പ്രോട്ടിയാസിനെതിരെ പരമ്പര തൂക്കി ഇന്ത്യ; കന്നി സെഞ്ച്വറിയില്‍ ജെയ്‌സ്വാള്‍ തൂക്കിയത് അപൂര്‍വ നേട്ടവും!
Sports News
പ്രോട്ടിയാസിനെതിരെ പരമ്പര തൂക്കി ഇന്ത്യ; കന്നി സെഞ്ച്വറിയില്‍ ജെയ്‌സ്വാള്‍ തൂക്കിയത് അപൂര്‍വ നേട്ടവും!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th December 2025, 9:11 pm

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. വിശാഖപ്പട്ടണത്തില്‍ നടന്ന മൂന്നാമത്തേയും അവസാനത്തെയും മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സീരീസ് ഡിസൈഡറില്‍ ടോസ് നേടിയ ഇന്ത്യ പ്രോട്ടിയാസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ 270 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു പ്രോട്ടിയാസ്. മറുപടി ബാറ്റിങ്ങില്‍ 39.5 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഓപ്പണറായ യശസ്വി ജെയ്‌സ്വാള്‍ കാഴ്ചവെച്ചത്. ഏകദിനത്തില്‍ കന്നി സെഞ്ച്വറി നേടിയാണ് താരം തകര്‍ത്താടിയത്. 121 പന്തില്‍ 12 ഫോറും 2 സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 116 റണ്‍സാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. ഇതോടെ ഒരു അപൂര്‍വ നേട്ടത്തിലും താരം വന്നുചേര്‍ന്നിരിക്കുകയാണ്.

ഇന്ത്യയ്ക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ആറാമത് താരമാണ് ജെയ്‌സ്വാള്‍. ചരിത്രത്തില്‍ വെറും അഞ്ച് താരങ്ങള്‍ മാത്രം നേടിയ റെക്കോഡ് ലിസ്റ്റില്‍ തന്റെ പേരും എഴുതിച്ചേര്‍ത്ത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് ജെയ്‌സ്വാള്‍.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്ന താരങ്ങള്‍

സുരേഷ് റെയ്‌ന

രോഹിത് ശര്‍മ

കെ.എല്‍. രാഹുല്‍

വിരാട് കോഹ്‌ലി

ശുഭ്മന്‍ ഗില്‍

ജെയ്‌സ്വാളിന് പുറമെ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വെടിക്കെട്ട് പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. 73 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറും ഉള്‍പ്പെടെ 75 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനും രോഹിത്തിന് സാധിച്ചിരുന്നു. വിരാട് 45 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 65 റണ്‍സും നേടി. അതേസമയം പ്രോട്ടിയാസ് നിരയില്‍ കേശവ് മഹാരാജാണ് ഏക വിക്കറ്റ് നേടിയത്.

മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ്. 89 പന്തില്‍ നിന്ന് ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 106 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ 23ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു. പ്രസിദ്ധ് കൃഷ്ണയാണ് താരത്തെ പുറത്താക്കിയത്.

ഡി കോക്കിന് പുറമെ ടീമിന് വേണ്ടി 67 പന്തില്‍ 48 റണ്‍സ് നേടി ക്യാപ്റ്റന്‍ തെംബ ബാവുമ മിന്നും പ്രകടനം കാഴ്ചവെച്ചു. ഡെവാള്‍ഡ് ബ്രെവിസ് 29 റണ്‍സ് നേടിയപ്പോള്‍ കേശവ് മഹാരാജ് 20* റണ്‍സുമായി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി വലിയ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയുമാണ്. ഇരുവരും നാല് വിക്കറ്റാണ് വിഴ്ത്തിയത്. അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരോ വിക്കറ്റും നേടി.

 

Content Highlight: Yashasvi Jaiswal In Great Record Achievement In International Cricket