സൗത്ത് ആഫ്രിക്കയ്ക്ക് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയും. നാളെയാണ് (ജൂണ്‍ 11) സൗത്ത് ആഫ്രിക്കയുമായുള്ള കലാശപ്പോര് ആരംഭിക്കുന്നത്. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സാണ് ഫൈനൽ അങ്കത്തിന് വേദിയാവുന്നത്.
നേരത്തെ, ഫൈനലിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ സൗത്ത് ആഫ്രിക്കയും പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഫൈനലിൽ പ്രോട്ടിയാസിനെതിരെ കളത്തിലിറങ്ങുന്ന ടീമിനെ വെളിപ്പെടുത്തിയത്.
വലിയ സർപ്രൈസുകൾ ഇല്ലെങ്കിലും ഓപ്പണിങ്ങിൽ പുതിയ കൂട്ടുകെട്ടാണ് കങ്കാരുക്കൾക്കായി കളിക്കളത്തിൽ ഇറങ്ങുക. ഉസ്മാൻ ഖവാജയ്ക്കൊപ്പം മാർനസ് ലബുഷാനാണ് ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ എത്തുക. കഴിഞ്ഞ സീരീസുകളിൽ ഓപ്പണറായ സാം കോൺസ്റ്റസിനെ മാറ്റിയാണ് വൺ ഡൗണായി കളിച്ചിരുന്ന ലബുഷാന് സ്ഥാനകയറ്റം ലഭിച്ചതെന്നാണ് ശ്രദ്ധേയം.
വൺ ഡൗണായി എല്ലാവരും പ്രതീക്ഷിച്ച പോലെ പരിക്ക് മാറിയെത്തിയ കാമറൂൺ ഗ്രീൻ എത്തുമ്പോൾ മധ്യനിരയിൽ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡുമുണ്ട്. ബ്യൂ വെബ്സ്റ്റർ ടീമിലെ തന്റെ സ്ഥാനം നിലനിർത്തി. വിക്കറ്റ് കീപ്പിങ്ങിൽ പതിവ് പോലെ അലക്സ് കാരി തന്നെയാണ്.
പരിക്ക് മാറി ജോഷ് ഹേസൽവുഡ് എത്തിയത് കങ്കാരുക്കളുടെ ബൗളിങ്ങിന് മൂർച്ച കൂട്ടും. താരത്തിന് ഒപ്പം പേസ് ആക്രമണത്തിൽ മിച്ചൽ സ്റ്റാർക്കും ക്യാപ്റ്റൻ കമ്മിൻസുമുണ്ട്. ഏക സ്പിന്നറായി നഥാൻ ലിയോണാണ് പ്ലെയിങ് ഇലവന്റെ ഭാഗമായത്.
ലോർഡ്സിലെ വിഖ്യാത സ്റ്റേഡിയത്തിൽ തങ്ങളുടെ പതിനൊന്നാം കിരീടം തേടിയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം ഫൈനലിൽ ഇറങ്ങുമ്പോൾ രണ്ടാം കിരീടം തന്നെയാണ് പാറ്റ് കമ്മിൻസിന്റെ സംഘത്തിന്റെ ലക്ഷ്യം.
19 മത്സരത്തിൽ നിന്നും 13 വിജയത്തോടെ 67.54 എന്ന പോയിന്റ് പേർസെന്റേജോടെയാണ് ഓസ്ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്. പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസിയിൽ ടെസ്റ്റ് ഫോർമാറ്റിലെ രാജപദവി നിലനിർത്താനാണ് ഓസ്ട്രേലിയ ഒരുങ്ങുന്നത്.