ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്രം സൃഷ്ടിച്ച് പ്രോട്ടിയാസിന്റെ ചീറ്റപ്പുലി; കങ്കാരുക്കള്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ മാസ് എന്‍ട്രി!
Sports News
ഓസ്‌ട്രേലിയയ്‌ക്കെതിരെ ചരിത്രം സൃഷ്ടിച്ച് പ്രോട്ടിയാസിന്റെ ചീറ്റപ്പുലി; കങ്കാരുക്കള്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ മാസ് എന്‍ട്രി!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th June 2025, 10:54 pm

ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോഡ്‌സില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്ത് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്. പ്രോട്ടിയാസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് കഗീസോ റബാദയാണ്. ഫൈഫര്‍ നേടിയാണ് താരം കങ്കാരുക്കളെ അറ്റാക്ക് ചെയ്തത്. ഉസ്മാന്‍ ഖവാജ (0), കാമറൂണ്‍ ഗ്രീന്‍ (17), ബ്യൂ വെബ്സ്റ്റര്‍ (72), പാറ്റ് കമ്മിന്‍സ് (1), മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെയാണ് റബാദ പുറത്താക്കിയത്. 15.4 ഓവറില്‍ അഞ്ച് മെയ്ഡന്‍ ഉള്‍പ്പടെ 3.26 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ് പ്രകടനം.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും റബാദയ്ക്ക് സാധിച്ചിരിക്കുകയാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനം എന്ന നേട്ടമാണ് പ്രോട്ടിയാസ് സീമറെ തേടിയെത്തിയത്.

ഐ.സി.സി ഡബ്ല്യു.ടി.സി ഫൈനലിലെ മികച്ച ബൗളിങ് പ്രകടനങ്ങള്‍, എതിരാളി, വര്‍ഷം

കൈല്‍ ജാമിസണ്‍ – 5/31 – ഇന്ത്യ – 2021

കഗിസോ റബാദ – 5/51 – ഓസ്‌ട്രേലിയ – 2025

നഥാന്‍ ലിയോണ്‍ – 4/41 – ഇന്ത്യ – 2023

ടിം സൗത്തി – 4/48 – ഇന്ത്യ – 2021

റബാദയ്ക്ക പുറമെ മാര്‍ക്കോ യാന്‍സന്‍ മൂന്ന് വിക്കറ്റുകളും കേശവ് മഹാരാജ് ഏയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ശേഷിച്ച വിക്കറ്റുകളും നേടി.

അതേസമയം ഓസീസന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ബ്യൂ വെബ്സ്റ്ററാണ് 92 പന്തില്‍ നിന്നാണ് താരം 72 റണ്‍സ് നേടി നിര്‍ണായക ഘട്ടത്തില്‍ ഓസീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 66 റണ്‍സ് നേടി പുറത്തായ സ്റ്റീവ് സ്മിത്തും ബാറ്റിങ്ങില്‍ പ്രധാന പങ്കാണ് വഹിച്ചത്.

ഓസീസിന്റെ സ്‌കോര്‍ 12 റണ്‍സില്‍ നില്‍ക്കവെയാണ് ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ പൂജ്യം റണ്‍സിന് റബാദ പറഞ്ഞയച്ചത്. 20 പന്തുകള്‍ കളിച്ചാണ് ഖവാജ പുറത്തായത്. എഡ്ജില്‍ കുലുങ്ങി ഡേവിഡ് വെഡ്ഡിങ്ഹാമിന്റെ കൈയിലെത്തുകയായിരുന്നു താരം. ശേഷം എത്തിയ കാമറൂണ്‍ ഗ്രീനിനെ ഏഴാം ഓവറിലെ തന്റെ അവസാന പന്തില്‍ പുറത്താക്കി റബാദ വീണ്ടും വിസ്മയിപ്പിച്ചു. മൂന്ന് പന്തില്‍ നിന്ന് നാല് റണ്‍സുമായിട്ടാണ് ഗ്രീന്‍ കൂടാരത്തിലേക്ക് മടങ്ങിയത്.

പിന്നീട് പതിനെട്ടാം ഓവറിന് എത്തിയ മാര്‍ക്കോ യാന്‍സന്‍ ലബുഷാനേയും പുറത്താക്കി വമ്പന്‍ തിരിച്ചടിയാണ് ഓസ്‌ട്രേലിയയിലേക്ക് നല്‍കിയത്. ലബുഷാന്‍ 17 (56) റണ്‍സിന് മടങ്ങിയത്. അഞ്ചാമനായി ഇറങ്ങിയ ട്രാവിസ് ഹെഡ്ഡിനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ സമ്മതിക്കാതെ യാന്‍സന്‍ വീണ്ടും വിക്കറ്റ് വീഴ്ത്തി. 13 പന്തില്‍ നിന്ന് വെറും 11 റണ്‍സുമായിട്ടാണ് ട്രാവിസ് ഹെഡ് മടങ്ങിയത്. മികവ് പുലര്‍ത്താന്‍ സാധിക്കാതെ ഓസീസിന്റെ മറ്റ് ബാറ്റര്‍മാര്‍ പ്രോട്ടിയാസ് ബൗളര്‍ക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു പിന്നീട്.

Content Highlight: WTC Final: Kagiso Rabada In Great Record Achievement In WTC Final Against Australia