വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ സൗത്ത് ആഫ്രിക്ക വിജയത്തിന് തൊട്ടരികിലെത്തി നില്‍ക്കുകയാണ്. മത്സരം രണ്ട് ദിവസം ശേഷിക്കെ 69 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് കിരീടമണിയാം. എട്ട് വിക്കറ്റും ടീമിന്റെ കയ്യിലുണ്ട്.
സൗത്ത് ആഫ്രിക്ക വിജയത്തിന് തൊട്ടടുത്ത് എത്തിയെങ്കിലും ഒന്നും അവസാനിച്ചിട്ടില്ല എന്ന് പറയുകയാണ് മുന്‍ ന്യൂസിലാന്‍ഡ് താരവും കങ്കാരുക്കളുടെ അസിസ്റ്റന്റ് പരിശീലകനുമായ ഡാനിയല്‍ വെറ്റോറി. നിലവില്‍ ഓസീസിന് മേല്‍ സമ്മര്‍ദമുണ്ടെന്നും എന്നാല്‍ അത് മറികടക്കാന്‍ ടീമിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പ്രത്യേകിച്ച് ഒന്നും തന്നെ നോക്കാനില്ല. എല്ലാം മികച്ച രീതിയിലാണ് തുടരുന്നക് എന്ന് പറയാനും ഞാന്‍ അഗ്രഹിക്കുന്നില്ല. ഒരു വിക്കറ്റ് നേടിയാല്‍ മതി. അവിടെ നിന്ന് ഞങ്ങള്‍ക്ക് തുടങ്ങാം.
ഇപ്പോള്‍ അവര്‍ രണ്ട് പേരുടെയും (ഏയ്ഡന്‍ മര്‍ക്രവും തെംബ ബാവുമയും) കയ്യിലാണ് കളിയുടെ കടിഞ്ഞാണ്‍. അതില്‍ ഒരാളെ വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ ഒരു പുതിയ ബാറ്ററെ ക്രീസിലെത്തിക്കാന്‍ സാധിക്കുമോ എന്നാണ് നോക്കുന്നത്.
എട്ട് വിക്കറ്റുകള്‍ വീഴ്ത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല, ഒരു വിക്കറ്റ് വീഴ്ത്തുകയാണ് ആദ്യ ലക്ഷ്യം. അതിനുശേഷം എന്ത് സംഭവിക്കും എന്ന് അപ്പോള്‍ നോക്കാം’, വെറ്റോറി പറഞ്ഞു.
അതേസമയം, മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ മികച്ച ലീഡ് സ്വന്തമാക്കിയ കങ്കാരുക്കള്‍ക്ക് രണ്ടാം ഇന്നിങ്സില്‍ ഒരിക്കല്‍ക്കൂടി ബാറ്റിങ്ങില്‍ പിഴച്ചിരുന്നു. ആദ്യ ഇന്നിങ്സിലേതെന്ന പോലെ രണ്ട് താരങ്ങളുടെ മാത്രം ചെറുത്തുനില്‍പ്പിലാണ് ഓസീസ് കരകയറിയത്.
മാര്‍നസ് ലബുഷാന്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ ടോപ്പ് ഓര്‍ഡര്‍ താരങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടപ്പോള്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് തുണയായത്. 136 പന്ത് നേരിട്ട സ്റ്റാര്‍ക് പുറത്താകാതെ 58 റണ്‍സ് നേടി. 50 പന്ത് നേരിട്ട് 43 റണ്‍സിന് പുറത്തായ അലക്സ് കാരിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ഒടുവില്‍ ടീം 207ന് പുറത്താവുകയും 282 റണ്‍സിന്റെ വിജയലക്ഷ്യം പ്രോട്ടിയാസിന് മുമ്പില്‍ വെക്കുകയും ചെയ്തു.
രണ്ടാം ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്കയ്ക്കായി കഗീസോ റബാദ നാല് വിക്കറ്റ് നേടിയപ്പോള്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും സ്വന്തമാക്കി. വിയാന്‍ മുള്‍ഡര്‍, ഏയ്ഡന്‍ മര്‍ക്രം, മാര്‍കോ യാന്‍സെന്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
282 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ റിയാന്‍ റിക്കല്‍ടണിനെ നഷ്ടമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കിയായായിരുന്നു താരത്തിന്റെ മടക്കം.
ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ 50 പന്തില്‍ 27 റണ്‍സുമായി വിയാന്‍ മുള്‍ഡറും പുറത്തായി. മൂന്നാം വിക്കറ്റില്‍ 143 റണ്‍സിന്റെ കൂട്ടുകെട്ടുമായി മര്‍ക്രം – ബാവുമ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് അടുപ്പിക്കുകയാണ്.
Content Highlight: WTC Final 2025: SA vs AUS: Daniel Vettori on Australia’s chances