു. രണ്ടാം ദിവസത്തെ ആദ്യ ഓവറിലെ നാലാം പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് താരം പുറത്തായത്.

പത്ത് ഫോറും മൂന്ന് സിക്‌സറും അടക്കം 108.11 എന്ന സ്‌ട്രൈക്ക് റേറ്റാണ് ജെയ്‌സ്വാളിനുണ്ടായിരുന്നത്.

ഇതോടെ ഒരു എലീറ്റ് ലിസ്റ്റിലേക്കാണ് ജെയ്‌സ്വാള്‍ പ്രവേശിച്ചിരിക്കുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 100+ സ്‌ട്രൈക്ക് റേറ്റില്‍ 50+ സ്‌കോര്‍ നേടുന്ന ഓപ്പണര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഇതാദ്യമായാണ് നേരിട്ട പന്തിനേക്കാള്‍ കൂടുതല്‍ റണ്‍സടിച്ച് ജെയ്‌സ്വാള്‍ 50+ സ്‌കോര്‍ നേടുന്നത്.

ഏറ്റവുമധികം തവണ ഈ നേട്ടത്തിലെത്തുന്ന താരങ്ങളുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനം പങ്കിടുകയാണ് ജെയ്‌സ്വാള്‍. 14 തവണ ഈ നേട്ടവുമായി സേവാഗാണ് പട്ടികയില്‍ ഒന്നാമന്‍.

100+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ നേടിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍

വിരേന്ദര്‍ സേവാഗ് – 14

ശിഖര്‍ ധവാന്‍ – 3

ക്രിസ് ശ്രീകാന്ത് – 1

രോഹിത് ശര്‍മ – 1

പാര്‍ഥിവ് പട്ടേല്‍ – 1

പൃഥ്വി ഷാ – 1

യശസ്വി ജെയ്‌സ്വാള്‍ – 1*

ഇതിന് പുറമെ 100+ സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഇന്ത്യന്‍ ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന റണ്‍സ് എന്ന നേട്ടവും ജെയ്‌സ്വാള്‍ സ്വന്തമാക്കി. ഇന്ത്യന്‍ ലെജന്‍ഡ് വിരേന്ദര്‍ സേവാഗ് അടക്കി വാഴുന്ന ലിസ്റ്റിലാണ് ‘ദി നെക്സ്റ്റ് സേവാഗ്’ എന്ന ആരാധകര്‍ വിശേഷിപ്പിച്ച ജെയ്‌സ്വാള്‍ നടന്നുകയറിയത്.

 

100+ സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഇന്ത്യ ഓപ്പണറുടെ ഏററവും ഉയര്‍ന്ന റണ്‍സ്

വിരേന്ദര്‍ സേവാഗ് – 319

വിരേന്ദര്‍ സേവാഗ് – 293

വിരേന്ദര്‍ സേവാഗ് – 254

ശിഖര്‍ ധവാന്‍ – 190

ശിഖര്‍ ധവാന്‍ – 187

വിരേന്ദര്‍ സേവാഗ് – 131

വിരേന്ദര്‍ സേവാഗ് – 117

വിരേന്ദര്‍ സേവാഗ് – 109

ശിഖര്‍ ധവാന്‍ – 107

വിരേന്ദര്‍ സേവാഗ് – 83

യശസ്വി ജെയ്‌സ്വാള്‍ – 80

 

 

Content Highlight: Yashaswi Jaiswal has made it to the list topped by Virender Sehwag