ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ നാലാം മത്സരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 94 റണ്‍സാണ് ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും സ്വന്തമാക്കിയത്. രാഹുലിനെ മടക്കി ക്രിസ് വോക്‌സാണ് കൂട്ടുകെട്ട് പൊളിച്ചത്. 98 പന്തില്‍ 46 റണ്‍സ് നേടി രാഹുല്‍ തിരിച്ചുനടന്നു.
Yashasvi Jaiswal continues his impressive run with the bat ✨
അധികം വൈകാതെ ജെയ്‌സ്വാളിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ലിയാം ഡോവ്‌സണിന്റെ പന്തില്‍ ഹാരി ബ്രൂക്കിന്റെ കയ്യിലൊതുങ്ങും മുമ്പ് 58 റണ്‍സ് ജെയ്‌സ്വാള്‍ നേടിയിരുന്നു.
ഇതോടെ കഴിഞ്ഞ അര നൂറ്റാണ്ടിനിടെ മാഞ്ചസ്റ്ററില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറായാണ് ജെയ്‌സ്വാള്‍ മാറിയത്. ഇതിന് മുമ്പ് 1974ല്‍ സുനില്‍ ഗവാസ്‌കറാണ് ഇന്ത്യയ്ക്ക് ഇക്കാലമത്രയും വിജയിക്കാന്‍ സാധിക്കാത്ത മാഞ്ചസ്റ്ററില്‍ ഒടുവില്‍ അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍.
മാഞ്ചസ്റ്ററില്‍ ഒരു ഇന്ത്യന്‍ ഓപ്പണറുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍
(താരം – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
വിജയ് മെര്‍ച്ചന്റ് – 114 – 1936
സയ്യിദ് മുഷ്താഖ് അലി – 112 – 1936
സുനില്‍ ഗവാസ്‌കര്‍ – 101 – 1974
വിജയ് മെര്‍ച്ചന്റ് – 78 – 1946
സുനില്‍ ഗവാസ്‌കര്‍ – 58 – 1974
യശസ്വി ജെയ്‌സ്വാള്‍ – 58 – 2025*
സുനില്‍ ഗവാസ്‌കര്‍ – 57 – 1971
നരിമാന്‍ ജംഷഡ്ജി കോണ്‍ട്രാക്ടര്‍ – 56 – 1959
മാഞ്ചസ്റ്ററില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന നാലാമത് ഓപ്പണര്‍ എന്ന നേട്ടം മുമ്പിലിക്കവെയാണ് ജെയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്തായത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ താരം ഈ റെക്കോഡിലെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
അതേസമയം, ആദ്യ ഇന്നിങ്‌സില്‍ 50 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് അവസാനമായി നഷ്ടപ്പെട്ടത്. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനാണ് വിക്കറ്റ്. 23 പന്തില്‍ 12 റണ്‍സുമായി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ഗില്‍ മടങ്ങിയത്.