അവന്‍ കൂടുതല്‍ ശക്തനായി തിരിച്ചെത്തും, അത് മറ്റു ടീമുകള്‍ക്ക് താങ്ങാന്‍ ആകില്ല; രാജസ്ഥാന്‍ അസിസ്റ്റന്റ് കോച്ച്
Sports News
അവന്‍ കൂടുതല്‍ ശക്തനായി തിരിച്ചെത്തും, അത് മറ്റു ടീമുകള്‍ക്ക് താങ്ങാന്‍ ആകില്ല; രാജസ്ഥാന്‍ അസിസ്റ്റന്റ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th April 2024, 11:15 am

ഐ.പി.എല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ ഇരിക്കുകയാണ്. ജയ്പൂരിലാണ് മത്സരം നടക്കുന്നത്. നിലവില്‍ നാല് മത്സരങ്ങള്‍ കളിച്ച് നാലും വിജയിച്ച സഞ്ജുവും സംഘവും വിജയപ്രതീക്ഷയിലാണ്.

മത്സരത്തില്‍ രാജസ്ഥാന്റെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ഫോമിലേക്ക് തിരിച്ചെത്തും എന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് രാജസ്ഥാന്‍ റോയല്‍സിന്റെ അസിസ്റ്റന്റ് കോച്ചായ ട്രെവര്‍ പെന്നി സംസാരിക്കുകയും ചെയ്തിരുന്നു. യശസ്വി ഉഗ്രന്‍ കരുത്തോടെ തിരിച്ചുവരും എന്നാണ് മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത്.

‘അവന്‍ ഉടന്‍ ഫോമില്‍ എത്തുമെന്ന് ഉറപ്പാണ്. മറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം അത് കൂടുതല്‍ ആശങ്കാജനകമാണ്. ഞങ്ങള്‍ വിജയിക്കുന്നതും അവന് റണ്‍സ് നേടാന്‍ സാധിക്കാത്തതും നല്ലതാണ്. തീര്‍ത്തും തെറ്റൊന്നുമില്ല,’ ട്രെവര്‍ പെന്നി പറഞ്ഞു.

നിലവില്‍ ഓപ്പണറുടെ കാര്യമായ സംഭാവനകള്‍ ഇല്ലാതെയാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങാതെ മുന്നേറുന്നത്. ആദ്യ മത്സരത്തില്‍ എല്‍.എസ്.ജിയോട് 12 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയപ്പോള്‍ ദല്‍ഹിയോട് അഞ്ചും മുംബൈയോട് പത്തും ആര്‍.സി.ബിയോട് പൂജ്യം റണ്‍സുമാണ് താരത്തിന്റെ സംഭാവന. ഇനിയുള്ള നിര്‍ണായക മത്സരത്തില്‍ താരം കഴിവ് തെളിയിക്കുന്നതിന് വേണ്ടി മിന്നും പ്രകടനം നടത്തുമെന്നത് ഉറപ്പാണ്.

എന്നാല്‍ താരം ഫോമിലേക്ക് തിരിച്ചെത്തിയാല്‍ രാജസ്ഥാനെ തടയാന്‍ മറ്റൊരു ടീമിനും സാധ്യമാകാത്ത അവസ്ഥ ഉണ്ടാകും എന്ന് ഉറപ്പാണ്. ഗുജറാത്തിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ താരം വമ്പന്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുകയാണ് ക്രിക്കറ്റ് ലോകം.

 

Content Highlight: Yashasvi Jaiswal Will Come Back