ഏഷ്യാ കപ്പില്‍ ഇല്ല, പക്ഷെ ടെസ്റ്റിലും ടി-20യിലും ഇങ്ങനെയൊരു നേട്ടം ഇവന്‍ തൂക്കുമെന്ന് കരുതിയില്ല!
Cricket
ഏഷ്യാ കപ്പില്‍ ഇല്ല, പക്ഷെ ടെസ്റ്റിലും ടി-20യിലും ഇങ്ങനെയൊരു നേട്ടം ഇവന്‍ തൂക്കുമെന്ന് കരുതിയില്ല!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th August 2025, 4:14 pm

ഏഷ്യാകപ്പില്‍ ആയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇതോടെ കഴിഞ്ഞദിവസം (ചൊവ്വ) നടന്ന പത്രസമ്മേളനത്തില്‍ 15 അംഗങ്ങളുടെ ഇന്ത്യന്‍ സ്‌ക്വാഡും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്‌ക്വാഡില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെ പേര് ഇല്ലായിരുന്നു. ഇതോടെ താരത്തെ സ്‌ക്വാഡില്‍ എടുക്കാത്തതില്‍ പല താരങ്ങളും വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

എന്നാല്‍ ജെയ്‌സ്വാള്‍ ടെസ്റ്റ് റാങ്കിങ്ങിലും ടി-20 റാങ്കിങ്ങിലും തന്റെ കുതിപ്പ് തുടരുകയാണ്. ടി-20യില്‍ പതിനൊന്നാം സ്ഥാനത്തുനിന്ന് 673 പോയിന്റോടെ പത്താം സ്ഥാനത്തേക്ക് ഉയര്‍ന്ന താരം ടെസ്റ്റ് റാങ്കിങ്ങില്‍ 792 പോയിന്റോടെ അഞ്ചാമനായും ഇടം നേടിയിട്ടുണ്ട്. പ്രത്യേകത എന്താണെന്നാല്‍ നിലവില്‍ ടെസ്റ്റിലും ടി-20യിലും ജെയ്‌സ്വാള്‍ മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഏക താരം.

2023ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച താരം 24 മത്സരങ്ങളിലെ 46 ഇന്നിങ്‌സില്‍ നിന്ന് 2209 റണ്‍സ് നേടിയിട്ടുണ്ട്. 214 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 50.2 എന്ന മികച്ച ആവറേജിലാണ് താരത്തിന്റെ റണ്‍വേട്ട. മാത്രമല്ല 66.2 എന്ന സ്ട്രൈക്ക് റേറ്റും ആറ് സെഞ്ച്വറികളും 12 അര്‍ധ സെഞ്ച്വറികളും ജയ്‌സ്വള്‍ നേടിയിട്ടുണ്ട്.

ടി-20യിലെ 23 മത്സരങ്ങളിലെ 22 ഇന്നിങ്‌സില്‍ നിന്ന് 723 റണ്‍സാന്‍ താരം നേടിയത്. 100 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 36.1 എന്ന ആവറേജും 164.3 എന്ന സ്ട്രൈക്ക് റേറ്റ് ആണ് ഫോര്‍മാറ്റില്‍ ജെയ്‌സ്വള്‍ സ്വന്തമാക്കിയത്. മാത്രമല്ല അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

അതേസമയം സെപ്റ്റംബംര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ ആയും ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായുമാണ് നിയമിച്ചത്.പ്രതീക്ഷിച്ചപോലെ മലയാളി താരം സഞ്ജു സാംസന്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറും ആയിട്ടായിരിക്കും സഞ്ജു ടീമിനൊപ്പം ചേരുക. ഓപ്പണര്‍ ആയി അഭിഷേക് ശര്‍മയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Yashasvi Jaiswal In Great Achievement In T-20 And Test Ranking