ഒറ്റ ഫൈനല്‍ തോല്‍ക്കാത്തവനും ഒറ്റ മത്സരം തോല്‍ക്കാത്ത ക്യാപ്റ്റനും നേര്‍ക്കുനേര്‍; ആരുടെ ചരിത്രനേട്ടം അവസാനിക്കും?
World Test Championship
ഒറ്റ ഫൈനല്‍ തോല്‍ക്കാത്തവനും ഒറ്റ മത്സരം തോല്‍ക്കാത്ത ക്യാപ്റ്റനും നേര്‍ക്കുനേര്‍; ആരുടെ ചരിത്രനേട്ടം അവസാനിക്കും?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th June 2025, 8:07 am

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ടോസ് വീഴാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. കിരീടപ്പോരാട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സാണ് വേദി.

കഴിഞ്ഞ സൈക്കിളില്‍ ഇന്ത്യയെ പരാജയപ്പെടുത്തി തങ്ങളുടെ ട്രോഫി ക്യാബിനെറ്റ് സമ്പൂര്‍ണമാക്കിയ ഓസ്‌ട്രേലിയ ആ കിരീടം ഒരിക്കല്‍ക്കൂടി കങ്കാരുക്കളുടെ മണ്ണിലേക്കെത്തിക്കാന്‍ ഒരുങ്ങുമ്പോള്‍ 1997ന് ശേഷമുള്ള ആദ്യ കിരീടമാണ് പ്രോട്ടിയാസ് ലക്ഷ്യമിടുന്നത്.

പ്ലെയിങ് ഇലവനില്‍ സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡിന്റെ സാന്നിധ്യമാണ് ഓസ്‌ട്രേലിയന്‍ ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. കളിച്ച ഒറ്റ ഫൈനല്‍ പോലും പരാജയപ്പെട്ടിട്ടില്ല എന്ന ഖ്യാതിയോടെയാണ് ‘ഹെയ്‌സല്‍ഗോഡ്’ തന്റെ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങുന്നത്.

ഇതുവരെ കളിച്ച ഏഴ് ഫൈനലിലും ഹെയ്‌സല്‍വുഡിന്റെ ടീം കിരീടമണിഞ്ഞിരുന്നു. ഈ ലക്ക് ഫാക്ടര്‍ എട്ടാം കിരീടപ്പോരാട്ടത്തിലും കങ്കാരുക്കളെ തുണയ്ക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

2012 ചാമ്പ്യന്‍സ് ലീഗ് ടി-20യില്‍ സിഡ്നി സിക്സേഴ്സിനൊപ്പമാണ് താരം കിരീടമണിഞ്ഞത്. സൗത്ത് ആഫ്രിക്കന്‍ ടീമായ ലയണ്‍സിനെതിരെ പത്ത് വിക്കറ്റിന്റെ വിജയമാണ് സിക്സേഴ്സ് സ്വന്തമാക്കിയത്. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ താരം 22 റണ്‍സ് വഴങ്ങി ക്വിന്റണ്‍ ഡി കോക്കിന്റേതടക്കം മൂന്ന് നിര്‍ണായക വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

2015 ഏകദിന ലോകകപ്പിലാണ് താരം അടുത്ത കിരീടം നേടിയത്. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ എട്ട് ഓവര്‍ പന്തെറിഞ്ഞ് 30 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്.

2020 ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സിനൊപ്പം കിരീടം ചൂടിയ താരം 2021 ടി-20 ലോകകപ്പില്‍ ഓസീസിനൊപ്പവും കപ്പടിച്ചു.

 

ഐ.പി.എല്ലില്‍ ഹെയ്സല്‍വുഡിന്റെ പേരിലെ കിരീടനേട്ടം കുറിക്കപ്പെടുന്നത് 2021ലാണ്. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി സി.എസ്.കെ തങ്ങളുടെ നാലാം കിരീടമണിയുമ്പോള്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുമായി ജോഷ് തിളങ്ങിയിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമാണ് ഹെയ്‌സല്‍വുഡ് തന്റെ അവസാന ഫൈനല്‍ മത്സരം കളിച്ചത്. ഈ പോരാട്ടത്തില്‍ വിജയിച്ച് ആര്‍.സി.ബി 18 വര്‍ഷത്തെ തങ്ങളുടെ കിരീടവരള്‍ച്ച അവസാനിപ്പിക്കുകയും ചെയ്തു.

ഈ ഭാഗ്യം ഒരിക്കല്‍ക്കൂടി തുണച്ചാല്‍ ഹെയ്‌സല്‍വുഡിന്റെ പേരില്‍ മറ്റൊരു കിരീടം കൂടി എഴുതിച്ചേര്‍ത്തപ്പെടും.

എന്നാല്‍ ഇതുപോലെ ഒരു റെക്കോഡ് നേട്ടവുമായാണ് സൗത്ത് ആഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ കിരീടം തേടിയിറങ്ങുന്നത്. താന്‍ ക്യാപ്റ്റനായ ഒറ്റ ടെസ്റ്റില്‍ പോലും സൗത്ത് ആഫ്രിക്കയെ പരാജയത്തിലേക്ക് വീഴാതെ കാത്തവനാണ് ബാവുമ.

ഒമ്പത് മത്സരത്തില്‍ ബാവുമ സൗത്ത് ആഫ്രിക്കയെ നയിച്ചു. എട്ടിലും വിജയിച്ചു, അതും തുടര്‍ച്ചയായ ഏഴ് വിജയങ്ങള്‍! ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. വിജയശതമാനം 88.88!

ക്യാപ്റ്റന്‍സിയേറ്റെടുത്ത ഒറ്റ മത്സരത്തില്‍ പോലും പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോഡ് ജൂണ്‍ 15ലും അതുപോലെ തുടരുകയാണെങ്കില്‍ ടെസ്റ്റ് മെയ്സിന് പുതിയ അവകാശികള്‍ പിറവിയെടുക്കും.

ക്രിസ്റ്റല്‍ പാലസും ടോട്ടന്‍ഹാം ഹോട്‌സ്പറും ന്യൂകാസില്‍ യുണൈറ്റഡും മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വരെ കിരീടമില്ലാത്തവര്‍ കിരീടം സ്വന്തമാക്കുന്ന സീസണാണിത്. ഈ ലക്ക് ഫാക്ടറും പ്രോട്ടിയാസിനെ തുണയ്ക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

ഓസ്ട്രേലിയന്‍ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാന്‍, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്സല്‍വുഡ്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

തെംബ ബാവുമ (ക്യാപ്റ്റന്‍), ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍, വിയാന്‍ മുള്‍ഡര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുങ്കി എന്‍ഗിഡി

 

Content Highlight: WTC 2025: SA vs AUS: Josh Hazlewood, who is unbeaten in finals, and Themba Bavuma, who is unbeaten in Test matches as captain, go head to head.