ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരോ തലമുറയ്ക്കും നിങ്ങള്‍ പ്രചോദനമാണ്: യശസ്വി ജെയ്‌സ്വാള്‍
Sports News
ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരോ തലമുറയ്ക്കും നിങ്ങള്‍ പ്രചോദനമാണ്: യശസ്വി ജെയ്‌സ്വാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th May 2025, 2:41 pm

ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലി വിരമിച്ച വാര്‍ത്ത ഏറെ വിഷമത്തോടെയാണ് ആരാധകര്‍ കേട്ടത്. തന്റെ 14 വര്‍ഷത്തെ ടെസ്റ്റ് കരിയറിനാണ് വിരാട് വിരാമമിട്ടത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവെച്ചാണ് വിരാട് തന്റെ വിരമിക്കല്‍ അറിയിച്ചത്.

രോഹിത് ശര്‍മ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയതിന് പിന്നാലെ വിരാട് കോഹ്‌ലിയും ടെസ്റ്റ് മതിയാക്കാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് വിരാട് കോഹ്‌ലി റെഡ് ബോളില്‍ നിന്ന് പടിയിറങ്ങിയിരിക്കുകയാണ്.

ഇപ്പോള്‍ വിരാടിനെ പ്രശംസിച്ച് സംസാരിക്കുകയുമാണ് ഇന്ത്യന്‍ താരം യശസ്വി ജെയ്‌സ്വാള്‍. വിരാടിനെയും രോഹിത് ശര്‍മയേയും കണ്ടാണ് താന്‍ ക്രിക്കറ്റിലേക്ക് വരുന്നതെന്നും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും രോഹിത്തും വിരാടും വലിയ പ്രചോദനമാണെന്ന് ജെയ്‌സ്വാള്‍ പറഞ്ഞു.

‘പാജ്ജി, നിങ്ങളും രോഹിത് ഭായിയും കളിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്, ആ ഇന്ത്യന്‍ ജേഴ്സിയില്‍ നിങ്ങളെ കണ്ട നിമിഷം മുതല്‍ ഒരു ദിവസം അങ്ങനെ ചെയ്യണമെന്ന് ഞാന്‍ സ്വപ്നം കണ്ടു. എനിക്ക് മാത്രമല്ല, നിങ്ങള്‍ കളിയില്‍ കൊണ്ടുവന്ന അഭിനിവേശവും തീവ്രതയും കാരണം ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരോ തലമുറയ്ക്കും നിങ്ങള്‍ പ്രചോദനമാണ്.

ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യന്‍ ക്രിക്കറ്റിലും നിങ്ങള്‍ ചെലുത്തിയ സ്വാധീനം അളക്കാനാവാത്തതാണ്. വര്‍ഷങ്ങളായി ഞാന്‍ ആരാധിച്ചിരുന്ന ഒരാളായ നിങ്ങളുമായി പിച്ച് പങ്കിടാന്‍ അവസരം ലഭിച്ചത് ഒരു പദവി മാത്രമല്ല, അത് എന്നേക്കും എന്നോടൊപ്പമുള്ള ഒരു നിമിഷമായിരുന്നു,’ ജെയ്സ്വാള്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.

ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സാണ് സ്വന്തമാക്കിയത്. 254* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും വിരാട് റെഡ്‌ബോളില്‍ സ്വന്തമാക്കി. 46.9 ഓവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

30 സെഞ്ച്വറികളും 31 അധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. 1027 ഫോറും 30 സിക്‌സുമാണ് വിരാട് ടെസ്റ്റില്‍ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്.

2014ല്‍ എം.എസ്. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത കോഹ്‌ലി എട്ട് വര്‍ഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ നിന്ന് ഇന്ത്യയെ 40 ടെസ്റ്റ് വിജയങ്ങളിലേക്ക് ഇന്ത്യയെ നയിക്കാനാണ് കോഹ്‌ലിക്ക് സാധിച്ചത്. മാത്രമല്ല എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി മാറാനും വിരാടിന് സാധിച്ചു.

 

Content Highlight: Yashasvi Jaiswal talking about Virat Kohli