വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ കിരീടപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്ക ജയത്തിനരികിലെത്തിയിരിക്കുകയാണ്. രണ്ട് ദിവസം ശേഷിക്കെ, എട്ട് വിക്കറ്റുകള്‍ കയ്യിലിരിക്കെ 69 റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ സൗത്ത് ആഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കും.
സ്‌കോര്‍ (മൂന്നാം ദിനം അവസാനിക്കുമ്പോള്‍)
ഓസ്‌ട്രേലിയ: 212 & 207
സൗത്ത് ആഫ്രിക്ക: 138 & 213/2 (56/245) T: 282
Aiden Markram and Temba Bavuma guide South Africa to the brink of #WTC25 glory 🙌
ഇരുവരുടെയും മികച്ച പ്രകടനത്തിന് പുറമെ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ പരിക്കാണ് മൂന്നാം ദിവസം ക്രിക്കറ്റ് സര്‍ക്കിളുകളിലെ പ്രധാന ചര്‍ച്ചാ വിഷയം. പരിക്കിന് പിന്നാലെ മത്സരത്തിന്റെ അവസാന രണ്ട് ദിവസവും താരം കളത്തിലിറങ്ങാന്‍ സാധ്യതയില്ല.
സൗത്ത് ആഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സിലെ 20ാം ഓവറിലാണ് സ്മിത്തിന് പരിക്കേല്‍ക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ തെംബ ബാവുമയെ പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്മിത്തിന് പരിക്കേറ്റത്. സ്ലിപ്പില്‍ ബാവുമയുടെ ക്യാച്ച് കയ്യിലൊതുക്കാന്‍ ശ്രമിക്കുന്നതിനിടെ താരത്തിന്റെ കയ്യില്‍ പന്തടിച്ചുകൊള്ളുകയും കൈവിരല്‍ ഡിസ്‌ലൊക്കേറ്റാവുകയുമായിരുന്നു.
വേദനകൊണ്ട് പുളഞ്ഞ സ്മിത്തിനരികിലേക്ക് ഓസീസിന്റെ മെഡിക്കല്‍ ടീം ഓടിയെത്തുകയും താരത്തെ കളത്തില്‍ നിന്നും കൊണ്ടുപോവുകയുമായിരുന്നു. ശേഷം സ്‌കാനിങ്, എക്‌സ് റേ അടക്കമുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Bad news for Australia’s Steve Smith who has a compound dislocation of his right little finger.#WTC25https://t.co/odWWfEBUQX
സ്മിത്തിന്റെ വിരല്‍ ഡിസ് ലൊക്കേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ഇക്കാരണം കൊണ്ടുതന്നെ മത്സരത്തിന്റെ ശേഷിച്ച ഭാഗം താരം കളത്തിലിറങ്ങിയേക്കില്ല.
അതേസമയം, ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് സ്വന്തമാക്കിയ കങ്കാരുക്കള്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ ഒരിക്കല്‍ക്കൂടി ബാറ്റിങ്ങില്‍ പിഴച്ചു. ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ രണ്ട് താരങ്ങളുടെ മാത്രം ചെറുത്തുനില്‍പ്പിലാണ് ഓസീസ് കരകയറിയത്.
മാര്‍നസ് ലബുഷാന്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്, കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ ടോപ്പ് ഓര്‍ഡര്‍ താരങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടപ്പോള്‍ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് തുണയായത്. 136 പന്ത് നേരിട്ട സ്റ്റാര്‍ക് പുറത്താകാതെ 58 റണ്‍സ് നേടി. 50 പന്ത് നേരിട്ട് 43 റണ്‍സിന് പുറത്തായ അലക്‌സ് കാരിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ഒടുവില്‍ ടീം 207ന് പുറത്താവുകയും 282 റണ്‍സിന്റെ വിജയലക്ഷ്യം പ്രോട്ടിയാസിന് മുമ്പില്‍ വെക്കുകയും ചെയ്തു.
രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്കയ്ക്കായി കഗീസോ റബാദ നാല് വിക്കറ്റ് നേടിയപ്പോള്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും സ്വന്തമാക്കി. വിയാന്‍ മുള്‍ഡര്‍, ഏയ്ഡന്‍ മര്‍ക്രം, മാര്‍കോ യാന്‍സെന്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
282 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ റിയാന്‍ റിക്കല്‍ടണിനെ നഷ്ടമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയായായിരുന്നു താരത്തിന്റെ മടക്കം.
ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ 50 പന്തില്‍ 27 റണ്‍സുമായി വിയാന്‍ മുള്‍ഡറും പുറത്തായി. മൂന്നാം വിക്കറ്റില്‍ 143 റണ്‍സിന്റെ കൂട്ടുകെട്ടുമായി മര്‍ക്രം – ബാവുമ കൂട്ടുകെട്ട് ടീമിനെ വിജയത്തിലേക്ക് അടുപ്പിക്കുകയാണ്.
Content Highlight: WTC 2025: Final: SA vs AUS: Steve Smith injured during fielding