ഇന്ത്യയില്ലാത്ത ഫൈനലില്‍ ഐ.സി.സിയുടെ വമ്പന്‍ സര്‍പ്രൈസ്; സമ്മാനത്തുക കുത്തനെ കൂട്ടി, ഇന്ത്യയ്ക്ക് ലഭിക്കുക ഇത്രമാത്രം
Sports News
ഇന്ത്യയില്ലാത്ത ഫൈനലില്‍ ഐ.സി.സിയുടെ വമ്പന്‍ സര്‍പ്രൈസ്; സമ്മാനത്തുക കുത്തനെ കൂട്ടി, ഇന്ത്യയ്ക്ക് ലഭിക്കുക ഇത്രമാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th May 2025, 9:21 am

ജൂണ്‍ 11ന് ആരംഭിക്കുന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി. കഴിഞ്ഞ തവണ ജേതാക്കള്‍ക്ക് ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലധികമാണ് ഇത്തവണ സമ്മാനിക്കുന്നത്.

3.6 മില്യണ്‍ ഡോളറാണ് ജേതാക്കള്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 2.16 മില്യണ്‍ ഡോളറും സമ്മാനമായി ലഭിക്കും. കഴിഞ്ഞ രണ്ട് സീസണിലും ജേതാക്കള്‍ക്ക് 1.6 മില്യണാണ് സമ്മാനമായി ലഭിച്ചത്.

കലാശപ്പോരാട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ നേരിടും. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ഉറപ്പായും സ്ഥാനം പിടിക്കുമെന്ന് വിശ്വസിച്ചെങ്കിലും ന്യൂസിലാന്‍ഡിനും ഓസ്‌ട്രേലിയക്കുമെതിരായ പരമ്പരകള്‍ക്ക് പിന്നാലെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കും പ്രൈസ് മണിയുണ്ട്. 1,444,000 ഡോളറാണ് ഇന്ത്യയ്ക്ക് ലഭിക്കുക. ഇന്ത്യയ്ക്ക് മാത്രമല്ല, ഒമ്പതാം സ്ഥാനത്തുള്ള പാകിസ്ഥാന് വരെ ഐ.സി.സി സമ്മാനത്തുക നല്‍കുന്നുണ്ട്.

ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-25 – പ്രൈസ് മണി

(സ്ഥാനം – ടീം – തുക (യു.എസ്. ഡോളറില്‍) എന്നീ ക്രമത്തില്‍)

ജേതാക്കള്‍ – ഓസ്‌ട്രേലിയ/സൗത്ത് ആഫ്രിക്ക – 3,600,000

റണ്ണേഴ്‌സ് അപ്പ് – ഓസ്‌ട്രേലിയ/ സൗത്ത് ആഫ്രിക്ക – 2,160,000

മൂന്നാം സ്ഥാനം – ഇന്ത്യ – 1,440,000

നാലാം സ്ഥാനം – ന്യൂസിലാന്‍ഡ് – 1,200,000

അഞ്ചാം സ്ഥാനം – ഇംഗ്ലണ്ട് – 960,000

ആറാം സ്ഥാനം – ശ്രീലങ്ക – 840,000

ഏഴാം സ്ഥാനം – ബംഗ്ലാദേശ് – 720,000

എട്ടാം സ്ഥാനം – വെസ്റ്റ് ഇന്‍ഡീസ് – 600,000

ഒമ്പതാം സ്ഥാനം – പാകിസ്ഥാന്‍ – 480,000

അതേസമയം, ഇരു ടീമുകളും ഫൈനലിനുള്ള സ്‌ക്വാഡ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പാറ്റ് കമ്മിന്‍സ് തന്നെയാണ് കങ്കാരുക്കളെ നയിക്കുന്നത്. തെംബ ബാവുമയാണ് പ്രോട്ടിയാസ് നായകന്‍.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് പ്രോട്ടിയാസ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. 12 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 100 പോയിന്റാണ് പ്രോട്ടിയാസിനുണ്ടായിരുന്നത്. 69.44 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയത്.

19 മത്സരത്തില്‍ നിന്നും 13 വിജയത്തോടെ 67.54 എന്ന പോയിന്റ് പേര്‍സെന്റേജോടെയാണ് ഓസ്ട്രേലിയ ഫൈനലിന് യോഗ്യത നേടിയത്.

ഇന്ത്യയ്ക്ക് ശേഷം തുടര്‍ച്ചയായ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്ന ടീം എന്ന റെക്കോഡിലേക്കാണ് ഓസ്ട്രേലിയ നടന്നുകയറാനൊരുങ്ങുന്നത്. എന്നാല്‍ ഇന്ത്യയ്ക്ക് നേടാന്‍ സാധിക്കാത്ത കിരീടം സ്വന്തമാക്കി ചരിത്രമെഴുതിയ കങ്കാരുക്കള്‍, ആ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന റെക്കോഡിലേക്കും കണ്ണുവെക്കുന്നുണ്ട്.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

തെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, ടോണി ഡി സോര്‍സി, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ഏയ്ഡന്‍ മര്‍ക്രം, വിയാന്‍ മുള്‍ഡര്‍, എസ്. മുത്തുസ്വാമി, ലുങ്കി എന്‍ഗിഡി, ഡെയ്ന്‍ പാറ്റേഴ്സണ്‍, കഗീസോ റബാദ, റിയാന്‍ റിക്കല്‍ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, കൈല്‍ വെരായ്നെ.

ഓസ്‌ട്രേലിയ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാറ്റ് കുന്‍മാന്‍, മാര്‍നസ് ലബുഷാന്‍, നഥാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.

ട്രാവലിങ് റിസര്‍വ്: ബ്രണ്ടന്‍ ഡോഗെറ്റ്

 

Content Highlight: WTC 2025: ICC announces prize money for World Test Championship winners