രഞ്ജി ട്രോഫിയില്‍ മുംബൈയ്‌ക്കൊപ്പം വീണ്ടും കളത്തിലിറങ്ങാന്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാള്‍. ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തില്‍ താരം മുംബൈയ്ക്കായി ബാറ്റ് വീശും. രാജസ്ഥാനാണ് എതിരാളികള്‍. ഐ.പി.എല്ലില്‍ ജെയ്‌സ്വാളിന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.
നവംബര്‍ ഒന്നിന് നടക്കുന്ന മത്സരത്തില്‍ താന്‍ അവൈലബിളാണെന്ന് ജെയ്‌സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. സീസണില്‍ താരത്തിന്റെ ആദ്യ മത്സരമാകും ഇത്.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് ശേഷം താരം നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. പരമ്പര ഇന്ത്യ 2-1ന് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് നടക്കാനിരിക്കുന്ന ടി-20 പരമ്പരയുടെ സ്‌ക്വാഡില്‍ ഇടം നേടാനും താരത്തിന് സാധിച്ചിരുന്നില്ല.
അതേസമയം, നിലവില്‍ ഛത്തീസ്ഗഡിനെതിരെ നടക്കുന്ന മത്സരത്തില്‍ മുംബൈ മികച്ച രീതിയില്‍ തുടരുകയാണ്. എം.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഛത്തീസ്ഗഡ് 241 റണ്‍സിന് പിന്നിലാണ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആദ്യ ഇന്നിങ്‌സില്‍ 416ന് പുറത്തായി. സൂപ്പര്‍ താരം അജിന്‍ക്യ രഹാനെയുടെ കരുത്തിലാണ് മുന്‍ ചാമ്പ്യന്‍മാര്‍ സ്‌കോര്‍ ഉയര്‍ത്തിയത്.
ഛത്തീസ്ഗഡിനായി ആദിത്യ സര്‍വാതെ അഞ്ച് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ സീസണില്‍ കേരളത്തിനായി കളിച്ച താരമാണ് സര്‍വാതെ. രവി കിരണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റുമായി അജയ് മണ്ഡലും തിളങ്ങി.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഛത്തീസ്ഗഡ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 എന്ന നിലയിലാണ്. 20 റണ്‍സുമായി ശശാങ്ക് സിങ്ങും മൂന്ന് റണ്‍സുമായി ആദിത്യ സര്‍വാതെയുമാണ് ക്രീസില്‍.
Stumps Day 3: Chhattisgarh – 175/6 in 60.3 overs (Shashank Singh 20 off 31, A A Sarvate 3 off 18) #MUMvCHH#RanjiTrophy#Elite