പ്രോട്ടിയാസിനെതിരെ അടിച്ച കന്നി സെഞ്ച്വറി; സൂപ്പര്‍നേട്ടത്തില്‍ ജെയ്സ്വാള്‍
Cricket
പ്രോട്ടിയാസിനെതിരെ അടിച്ച കന്നി സെഞ്ച്വറി; സൂപ്പര്‍നേട്ടത്തില്‍ ജെയ്സ്വാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th December 2025, 11:18 am

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ ആതിഥേയര്‍ വിജയിച്ചിരുന്നു. വിശാഖപ്പട്ടണത്ത് നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു മെന്‍ ഇന്‍ ബ്ലൂവിന്റെ വിജയം. സീരീസ് ഡിസൈഡറില്‍ യശസ്വി ജെയ്സ്വാളിന്റെ കരുത്തിലാണ് പ്രോട്ടിയാസിനെ തകര്‍ത്തെറിഞ്ഞത്. അതോടെ ഇന്ത്യ പരമ്പരയില്‍ ജേതാക്കളുമായി.

ഈ മത്സരത്തില്‍ ഏകദിനത്തിലെ തന്റെ കന്നി സെഞ്ച്വറി നേടിയാണ് ജെയ്സ്വാള്‍ കരുത്ത് കാട്ടിയത്. താരം പ്രോട്ടിയാസിനെതിരെ 121 പന്തില്‍ പുറത്താകാതെ 116 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രണ്ട് സിക്സും 12 ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന യശസ്വി ജെയ്‌സ്വാൾ Photo: BCCI/x.com

ഈ പ്രകടനത്തോടെ ജെയ്സ്വാള്‍ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ്. ഇതിന് മുമ്പ് സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, സ്മൃതി മന്ഥാന എന്നിവരാണ് മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയത്.

ഇതിനൊപ്പം തന്നെ മറ്റൊരു റെക്കോഡും ജെയ്സ്വാള്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ പ്രായം കുറഞ്ഞ താരമാകാനും ഇന്ത്യന്‍ ബാറ്റര്‍ക്ക് സാധിച്ചു.

എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരങ്ങള്‍, പ്രായം

ബ്രയാന്‍ ബെന്നറ്റ് – സിംബാബ്വെ – 21 വയസ് 324 ദിവസം

അഹമ്മദ് ഷെഹ്സാദ് – പാകിസ്ഥാന്‍ – 22 വയസ് 127 ദിവസം

ശുഭ്മന്‍ ഗില്‍ – ഇന്ത്യ – 23 വയസ് 146 ദിവസം

സുരേഷ് റെയ്‌ന – ഇന്ത്യ – 23 വയസ് 24 ദിവസം

യശസ്വി ജെയ്സ്വാള്‍ – ഇന്ത്യ – 23 വയസ് 343 ദിവസം

മത്സരത്തിനിടെ രോഹിത് ശർമ Photo: BCCI/x.com

മത്സരത്തില്‍ ജെയ്സ്വാളിന് പുറമെ, രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. രോഹിത് 73 പന്തില്‍ 75 റണ്‍സ് എടുത്തപ്പോള്‍ കോഹ്ലി 45 പന്തില്‍ പുറത്താവാതെ 65 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

പ്രോട്ടിയാസിനായി കേശവ് മഹാരാജാണ് വിക്കറ്റ് നേടിയത്.

മത്സരത്തിനിടെ വിരാട് കോഹ്‌ലി Photo: BCCI/x.com

മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത പ്രോട്ടിയാസിനായി ക്വിന്റണ്‍ ഡി കോക്ക് സെഞ്ച്വറി നേടി. 89 പന്തില്‍ 106 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ തെംബ ബാവുമ (67 പന്തില്‍ 48), ഡെവാള്‍ഡ് ബ്രെവിസ് (29 പന്തില്‍ 29) കേശവ് മഹാരാജ് (29 പന്തില്‍ 20*) എന്നിവരും മികച്ച പ്രകടനം നടത്തി.

ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതമെടുത്തു. ഒപ്പം അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Yashasvi Jaiswal became the fifth youngest batter to smash  century in all formats