ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനാണ് ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയുമാണ് മൂന്നാം ടെസ്റ്റ് ചാമ്പ്യൻസ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ക്രിക്കറ്റിന്റെ മക്കയായ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ നാളെയാണ് (ജൂൺ 11) ഫൈനൽ അങ്കത്തിന് തുടക്കമാവുക.
തുടര്‍ച്ചയായ രണ്ടാം ഫൈനലില്‍ തങ്ങളുടെ പതിനൊന്നാം കിരീടം തേടിയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. കഴിഞ്ഞ ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി നേടിയ ഡബ്ല്യു.ടി.സിയിലെ കിരീടം നിലനിർത്തുകയെന്നതും കങ്കാരുക്കളുടെ ലക്ഷ്യമാണ്.
The final leg to Lord’s has begun! 🏟️
From grit to glory, it’s all been leading to this final test of character.
അതേസമയം, ലോക വേദികളിലെ ആദ്യ കിരീടമാണ് സൗത്ത് ആഫ്രിക്കയുടെ ഉന്നം. പലപ്പോഴും ഐ.സി.സി ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിലും കിരീടത്തിനരികിൽ കാലിടറിയ ടീമാണ് സൗത്ത് ആഫ്രിക്ക. ചോക്കേഴ്സ് എന്ന വിളിപ്പേര് മാറ്റാനാണ് ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങുന്നത്.
ഇപ്പോൾ ഫൈനലിൽ ആര് കിരീടമുയർത്തുമെന്ന് പ്രവചിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. രണ്ട് ചെകുത്താന്മാരിൽ ഒരാളെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നത് പോലെയാണ് ഇതെന്നും ഓസ്‌ട്രേലിയയെ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ സൗത്ത് ആഫ്രിക്ക ജയിച്ചാൽ നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൈ സ്പോർട്സിൽ മൈക്കൽ ആതർട്ടനും ഷോൺ പൊള്ളോക്കുമായി സംസാരിക്കുകയായിരുന്നു നാസർ ഹുസൈൻ.
‘രണ്ട് ചെകുത്താന്മാരിൽ ഒരാളെ തെരഞ്ഞെടുക്കാൻ എന്നോട് ആവശ്യപ്പെടുന്നത് പോലെയാണ് ഇത്. അതായത്, ഇത് ഓസ്‌ട്രേലിയയോ ദക്ഷിണാഫ്രിക്കയോ എന്നത് പോലെയാണ്. ഏതാണ് മോശം? ഏതാണ് എനിക്ക് കൂടുതൽ വേദന ഉണ്ടാക്കുന്നത്?
ദക്ഷിണാഫ്രിക്ക ജയിച്ചാൽ, പൊള്ളോക്ക് എന്റെ ചെവിയ്ക്ക് ഒരു ഒഴിവും തരില്ല. അതുകൊണ്ട്, ജീവിതത്തിൽ ഒരിക്കൽ ഞാൻ ഓസ്‌ട്രേലിയയെ പിന്തുണയ്ക്കുന്നു. പക്ഷേ ദക്ഷിണാഫ്രിക്ക ജയിച്ചാൽ അത് നല്ലതായിരുന്നു,’ ഹുസൈൻ പറഞ്ഞു.