സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് പ്രകടനവുമായി യുവതാരം യശസ്വി ജെയ്സ്വാള്‍. ഹരിയാനയുമായുള്ള മത്സരത്തില്‍ 238 റണ്‍സ് നേടി മുംബൈ വിജയം കൊയ്തപ്പോള്‍ താരത്തിന്റെ ബാറ്റില്‍ നിന്നാണ് ഏറിയ പങ്കും പിറന്നത്. താരം സെഞ്ച്വറിയുമായാണ് ഈ മത്സരത്തില്‍ തിളങ്ങിയത്.
ഓപ്പണറായി ഇറങ്ങി ജെയ്സ്വാള്‍ 50 പന്തില്‍ 101 റണ്‍സാണ് അടിച്ചെടുത്തത്. ഒരു സിക്സും 16 ഫോറും അടങ്ങുന്നതായിരുന്നു ഇടം കൈയ്യന്‍ ബാറ്ററുടെ ഇന്നിങ്സ്. 202.00 എന്ന എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
യശസ്വി ജെയ്‌സ്വാൾ. Photo: Yash/x.com
ജെയ്സ്വാള്‍ ഒറ്റക്ക് 101 റണ്‍സ് നേടിയപ്പോള്‍ മുംബൈയുടെ ബാക്കി ഏഴ് താരങ്ങള്‍ കൂടി നേടിയത് താരത്തിനേക്കാള്‍ വെറും 24 റണ്‍സാണ്. 125 റണ്‍സായിരുന്നു ബാക്കി ബാറ്റര്‍മാരുടെ സമ്പാദ്യം. ഇവരുടൊപ്പം 12 എക്‌സ്ട്രായും മുംബൈയുടെ ഇന്നിങ്‌സിനെ തുണച്ചു.
ടി – 20യില്‍ ഇന്ത്യന്‍ ടീമിലേക്ക് തുടര്‍ച്ചയായി അവസരം ലഭിക്കാത്തപ്പോഴാണ് മുംബൈക്കായി ജെയ്സ്വാളിന്റെ ഈ പ്രകടനം എന്നതും ഇതിനോട് ചേര്‍ത്ത് വെക്കേണ്ടതാണ്. ഒപ്പം നിലവിലെ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന് ഓപ്പണിങ്ങില്‍ തിളങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജെയ്സ്വാളിന്റെ ഈ സെഞ്ച്വറി ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ശുഭ്മൻ ഗിൽ. Photo: BhullanYadav/x.com
രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ സെഞ്ച്വറി ആരാധകരുടെ മനസ് കീഴടക്കുന്നതിനൊപ്പം തന്നെ ഗില്ലിന് വലിയ തലവേദന കൂടിയാണ് സൃഷ്ടിക്കുന്നത്. ജെയ്സ്വാള്‍ ഈ തകര്‍പ്പന്‍ സെഞ്ച്വറിയിലൂടെ ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സ്‌പോട്ടിന് താന്‍ അര്‍ഹനാണ് എന്നാണ് പറഞ്ഞുവെക്കുന്നത്.
2026ലെ ടി – 20 ലോകകപ്പിന് ഇനി കുറച്ച് മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യക്കാകട്ടെ തങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മുമ്പ് വെറും എട്ട് മത്സരങ്ങള്‍ മാത്രമാണുള്ളത്. ഗില്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ ജെയ്സ്വാളടക്കം ബാറ്റ് കൊണ്ട് ആരാധകര്‍ക്ക് വിരുന്നൊരുക്കുന്നത് സെലക്ടര്‍മാരുടെ റഡാറില്‍ പെടുമോയെന്ന് കണ്ട് തന്നെ അറിയണം.
Content Highlight: Yashasvi Jaiswal hit century in Syed Mushtaq Ali for Mumbai, creating a competition to Shubhman Gill for opening spot in T20 world Cup 2026