ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ രണ്ടാം ദിവസം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തിട്ടുണ്ട്. ഒന്നാം ഇന്നിങ്സിലെ ലീഡിന്റെ കരുത്തിൽ മത്സരത്തിൽ 218 റൺസിന് മുന്നിട്ട് നിൽക്കുകയാണ് കങ്കാരുക്കൾ.
ഫൈനലിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ കങ്കാരുപ്പടയെ 212 റൺസിന് ഓൾ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്.
Australia extend their lead past 200 despite South Africa’s strikes to leave the #WTC25 Final evenly poised 🔥#SAvAUS
ആദ്യ ഇന്നിങ്‌സിൽ തുടർ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിനെ ഓൾ ഔട്ട് ചെയ്ത് ഓസ്‌ട്രേലിയ മികച്ച തിരിച്ചുവരവാണ് ഓസ്‌ട്രേലിയയും കാഴ്ചവെച്ചത്. കങ്കാരുപ്പടയുടെ ബൗളിങ് അറ്റാക്കിൽ 138 റൺസ് മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാൻ സാധിച്ചത്.
ഒന്നാം ഇന്നിങ്സിൽ പ്രോട്ടിയാസിനായി നായകൻ തെംബ ബാവുമ മികച്ച പ്രകടനം കാഴ്‌ച വെച്ചിരുന്നു. 84 പന്തിൽ ഒരു സിക്‌സും നാല് ഫോറും അടക്കം 36 റൺസെടുത്താണ് ടീമിന്റെ കരുത്തായത്. ഇതോടെ ഒരു സൂപ്പർ നേട്ടവും സൗത്ത് ആഫ്രിക്കൻ നായകന് സ്വന്തമാക്കാനായി.
ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായി കൂടുതൽ 30+ റൺസ് സ്കോർ ചെയ്യുന്ന മൂന്നാമത്തെ ക്യാപ്റ്റൻ എന്ന നേട്ടമാണ് ബാവുമ നേടിയെടുത്തത്. തുടർച്ചയായ എട്ട് ഇന്നിങ്‌സുകളിൽ 36, 106, 40, 31, 66, 78, 113, 70 എന്നിങ്ങനെ സ്കോർ ചെയ്താണ് താരം ഈ നേട്ടത്തിൽ എത്തിയത്.
പാകിസ്ഥാൻ മുൻ നായകൻ ബാബർ അസമിന്റെ 2021-22 ലെയും ഓസ്‌ട്രേലിയൻ നായകനായിരുന്ന സ്റ്റീവ് സ്മിത്തിന്റെ 2016ലെ റെക്കോഡിനൊപ്പം എത്താനും ഇതോടെ ബാവുമയ്ക്കായി.
ടെസ്റ്റിൽ ഏറ്റവും കൂടുതൽ തുടർച്ചയായി 30+ സ്കോർ ചെയ്യുന്ന നായകന്മാർ
(നായകൻ – രാജ്യം – ഇന്നിങ്‌സ് – വർഷം എന്നീ ക്രമത്തിൽ)
ടെഡ് ഡെക്‌സ്റ്റർ – ഇംഗ്ലണ്ട് – 11 – 1962- 63
ഇൻസാമുൽ ഹഖ് – പാകിസ്ഥാൻ – 9 – 2005
തെംബ ബാവുമ – സൗത്ത് ആഫ്രിക്ക – 8 – 2024-
ബാബർ അസം – പാകിസ്ഥാൻ – 8 – 2021- 22
സ്റ്റീവ് സ്മിത്ത് – ഓസ്ട്രേലിയ – 8 – 2016
ആൻഡ്രൂ സ്ട്രോസ് – ഇംഗ്ലണ്ട് – 8 – 2006 – 07
പീറ്റർ മെയ് – ഇംഗ്ലണ്ട് – 8 – 1995-56
ആദ്യ ഇന്നിങ്സിൽ പ്രോട്ടിയാസിനായി നായകന് പുറമെ ഡേവിഡ് വെഡ്ഡിങ്ഹാം 111 പന്തിൽ 45 റൺസെടുത്ത് മികവ് കാട്ടിയിരുന്നു.
ആദ്യ ഇന്നിങ്‌സിൽ ആറ് വിക്കറ്റ് നേടി ഓസീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റൻ പാറ്റ് കമ്മിൻസായിരുന്നു. 18.1 ഓവർ എറിഞ്ഞ് 28 റൺസ് വഴങ്ങി 1.80 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.