ഗംഭീറിനൊപ്പം ഇനി ജെയ്‌സ്വാള്‍; ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാം സ്‌പെഷ്യല്‍ അര്‍ധ സെഞ്ച്വറി
Sports News
ഗംഭീറിനൊപ്പം ഇനി ജെയ്‌സ്വാള്‍; ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാം സ്‌പെഷ്യല്‍ അര്‍ധ സെഞ്ച്വറി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 24th November 2025, 9:02 pm

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരം ഗുവാഹത്തിയില്‍ തുടരുകയാണ്. ആദ്യ മത്സരത്തില്‍ തോല്‍വി ചോദിച്ചുവാങ്ങിയ ആതിഥേയര്‍ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഗുവാഹത്തിയില്‍ വിജയം അനിവാര്യമാണ്. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ മികച്ച ലീഡ് സ്വന്തമാക്കിയ സന്ദര്‍ശകര്‍ക്കാണ് നിലവില്‍ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലം.

സ്‌കോര്‍ (മൂന്നാം ദിവസം അവസാനിക്കുമ്പോള്‍)

സൗത്ത് ആഫ്രിക്ക: 489 & 26/0
ഇന്ത്യ: 201

97 പന്തില്‍ 58 റണ്‍സ് നേടിയ യശസ്വി ജെയ്സ്വാളാണ് ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 92 പന്തില്‍ 48 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്ന മറ്റൊരു താരം.

പ്രോട്ടിയാസിനെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ജെയ്‌സ്വാളിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഇടംകയ്യന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ലിസ്റ്റിലാണ് ജെയ്‌സ്വാള്‍ ഇടം പിടിച്ചത്. ഈ റെക്കോഡ് നേടുന്ന മൂന്നാം ഇന്ത്യന്‍ താരമാണ് ജെയ്‌സ്വാള്‍.

1996ല്‍ വൂര്‍കേരി രാമനാണ് ഈ നേട്ടത്തില്‍ ആദ്യമെത്തിയത്. 124 പന്ത് നേരിട്ട താരം 57 റണ്‍സ് നേടി.

നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ മൂന്ന് തവണ ഈ നേട്ടത്തിലെത്തി. 2010ല്‍ സെഞ്ചൂറിയനില്‍ 80 റണ്‍സ് നേടിയ താരം അടുത്ത വര്‍ഷം കേപ്ടൗണില്‍ 93 റണ്‍സും സ്വന്തമാക്കി. 2014ല്‍ കാണ്‍പൂരിലും ഗംഭീര്‍ പ്രോട്ടിയാസിനെതിരെ അര്‍ധ സെഞ്ച്വറി നേടി.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇതുവരെ ഒരു ഇടംകയ്യന്‍ ഓപ്പണറും സെഞ്ച്വറി നേടിയിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

അതേസമയം, മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യയുടെ തകര്‍ച്ചയാണ് ആരാധകര്‍ കണ്ടത്. ഹോം ഗ്രൗണ്ടിന്റെ അഡ്വാന്റേജ് മുതലാക്കാന്‍ വീണ്ടും ഇന്ത്യയ്ക്ക് സാധിക്കാതെ പോയ കാഴ്ചയ്ക്കാണ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയം സാക്ഷിയായത്. ക്യാപ്റ്റന്‍ റിഷബ് പന്ത് അടക്കമുള്ളവര്‍ ചെറുത്തുനില്‍ക്കാന്‍ പോലും പ്രയാസപ്പെട്ടു.

ഓള്‍റൗണ്ടര്‍ മാര്‍കോ യാന്‍സന്റെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക ആതിഥേയരെ എറിഞ്ഞുവീഴ്ത്തിയത്. ആറ് വിക്കറ്റുകളാണ് യാന്‍സെന്‍ പിഴുതെറിഞ്ഞത്.

View this post on Instagram

A post shared by ICC (@icc)

ധ്രുവ് ജുറെല്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരെയാണ് യാന്‍സെന്‍ മടക്കിയത്.

യാന്‍സെന് പുറമെ സൈമണ്‍ ഹാര്‍മറും തിളങ്ങി. മൂന്ന് വിക്കറ്റാണ് ഓഫ് ബ്രേക്കര്‍ സ്വന്തമാക്കിയത്. കേശവ് മഹാരാജാണ് ശേഷിച്ച വിക്കറ്റെടുത്തത്.

 

Content Highlight: Yashasvi Jaiswal becomes 3rd left hander opener to score 50 against South Africa in Test