മൈറ്റി സൗത്ത് ആഫ്രിക്ക; ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ലോകത്തിന്റെ നെറുകയിൽ പ്രോട്ടിയാസ്
World Test Championship
മൈറ്റി സൗത്ത് ആഫ്രിക്ക; ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ലോകത്തിന്റെ നെറുകയിൽ പ്രോട്ടിയാസ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th June 2025, 6:30 pm

വർഷങ്ങളുടെ കാത്തിരിപ്പിനും കണ്ണീരിനും വിരാമമിട്ട് ലോക ജേതാക്കളായി സൗത്ത് ആഫ്രിക്ക. കരുത്തരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്ക വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചത്. ഐ.സി.സി ചാമ്പ്യൻഷിപ്പുകളിൽ നോക്ക്ഔട്ട് ഘട്ടങ്ങളിൽ പരാജയപ്പെട്ട് ചോക്കേഴ്സ് എന്ന വിളിപ്പേരുമായി എത്തിയ പ്രോട്ടിയാസ് അഞ്ച് വിക്കറ്റിന്റെ ജയമാണ് നേടിയെടുത്തത്.

സെഞ്ച്വറി പ്രകടനവുമായി ക്രീസിൽ ഉറച്ച് നിന്ന ഏയ്ഡന്‍ മര്‍ക്രമിന്റെയും ക്യാപ്റ്റൻ ബാവുമയുടെയും കരുത്തിലാണ് സൗത്ത് ആഫ്രിക്ക ആദ്യ കിരീടത്തിൽ മുത്തമിട്ടത്. 26 വർഷങ്ങളുടെ കിരീട വരൾച്ചയ്ക്ക് വിരാമമിട്ടാണ് സൗത്ത് ആഫ്രിക്ക തങ്ങളുടെ ആദ്യ ഐ.സി.സി കപ്പ് സ്വന്തമാക്കിയത്.

സൗത്ത് ആഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213 എന്ന നിലയിലായിരുന്നു നാലാം ദിനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പ്രോട്ടിയാസിന് കരുത്തായ മാർക്രം – ബാവുമ കൂട്ട്കെട്ട് നിലയുറപ്പിച്ചതോടെ ഓസ്ട്രേലിയ നന്നേ വിയർത്തു. ഇവരുടെയും വിക്കറ്റുകൾ വീഴ്ത്താൻ കങ്കാരുപ്പട കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഈ സഖ്യം ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചു.

വിജയത്തോട് അടുപ്പിക്കവേ ക്യാപ്റ്റൻ കമ്മിൻസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അതിനകം തന്നെ മാർക്രം – ബാവുമ സഖ്യം 147 റൺസ് സ്കോർ ബോർഡിലേക്ക് ചേർത്തിരുന്നു. പിന്നാലെ എത്തിയ സബ്ബ്‌സുമായി ചേർന്ന് മാർക്രം ടീമിനെ മുന്നിൽ നിന്ന് നയിച്ചു.

എട്ട് റൺസ് താരം സബ്ബ്‌സ് സ്റ്റാർക്കിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും പിന്നാലെ വന്ന ബെഡിങ്‌ഹാമിനെ കുട്ടിയായിരുന്നു പ്രോട്ടിയാസ് ഓപ്പണറുടെ പോരാട്ടം. എന്നാൽ വിജയത്തിന് തൊട്ടരികെ മാർക്രവും വീണു. ജോഷ് ഹേസൽവുഡിന്റെ പന്തിൽ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയായിരുന്നു താരത്തിന്റെ മടക്കം. 207 പന്തിൽ 14 ഫോറുകൾ അടിച്ച് 136 റൺസെടുത്ത അതുഗ്രൻ ഇന്നിങ്‌സ് കാഴ്ചവെച്ചായിരുന്നു താരത്തിന്റെ പുറത്താവൽ.

 

താരം ഡഗ്ഔട്ടിലേക്ക് മടങ്ങിയെങ്കിലും സൗത്ത് ആഫ്രിക്ക വിജയം ഉറപ്പിച്ചിരുന്നു. 84ാം ഓവറിലെ നാലാം പന്തിൽ ഒരു റൺസ് ഓടിയെടുത്ത് വേരെയ്നെ പ്രോട്ടിയാസിന് വിജയം സമ്മാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം 282 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ റിയാന്‍ റിക്കല്‍ടണിനെ നഷ്ടമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ 50 പന്തില്‍ 27 റണ്‍സുമായി വിയാന്‍ മുള്‍ഡറും പുറത്തായി. പിന്നീടാണ് മൂന്നാം വിക്കറ്റിൽ മാർക്രം – ബാവുമ സഖ്യം ഒന്നിച്ച് പ്രോട്ടിയാസിന് വിജയത്തിലേക്കും കന്നി കിരീടത്തിനും അടിത്തറ പാകിയത്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ മികച്ച ലീഡ് സ്വന്തമാക്കിയ കങ്കാരുക്കള്‍ക്ക് രണ്ടാം ഇന്നിങ്സില്‍ ഒരിക്കല്‍ക്കൂടി ബാറ്റിങ്ങില്‍ പിഴച്ചിരുന്നു. മാര്‍നസ് ലബുഷാന്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ ടോപ്പ് ഓര്‍ഡര്‍ താരങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടപ്പോള്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് തുണയായത്. 136 പന്ത് നേരിട്ട സ്റ്റാര്‍ക് പുറത്താകാതെ 58 റണ്‍സ് നേടി. 50 പന്ത് നേരിട്ട് 43 റണ്‍സിന് പുറത്തായ അലക്സ് കാരിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ ടീം 207ന് പുറത്താവുകയും 282 റണ്‍സിന്റെ വിജയലക്ഷ്യം പ്രോട്ടിയാസിന് മുമ്പില്‍ വെക്കുകയും ചെയ്തു.

രണ്ടാം ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്കയ്ക്കായി കഗീസോ റബാദ നാല് വിക്കറ്റ് നേടിയപ്പോള്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും സ്വന്തമാക്കി. വിയാന്‍ മുള്‍ഡര്‍, ഏയ്ഡന്‍ മര്‍ക്രം, മാര്‍കോ യാന്‍സെന്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മോശം തുടക്കമാണ് ലഭിച്ചിരുന്നത്. 20 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുമ്പ് തന്നെ രണ്ട് സൂപ്പര്‍ താരങ്ങളുടെ വിക്കറ്റ് നഷ്ടമായിരുന്നു. 50 റണ്‍സിന് മുമ്പ് മൂന്നാമനും കൂടാരം കയറി.

നാലാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും ആറാമനായി ക്രീസിലെത്തിയ ബ്യൂ വെബ്സ്റ്ററും ചെറുത്തുനിന്നതോടെ കങ്കാരുക്കള്‍ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറി. സ്മിത് 112 പന്തില്‍ 66 റണ്‍സും വെബ്സ്റ്റര്‍ 92 പന്തില്‍ 72 റണ്‍സും സ്വന്തമാക്കി.

സ്റ്റാര്‍ പേസര്‍ കഗീസോ റബാദയുടെ ബൗളിങ് മികവിലാണ് സൗത്ത് ആഫ്രിക്ക കങ്കാരുക്കളെ എറിഞ്ഞിട്ടത്. കരിയറിലെ 17ാം ഫൈഫര്‍ പേരിലെഴുതിച്ചേര്‍ത്ത് റബാദ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ അന്തകനായി. ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍, ബ്യൂ വെബ്സ്റ്റര്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവരെയാണ് റബാദ മടക്കിയത്.

മാര്‍കോ യാന്‍സെന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഏയ്ഡന്‍ മര്‍ക്രം, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ പ്രോട്ടിയാസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ലോര്‍ഡ്‌സില്‍ കൊടുങ്കാറ്റ് വിതച്ചപ്പോള്‍ മൈറ്റി ഓസ്‌ട്രേലിയയെന്താണെന്ന് ശരിക്കുമറിഞ്ഞു.

ആദ്യ ഓവര്‍ മുതല്‍ വിക്കറ്റ് വിണ ഇന്നിങ്‌സില്‍ ഡേവിഡ് ബെഡ്ഡിങ്ഹാമിന്റെയും തെംബ ബാവുമയുടെ ഇന്നിങ്‌സുകളാണ് സൗത്ത് ആഫ്രിക്കന്‍ യൂണിറ്റ് തകര്‍ന്നടിയാതെ കാത്തത്. ബെഡ്ഡിങ്ഹാം 111 പന്തില്‍ 45 റണ്‍സും ക്യാപ്റ്റന്‍ ബാവുമ 84 പന്തില്‍ 36 റണ്‍സും നേടി.

ഒടുവില്‍ 138ല്‍ സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ആദ്യ ഇന്നിങ്‌സില്‍ പാറ്റ് കമ്മിന്‍സ് ആറ് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: WTC Final: South Africa won World Test Championship beating Australia