ഇവന്‍ ഒരുത്തന്‍ മതി ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍, മാത്രമല്ല ആശാന്‍മാരുടെ റെക്കോഡ് പഴങ്കഥയാക്കാന്‍ വേണ്ടത് വെറും...
Sports News
ഇവന്‍ ഒരുത്തന്‍ മതി ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍, മാത്രമല്ല ആശാന്‍മാരുടെ റെക്കോഡ് പഴങ്കഥയാക്കാന്‍ വേണ്ടത് വെറും...
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th June 2025, 10:02 pm

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 20നാണ് പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. സീനിയര്‍ താരങ്ങള്‍ വിരമിക്കുമ്പോള്‍ ഇന്ത്യ മികച്ച യുവ ടീമുമായിട്ടാണ് 2025-27 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. ടീമിലെ യുവതാരങ്ങളില്‍ പ്രധാന ശ്രദ്ധാകേന്ദ്രം ഓപ്പണര്‍ യശസ്വി ജെയ്സ്വാളാണ്.

കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടിനെ വിറപ്പിച്ച ജെയ്സ്വാള്‍ തന്റെ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് വിശ്വസിക്കുന്നത്. മാത്രമല്ല വരാനിരിക്കുന്ന ടെസ്റ്റില്‍ വെറും 202 റണ്‍സ് നേടിയാല്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ടെസ്റ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് ജെയ്സ്വാളിനി സാധിക്കുക.

ഈ നാഴികക്കല്ല് പിന്നിടുന്നതിനോട് കൂടെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ജെയ്സ്വാളിന് സാധിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ബാറ്ററാകാനും താരത്തിന് കഴിയും. ഈ നേട്ടത്തില്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡിനെയും വിരേന്ദര്‍ മറികടക്കാനുള്ള അവസരമാണ് യുവതാരത്തിനുള്ളത്. വെറും 40 ഇന്നിങ്സില്‍ നിന്നുമാണ് ദ്രാവിഡും സേവാഗും ഈ റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ ബാറ്റര്‍ (താരം, ഇന്നിങ്സ് എന്ന ക്രമത്തില്‍)

രാഹുല്‍ ദ്രാവിഡ് – 40 ഇന്നിങ്സ്

വിരേന്ദര്‍ സേവാഗ് – 40 ഇന്നിങ്സ്

വിജയ് ഹസാരെ – 43 ഇന്നിങ്സ്

ഗൗതം ഗംഭീര്‍ – 43 ഇന്നിങ്സ്

നിലവില്‍ 19 ടെസ്റ്റ് മത്സരങ്ങളിലെ 36 ഇന്നിങ്സില്‍ നിന്ന് 1798 റണ്‍സ് ആണ് താരം നേടിയത്. വരാനിരിക്കുന്ന മൂന്ന് ഇന്നിങ്‌സില്‍ 202 റണ്‍സ് നേടിയാല്‍ ഇന്ത്യന്‍ ഇതിഹാസങ്ങളുടെ റെക്കോഡ് പഴങ്കഥയാക്കാന്‍ ജെയ്‌സ്വാളിന് സാധിക്കും.

റെഡ് ബോളില്‍ 214 എന്ന ഉയര്‍ന്ന സ്‌കോറും 52.88 എന്ന ആവറേജും താരത്തിനുണ്ട്. രണ്ട് ഇരട്ട സെഞ്ച്വറിയും നാല് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ജെയ്സ്വാള്‍ റെഡ് ബോളില്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ജയസ്വാളിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം.

ടെസ്റ്റ് ക്രിക്കറ്റില്‍ അഗ്രസീവ് ബാറ്റിങ്ങിന് പേരുകേട്ട സേവാഗ് 2001 മുതല്‍ 2013 വരെയാണ് ഫോര്‍മാറ്റില്‍ ആധിപത്യം സൃഷ്ടിച്ചത്. അതേസമയം ഇന്ത്യയുടെ ക്ലാസിക് ഡിഫന്‍ഡര്‍ ദ്രാവിഡ് 1996 മുതല്‍ 2012 വരെയാണ് റെഡ് ബോള്‍ കളിച്ചത്.

അതേസമയം അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്സ്

Content Highlight: Yashasvi Jaiswal Need 202 Runs In Test Cricket For Great Record Achievement