| Saturday, 14th June 2025, 7:30 pm

വിജയം തുടരും, ഇത് ഞങ്ങൾ ഒന്നായി ആഘോഷിക്കും; കിരീടനേട്ടത്തിന് പിന്നാലെ പ്രതികരണവുമായി ബാവുമ

സ്പോര്‍ട്സ് ഡെസ്‌ക്

വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി സൗത്ത് ആഫ്രിക്ക. കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പ്രോട്ടിയാസ് നേടിയത്. വിജയത്തോടെ ചോക്കേഴ്സ് എന്ന വിളിപ്പേരിനെ പടിക്ക് പുറത്താക്കാനും ബാവുമയുടെ സംഘത്തിനായി.

സെഞ്ച്വറി പ്രകടനവുമായി ക്രീസിൽ ഉറച്ച് നിന്ന ഏയ്ഡന്‍ മര്‍ക്രമിന്റെയും ക്യാപ്റ്റൻ ബാവുമയുടെയും കരുത്തിലാണ് സൗത്ത് ആഫ്രിക്ക ആദ്യ കിരീടത്തിൽ മുത്തമിട്ടത്. 26 വർഷങ്ങളുടെ കിരീട വരൾച്ചയ്ക്ക് വിരാമമിട്ടാണ് സൗത്ത് ആഫ്രിക്ക തങ്ങളുടെ ആദ്യ ഐ.സി.സി കപ്പ് സ്വന്തമാക്കിയത്.

ഇപ്പോൾ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ നായകൻ തെംബ ബാവുമ. തങ്ങൾ പലതവണ അടുത്ത് എത്തിയിരുന്നുവെന്നും എന്നാൽ നിരാശയായിരുന്നു ഫലമെന്നും താരം പറഞ്ഞു. ഈ വിജയം വിജയപരമ്പരയ്ക്ക് തുടക്കവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഞങ്ങൾ ഒന്നായി ആഘോഷിക്കുമെന്നും പ്രോട്ടിയാസ് നായകൻ കൂട്ടിച്ചേർത്തു.

‘ഞങ്ങൾ പലതവണ വിജയത്തോട് അടുത്തിരുന്നു. ഒരുപാട് നിരാശയും അനുഭവിച്ചു. ഞങ്ങൾക്ക് എപ്പോഴും ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഈ വിജയം ഒരു വിജയ പരമ്പരയ്ക്ക് തുടക്കമിടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് ഞങ്ങളുടെ വിഭജിത രാജ്യത്തെ ഒന്നിപ്പിക്കും. നമ്മൾ തീർച്ചയായും ഒന്നായി ആഘോഷിക്കും,’ ബാവുമ പറഞ്ഞു.

ഫൈനലിൽ 282 റൺസ് പിന്തുടർന്ന സൗത്ത് ആഫ്രിക്കക്കായി രണ്ടാം ഇന്നിങ്സിൽ മാർക്രം – ബാവുമ സഖ്യം മികച്ച പ്രകടനം നടത്തിയത്. ഇരുവരും പടുത്തുയർത്തിയ 147 റൺസിന്റെ കൂട്ടുകെട്ടാണ് പ്രോട്ടിയാസിന് സ്വപ്ന കിരീടം സമ്മാനിച്ചത്.

സൗത്ത് ആഫ്രിക്കൻ ഓപ്പണർ ഏയ്ഡന്‍ മാർക്രം 207 പന്തിൽ 14 ഫോറുകൾ അടിച്ച് 136 റൺസ് അടിച്ച് തകർപ്പൻ പ്രകടനം കാഴ്‌ച വെച്ചു. കൂടാതെ ക്യാപ്റ്റൻ ബാവുമ 134 പന്തിൽ 66 റൺസെടുത്തു.

ബൗളിങ്ങിൽ കാഗിസോ റബാദയാണ് പ്രോട്ടീയാസിനായി മിന്നും പ്രകടനം പുറത്തെടുത്തത്. താരം ഇരു ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റുകളാണ്‌ പിഴുതത്.

Content Highlight: WTC Final: Temba Bavuma talks about winning World Test Championship defeating Australia

We use cookies to give you the best possible experience. Learn more