വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ടോസ് വീഴാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. കിരീടപ്പോരാട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സാണ് വേദി.
കഴിഞ്ഞ സൈക്കിളില്‍ ഇന്ത്യയെ പരാജയപ്പെടുത്തി തങ്ങളുടെ ട്രോഫി ക്യാബിനെറ്റ് സമ്പൂര്‍ണമാക്കിയ ഓസ്ട്രേലിയ ആ കിരീടം ഒരിക്കല്‍ക്കൂടി കങ്കാരുക്കളുടെ മണ്ണിലേക്കെത്തിക്കാന്‍ ഒരുങ്ങുമ്പോള്‍ 1997ന് ശേഷമുള്ള ആദ്യ കിരീടമാണ് പ്രോട്ടിയാസ് ലക്ഷ്യമിടുന്നത്.
ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സില്‍ തന്നെയാണ് ആരാധകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും 2023 ഏകദിന ലോകകപ്പും ആഷസ് കീരീടവും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും കങ്കാരുക്കള്‍ക്ക് സമ്മാനിച്ച താരം ഒരിക്കല്‍ക്കൂടി ഓസീസിനെ ടെസ്റ്റ് കിരീടം അണിയിക്കുമെന്ന് തന്നെയാണ് ആരാധകരുടെ ഉറച്ചവിശ്വാസം.
തന്റെ ക്യാപ്റ്റന്‍സി കരിയറില്‍ ഇത് മൂന്നാം ഐ.സി.സി ഫൈനലിലാണ് കമ്മിന്‍സ് ഓസ്ട്രേലിയയെ നയിക്കുന്നത്. ഇതിന് മുമ്പ് നയിച്ച രണ്ട് ഫൈനലിലും ഓസ്ട്രേലിയ കപ്പുയര്‍ത്തിയിരുന്നു.
ഏറ്റവുമധികം ഐ.സി.സി ഫൈനലുകളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍ എന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് കമ്മിന്‍സ്. ജൂണ്‍ 11ന് ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ക്യാപ്റ്റന്‍ കമ്മിന്‍സിന്റെ മൂന്നാം കിരീടപ്പോരാട്ടമാണ്.
ഏറ്റവുമധികം ഐ.സി.സി ഫൈനലുകളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍മാര്‍
(താരം – ടീം – ഫൈനല്‍ – ഫൈനലിലെ വിജയം എന്നീ ക്രമത്തില്‍)
റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 4 – 4
എം.എസ്. ധോണി – ഇന്ത്യ – 4 – 3
രോഹിത് ശര്‍മ – ഇന്ത്യ – 4 – 2
പാറ്റ് കമ്മിന്‍സ് – ഓസ്ട്രേലിയ – 3* – 2*
ക്ലൈവ് ലോയ്ഡ് – വെസ്റ്റ് ഇന്‍ഡീസ് – 3 – 2
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 3 – 1
ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 3 – 1
സൗരവ് ഗാംഗുലി – ഇന്ത്യ – 3 – 0
ഡാരന്‍ സമ്മി – വെസ്റ്റ് ഇന്‍ഡീസ് – 2 – 2
മൈക്കല്‍ ക്ലാര്‍ക് – ഓസ്ട്രേലിയ – 2 – 1
ഒയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 2 – 1
വിരാട് കോഹ്‌ലി – ഇന്ത്യ – 2 – 0
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 2 – 0
ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 2 – 0
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 2 – 0
2021-23 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് ടെസ്റ്റ് മെയ്‌സ് കൈപ്പിടിയിലൊതുക്കിയതോടെ ഐ.സി.സിയുടെ എല്ലാ കിരീടവും സ്വന്തമാക്കുന്ന ടീമായി ഓസ്ട്രേലിയയെ മാറ്റാനും കമ്മിന്‍സിന് സാധിച്ചു. അതേ വര്‍ഷം അതേ ഇന്ത്യയെ ഒരിക്കല്‍ക്കൂടി നിരാശരാക്കി ആറാം ഏകദിന ലോകകപ്പും കമ്മിന്‍സ് കൈപ്പിടിയിലൊതുക്കി.
ഇപ്പോള്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഓസീസിനെ നയിച്ച് പുതുചരിത്രമെഴുതിയിരിക്കുകയാണ് കമ്മിന്‍സ്.
തന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയ ഒരിക്കല്‍പ്പോലും കിരീടപ്പോരില്‍ തോറ്റിട്ടില്ല എന്ന ഖ്യാതിയുമായി പാറ്റ് കമ്മിന്‍സ് മൂന്നാം ഫൈനലിനിറങ്ങുമ്പോള്‍, തന്റെ ക്യാപ്റ്റന്‍സിയില്‍ സൗത്ത് ആഫ്രിക്ക ഒറ്റ മത്സരം പോലും തോറ്റിട്ടില്ല എന്ന റെക്കോഡോടെയാണ് തെംബ ബാവുമ സൗത്ത് ആഫ്രിക്കയെ ഫൈനലില്‍ നയിക്കുന്നത്.