ബുംറയെ വെട്ടി സൂപ്പർ നേട്ടത്തിന്റെ തലപ്പത്ത് റബാദ; ലെജന്റ്സ് വാഴുന്ന ലിസ്റ്റ് ഇനി ഈ പ്രോട്ടിയാസ് കരുത്തൻ നയിക്കും
World Test Championship
ബുംറയെ വെട്ടി സൂപ്പർ നേട്ടത്തിന്റെ തലപ്പത്ത് റബാദ; ലെജന്റ്സ് വാഴുന്ന ലിസ്റ്റ് ഇനി ഈ പ്രോട്ടിയാസ് കരുത്തൻ നയിക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th June 2025, 12:05 pm

ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിൽ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ രണ്ടാം ദിവസം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തിട്ടുണ്ട്. ഒന്നാം ഇന്നിങ്സിലെ ലീഡിന്റെ കരുത്തിൽ മത്സരത്തിൽ 218 റൺസിന് മുന്നിട്ട് നിൽക്കുകയാണ് കങ്കാരുക്കൾ.

കഗീസോ റബാദയുടെയും മികച്ച ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് കങ്കാരുപ്പടയുടെ വിക്കറ്റുകള്‍ പെട്ടെന്ന് വീഴ്ത്താന്‍ സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചത്. റബാദ 11 ഓവറുകൾ എറിഞ്ഞ് ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. നാല് എക്കോണമിയിൽ പന്തെറിഞ്ഞ് താരം 44 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ, വൺ ഡൗണായി ഇറങ്ങിയ കാമറൂൺ ഗ്രീൻ, രണ്ടാം ഇന്നിങ്സിൽ കങ്കാരുപടയുടെ നെടുംതൂണായിരുന്ന അലക്സ് കാരി എന്നിവരുടെ വിക്കറ്റുകളാണ്‌ റബാദ എറിഞ്ഞ് നേടിയത്. ഇതോടെ ഒരു സൂപ്പർ നേട്ടവും താരത്തിന് സ്വന്തം പേരിലാക്കാനായി.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബൗളിങ് സ്ട്രൈക്ക് റേറ്റ് തന്റെ അക്കൗണ്ടിലാക്കാനാണ് പ്രോട്ടിയാസ് ബൗളർക്കായത്. ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറയെ മറികടന്നാണ് റബാദ ഈ നേട്ടം എന്റെ പേരിൽ എഴുതി ചേർത്തത്.

ടെസ്റ്റിൽ മികച്ച ബൗളിങ് സ്ട്രൈക്ക് റേറ്റുള്ള താരം (കുറഞ്ഞത് 200 വിക്കറ്റ്)

(താരം – ടീം – സ്ട്രൈക്ക് റേറ്റ് എന്നീ ക്രമത്തിൽ)

കാഗിസോ റബാദ – സൗത്ത് ആഫ്രിക്ക – 39.1

ജസ്പ്രീത് ബുംറ – ഇന്ത്യ – 42.1

ഡെയ്ൽ സ്റ്റെയ്ൻ – സൗത്ത് ആഫ്രിക്ക – 42.4

വഖാർ യൂനിസ് – പാകിസ്ഥാൻ – 43.5

പാറ്റ് കമ്മിൻസ് – ഓസ്ട്രേലിയ – 45.7

റബാദയ്ക്ക് പുറമെ ലുങ്കി എൻഗിഡിയും ടീമിനായി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. മാര്‍ക്കോ യാന്‍സന്‍ വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നിലവില്‍ നേടിയിട്ടുണ്ട്.

രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയക്കായി വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയാണ് മികച്ച പ്രകടനം നടത്തിയത്. താരം 50 പന്തുകൾ നേരിട്ട് 43 റൺസാണ് നേടിയത്. കാരിയ്ക്ക് പുറമെ, ഓപ്പണർ മാര്‍നസ് ലബുഷാൻ 64 പന്തിൽ 22 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. നിലവിൽ ഓസ്‌ട്രേലിയയ്ക്കായി ക്രീസിലുള്ളത് 47 പന്തിൽ 16 റൺസെടുത്ത മിച്ചൽ സ്റ്റാർക്കും ഒരു പന്തിൽ 4 റൺസ് നേടിയ നഥാൻ ലിയോണുമാണ്.

മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയെ 212 റണ്‍സിന് ഓള്‍ ഔട്ട് ചെയ്താണ് പ്രോട്ടിയാസ് തങ്ങളുടെ കരുത്ത് കാണിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടിയാസിനെ ഓള്‍ ഔട്ട് ചെയ്ത് ഓസ്‌ട്രേലിയ മികച്ച തിരിച്ചുവരവാണ് ഓസ്‌ട്രേലിയയും കാഴ്ചവെച്ചത്. കങ്കാരുപ്പടയുടെ ബൗളിങ് അറ്റാക്കില്‍ 138 റണ്‍സ് മാത്രമാണ് സൗത്ത് ആഫ്രിക്കയ്ക്ക് നേടാന്‍ സാധിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടി ഓസീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സായിരുന്നു. 18.1 ഓവര്‍ എറിഞ്ഞ് 28 റണ്‍സ് വഴങ്ങി 1.80 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

Content Highlight: WTC Final 2025: Kagiso Rabada became the bowler with best bowling strike rate in Tests